ഇടുക്കി: പെരിയാര്‍ കടുവാ സങ്കേതത്തിലേക്കുള്ള അരിക്കൊമ്പന്റെ യാത്ര സാമൂഹ്യമാധ്യമങ്ങളിലും നാട്ടുകാര്‍ക്കിടയിലും സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്. നാട്ടിലെ മറ്റൊരാള്‍ക്കും ഇതുവരെ ലഭിക്കാത്ത രാജകീയ സ്വീകരമാണ് മലയോര ജനത പലയിടത്തും ഒരുക്കിയത്.
നീണ്ടയാത്രത്തില് ജനവാസമേഖലയിലെല്ലാം മഴപോലും അവഗണിച്ച് നാട്ടുകാര്‍ അരിക്കൊമ്പനെ കാണാന്‍ തടിച്ച് കൂടിയിരുന്നു. ചിന്നക്കനാലില്‍ നിന്ന് ശല്യക്കാരനെന്ന് കണ്ടെത്തി മാറ്റിയ ആനയെ സൂപ്പര്‍താര പരിവേഷത്തിലാണ് പെരിയാറിന് സമീപത്തെ ജനവാസ മേഖലയായ കുമളിയിലെ ജനങ്ങള്‍ പോലും സ്വീകരിച്ചത്.
നാലു മണിക്കൂര്‍ കൊണ്ട് 99 കി.മീ. യാത്ര ചെയ്ത് ആണ് എലിഫന്റെ ആംബുലന്‍സ് രാത്രി 11 മണിയോടെ കുമളയിലെത്തിയത്. വിവിയിടങ്ങളില്‍ മഴയടക്കം ഉണ്ടായിരുന്നതിനാല്‍ 12 വാഹനങ്ങളടങ്ങുന്ന വ്യൂഹം സാവധാനമാണ് നീങ്ങിയത്. പെരിയാറിന്റെ പ്രവേശന കവാടത്തില്‍ ആനയ്ക്കായി പ്രത്യേക പൂജയും ഈ സമയം നടത്തി. വനവിഭാഗത്തിന്റെ ആചാര പ്രകാരമുള്ള പൂജയാണ് നടത്തിയത്.
പുറത്ത് നിന്ന് ഒരു മൃഗം വരുമ്പോഴാണ് ഇത്തരം പൂജ നടത്തുകയെന്ന് വനംവകുപ്പ് പറയുമ്പോഴും ഇതാദ്യമായാണ് ഇത്തരമൊരു പൂജ നടക്കുന്നതെന്നാണ് വിവരം. ഇതില്‍ തെറ്റില്ലെന്നും ഓരോ സ്ഥലത്തേയും ആചാരങ്ങള്‍ നടക്കട്ടെയെന്നും ഒരു വിഷയമാക്കി മാറ്റാന്‍ ശ്രമിക്കരുതെന്നും മന്ത്രി എ.കെ. ശശീന്ദ്രനും പ്രതികരിച്ചു. ആനയെ 12 മണിയോടെ ഉള്‍വനത്തിലേക്ക് കൊണ്ടുപോയി. ഏറെ വനവാസി കുടികളുള്ള മേഖലയാണ് പെരിയാര്‍ കടുവാ സങ്കേതം. മുല്ലപ്പെരിയാര്‍ ഡാമും പുല്ലുമടക്കം ഉള്ളതിനാല്‍ ആന ജനവാസ മേഖലയിലേക്ക് ഇറങ്ങി മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് വനംവകുപ്പ് കണക്ക് കൂട്ടുന്നത്.
വിഎച്ച്എഫ് റേഡിയോ കോളര്‍
കുമളി: അരിക്കൊമ്പനെ നിരീക്ഷിക്കാനായി വനംവകുപ്പ് കഴുത്തില്‍ സ്ഥാപിച്ചിരിക്കുന്നത് നിരവധി പ്രത്യേകതകളുള്ള റോഡിയോ കോളര്‍. അസമില്‍ നിന്ന് ഇത് കേരളത്തിലെത്തിക്കാനായി വനംവകുപ്പിന് ആഴ്ചകളുടെ പ്രയത്നവും വേണ്ടി വന്നിരുന്നു. കേന്ദ്രത്തിന്റെ അടക്കം അനുമതി തേടി എയര്‍ കാര്‍ഗോ വഴിയാണ് കൊച്ചിയില്‍ ഇത് വിമാനമിറങ്ങിയത്.
ഉപഗ്രഹ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന വിഎച്ച്എഫ് (വെരി ഹൈ ഫ്രീക്വന്‍സി) സാങ്കേതിക വിദ്യയോടെ കൂടിയ റേഡിയോ കോളറാണ് ആനയുടെ കഴുത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യയുണ്ടെങ്കില്‍ ആനയുടെ സ്ഥാനം വളരെ കൃത്യമായി നിര്‍ണയിക്കാനാകും. പെട്ടെന്ന് പൊട്ടാത്ത തുകല്‍സമാനമായ മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ച കോളറിന്റെ പ്രവര്‍ത്തന കാലാവധി 2 വര്‍ഷത്തിന് മുകളിലാണ്. വെള്ളം കയറിയാല്‍ അടക്കം നശിക്കാത്ത ട്രാന്‍സ്മിറ്റര്‍ ആണ് പ്രത്യേകത. ജിപിഎസ് സാങ്കേതിക വിദ്യയ്ക്ക് സമാനമായി പ്രവര്‍ത്തിക്കുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ ലഭിക്കുന്നതിനായി പെരിയാറില്‍ തന്നെ റിസീവിങ് സ്റ്റേഷനും സ്ഥാപിക്കും. ഇത് നിരീക്ഷിച്ചാകും ആനയുടെ ചലനം, ആരോഗ്യമടക്കമുള്ള കാര്യങ്ങള്‍ വനംവകുപ്പ് വരും ദിവസങ്ങളില്‍ വിലയിരുത്തുക.
അതിജീവനം അനായാസമെന്ന് വനംവകുപ്പ്
കുമളി: പുതിയ ആവാസ വ്യവസ്ഥയുമായി ആന പൊരുത്തപ്പെടുമെന്നാണ് വനംവകുപ്പിന്റെ കണക്ക് കൂട്ടല്‍. മുളങ്കാടുകളും പുല്‍മേടുകളും ആവശ്യത്തിന് വെള്ളവും കിട്ടുന്ന മുല്ലക്കുടിയുടെ സമൃദ്ധിയില്‍ അരിക്കൊമ്പന് അതിജീവനം അനായാസമെന്ന് വനം വകുപ്പ് വിലയിരുത്തുന്നു. അതുതന്നെയാണ് ഇവിടം തെരഞ്ഞെടുക്കാന്‍ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയെ പ്രേരിപ്പിച്ച പ്രധാന ഘടകം. മുല്ലക്കുടിക്ക് ഒന്നര കിലോമീറ്റര്‍ പിന്നിലായി ഈറ്റക്കാടുകള്‍ നിറഞ്ഞ പ്രദേശമാണ്. സമീപത്ത് തന്നെ തടാകത്തിലെ വെള്ളവും പുല്മേടുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: