കോഴിക്കോട്: പെരിയാര്‍ റിസര്‍വിന് സമീപം വച്ച് അരിക്കൊമ്പനെ പൂജ നടത്തി സ്വീകരിച്ചത് വലിയ വിവാദമാക്കേണ്ടതില്ലെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ. ഓരോ നാട്ടിലും ഓരോ രീതി ഉണ്ട്. അത് വെച്ചാണ് ഇന്നലത്തെ പൂജ നടത്തിയത്. പൂജ ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെ പ്രവേശിച്ചപ്പോഴായിരുന്നു അരിക്കൊമ്പനെ പൂജാകർമ്മങ്ങളോടെ സ്വീകരിച്ചത്. ഇത് ചർച്ചയായതോടെയാണ് വിശദീകരണവുമായി മന്ത്രി എത്തിയത്. അരിക്കൊമ്പന്റെ ആരോഗ്യ നില തൃപ്തികരമെന്നും വനംമന്ത്രി അറിയിച്ചു. ആനയെ നിരന്തരം നിരീക്ഷിക്കും. ആനയുടെ ചെറു ചലനങ്ങള്‍ പോലും നിരീക്ഷിക്കുകയാണ്. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ വേണ്ടത് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
പുതിയ അന്തരീക്ഷവുമായി അരിക്കൊമ്പന് പൊരുത്തപ്പെട്ടു എന്നാണ് ലഭിക്കുന്ന സൂചനകളെന്നും മന്ത്രി അറിയിച്ചു. ചിന്നക്കനാലില്‍ സിമന്റ് പാലത്തിന് സമീപം ഒരു കൂട്ടം ആനകള്‍ ഇറങ്ങിയത് ഏറെ ജാഗ്രതയോടെയാണ് വനം വകുപ്പ് നിരീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം അരിക്കൊമ്പനെ കൊണ്ടുപോയ പെരിയാര്‍ റിസര്‍വിന് സമീപം പൂജ നടത്തിയ സംഭവം വിവാദമാക്കേണ്ടതില്ലെന്നായിരുന്നു എ കെ ശശീന്ദ്രന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: