ഞാന്‍ ബഹുമാനിക്കത്തക്കവിധം അധ്യാപന കര്‍മം നിര്‍വഹിച്ചിരുന്നയാളാണ് ഡോ. സുജാത. സാധാരണഗതിക്ക് ഫിലോസഫി പഠിപ്പിക്കുന്നവര്‍ ഇന്ത്യന്‍ ഫിലോസഫി ശ്രദ്ധിക്കാറില്ല. ഫിലോസഫി എന്നാല്‍ പടിഞ്ഞാറെയുള്ളൂ എന്നാണ് പൊതുധാരണ. എന്റെ പരിമിതമായ അറിവില്‍ അതിന്റെയെല്ലാം ജന്മഭൂമി ഇവിടമാണ്. പക്ഷേ പലരും സമ്മതിക്കാറില്ല.
സൈക്കോളജി പഠിക്കുന്നവരും അത് മുഴുവന്‍ പടിഞ്ഞാറുള്ളവരുടെ സ്വത്താണെന്ന് കരുതാറുണ്ട്. ഇന്ത്യയ്‌ക്കകത്തും ചിലതൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇവിടെയുള്ളവര്‍ നമ്മുടെ കൃതികളൊക്കെ വായിക്കുന്നത് സായിപ്പിന്റെ ഭാഷയിലാണ്. നമ്മുടെ കൃതികള്‍ നമ്മുടെ ഭാഷയില്‍ വായിച്ചറിയാനുള്ള യോഗം നഷ്ടമായിരിക്കുന്നു. നമ്മുടെ ഭൂരിപക്ഷം കുട്ടികളും മുതിര്‍ന്നവരും ഭഗവദ്ഗീത വായിക്കുന്നത് ഇംഗ്ലീഷിലാണ്. ഉപനിഷത് വായിക്കുന്നതും ഇംഗ്ലീഷിലാണ്. അമര്‍ചിത്രകഥയിലൂടെയും മറ്റു ചെറിയ കഥകളിലൂടെയുമാണ് പുതിയ തലമുറയും പഴയ തലമുറയും ഇപ്പോള്‍ മഹാഭാരതം പോലും പഠിക്കുന്നത്. ഇത് രാജ്യത്തിന്റെ ഗതികേടാണ്. സ്വന്തം സാഹിത്യം, സ്വന്തം പൂര്‍വചരിത്രം, സ്വന്തം രാഷ്‌ട്ര ഹൃദയം എന്നിവയൊക്കെ വേറെ ആരോ പറഞ്ഞ് അറിയേണ്ട ഗതികേട്. നമ്മുടെ ജാതകം വേറെ ആരോ എഴുതിത്തരണം എന്നൊരവസ്ഥ ഇപ്പോഴും തുടരുകയാണ്.
ധൈഷണികാധികാരം പടിഞ്ഞാറിനോ?
ലോകത്ത് ഏറ്റവും കൂടുതല്‍ പദാവലികളുള്ള ഒരു ഭാഷ നമുക്ക് സ്വന്തമായിരുന്നിട്ടും അത് ഉപയോഗിക്കാന്‍ മടിക്കുന്ന ഒരു സമൂഹം. പടിഞ്ഞാറ് ദാര്‍ശനിക സമ്പത്ത് കൂടുതലുണ്ട് എന്ന വിശ്വാസത്തിലുറച്ച് സാഹിത്യത്തെയും നമ്മുടെ ദര്‍ശനങ്ങളെയും സാമൂഹിക നീതിപ്രമാണങ്ങളെയുമൊക്കെ വ്യാഖ്യാനിക്കാന്‍ പറ്റും. അതുകൊണ്ടു തന്നെ മറ്റുള്ളവര്‍ പറയുന്നത് അറിയാതെ വിശ്വസിച്ചുപോകുന്നു. ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നു പറയുന്ന നമ്മള്‍ അതുവച്ചാണ് മനുവിനെ സമീപിക്കുന്നത്. സ്വാതന്ത്ര്യം എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം നമുക്കിതുവരെ മനസ്സിലായിട്ടില്ല. അതിന് മുന്‍പുള്ള മൂന്നു വരികളെയും നാം മറക്കുന്നു. ‘ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നതിനെക്കുറിച്ച് പറയുമ്പോള്‍ ഇന്നത്തെ രീതിയിലാണ് സ്വാതന്ത്ര്യം എടുക്കുന്നത്. ‘സ്വതന്ത്രത’ എന്നതിന്റെ വിപരീതം ‘പരതന്ത്രത’ എന്നാണ്. സ്ത്രീക്ക് സ്വാതന്ത്ര്യം പാടില്ല എന്നുപറഞ്ഞാല്‍ അവളെ എപ്പോഴും കെട്ടിപ്പൊതിഞ്ഞ് വയ്‌ക്കണമെന്നല്ല. അവള്‍ അരക്ഷിതയാവരുത് എന്നാണ് ഉദ്ദേശിച്ചത്. ഇന്നും ഈ വരികളെ തന്നെയല്ലേ ഭാരതീയ നീതിപീഠം പിന്തുടരുന്നത്. പിതാ രക്ഷതി കൗമാരേ, അങ്ങനെ രക്ഷിച്ചില്ലെങ്കില്‍ കോടതി ശിക്ഷിക്കും. ഭര്‍ത്താ രക്ഷതി യൗവ്വനേ, ഭര്‍ത്താവ് രക്ഷിച്ചില്ലെങ്കില്‍ കോടതി രക്ഷിക്കാന്‍ പറയും. പിഴ ഈടാക്കും. പുത്രോ രക്ഷതി വാര്‍ദ്ധക്യേ, പുത്രനുമുണ്ട് പണി. ഞാന്‍ മനുസ്മൃതി വായിച്ചു നോക്കിയിട്ടുണ്ട്. പെണ്ണിന്റെ വീട്ടില്‍നിന്നു കൊണ്ടുവരുന്ന ഒരു പൈസപോലും തൊട്ടുപോകരുത്, കള്ളത്തരമാണ്, മോഷണമാണ്. അത് ചെയ്യുന്നത് നീചമായ കര്‍മമാണെന്ന് കൃത്യമായി മനു പറഞ്ഞുവച്ചിട്ടുണ്ട്. പക്ഷേ സായിപ്പ് ഒരു കാര്യം പറഞ്ഞു. അതേ നമുക്ക് എടുക്കാന്‍ പറ്റൂ. നമ്മുടേതായ ഒരു അര്‍ത്ഥം കൊടുക്കാനുള്ള ബോധം നമുക്കില്ലാതായി. നമ്മുടെ ധൈഷണികാധികാരം നിശ്ചയിക്കപ്പെടുന്നത് പടിഞ്ഞാറാണ്.
വിമണ്‍ എംപവര്‍മെന്റ് എന്നതിന് ‘സ്ത്രീ ശാക്തീകരണം’ എന്ന തെറ്റായ വാക്ക് ഉണ്ടാക്കിയെടുക്കാനും നമ്മള്‍ തുനിഞ്ഞു. അത് തെറ്റായ വാക്കാണ്. ഇങ്ങനെ പല ഇംഗ്ലീഷ് വാക്കുകള്‍ക്കും ക്ലേശിച്ച് മലയാളം കണ്ടെത്തുന്ന ജോലിയിലാണ് നാം ഇപ്പോള്‍. ഈ അടിമത്തത്തില്‍നിന്ന് കുടഞ്ഞുമാറാനുള്ള ഒരു പരിശ്രമമാണ് ഡോ. സുജാത ചെയ്തിരിക്കുന്നത്. സാഹിത്യ നിരൂപണം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. പടിഞ്ഞാറുള്ളതും വായിച്ചു നോക്കിയിട്ടുണ്ട്. പൊരുത്തം തോന്നിയിട്ടില്ല. ആധുനികത തട്ടിപ്പാണെന്ന് ആദ്യമേ തോന്നിയിരുന്നു. മുകുന്ദന്റെ നോവല്‍ വായിക്കുമ്പോഴും, അതിന് തൊട്ടുമുന്‍പുമൊക്കെ അങ്ങനെ തോന്നിയിട്ടുണ്ട്. നമ്മുടെ പ്രധാന പ്രശ്നം പടിഞ്ഞാറന്‍ വിമര്‍ശന ശൈലിക്ക് വിധേയരായി എന്നതാണ്. നമുക്ക് തനതായിട്ടുണ്ടായിരുന്ന വിമര്‍ശന ശൈലികളെ പൂര്‍ണമായി ഗ്രഹിക്കാതെ അതിന്റെ ചങ്ങലകളിലകപ്പെട്ട് നമ്മള്‍ പഴഞ്ചന്മാരായി മുദ്രകുത്തപ്പെട്ടു. ഒരു സാഹിത്യകൃതിയെടുക്കുമ്പോള്‍ അത് കൃത്യമായി വിശകലനം ചെയ്യില്ല. സാമ്പ്രദായികമായി പറഞ്ഞുവച്ചിരിക്കുന്ന അലങ്കാരം, വൃത്തം എന്നൊക്കെ പറയും. അതുകൊണ്ട് തീര്‍ന്നു സാഹിത്യ ആസ്വാദനം. അതാണ് നമുക്ക് സംഭവിച്ചിട്ടുള്ള കുഴപ്പവും. മഹാഭാരതം, രാമായണം തുടങ്ങിയ കൃതികള്‍ വായിക്കുമ്പോഴും ഇതുതന്നെ സ്ഥിതി. അതുകൊണ്ട് അന്തരംഗങ്ങളിലേക്ക് പോകാന്‍ നമുക്ക് സാധിച്ചില്ല. അതിന് വേറെയും കാരണങ്ങളുണ്ടായെന്ന് എനിക്ക് തോന്നുന്നു.
ദിഗംബരന്റെ കല്‍പ്പനാവൈഭവം
സാഹിത്യത്തിന്റെ ആസ്വാദന പ്രക്രിയയെ സംബന്ധിച്ച ശരിയായ ബോധമില്ലാതെ നമുക്ക് വഴിയടഞ്ഞുപോയി. അകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല. നമ്മുടെ സാഹിത്യശൈലി എന്താണെന്ന് പൂര്‍ണമായി ഗ്രഹിക്കാന്‍ സാധിച്ചിട്ടില്ല. ഒരു ഉദാഹരണം പറയാം. ശിവന്‍ എന്നൊരു ദൈവം നമുക്കുണ്ട്. അദ്ദേഹത്തെ പരമശക്തനായ ദൈവമായി നമ്മള്‍ സ്ഥാപിച്ചു. ശിവന്‍ എന്ന രൂപത്തിന് ഒരുപാട് കഥകള്‍ കല്‍പ്പിച്ചുകൊടുത്തു. ഗംഗ തലയില്‍ ധരിച്ചതിനൊരു കഥ. ആനത്തോലുടത്തതിന് വേറൊരു കഥ. അതിന്റെ പിന്നിലുള്ള തത്വത്തെ നമ്മള്‍ അന്വേഷിച്ചില്ല. ശിവന്‍ എന്തെന്ന തത്വം അന്വേഷിക്കാന്‍ പോയില്ല. ശിവലിംഗം എന്നതിനെ ഇംഗ്ലീഷുകാര്‍ ‘ുവമഹഹൗ’െഎന്നു പറഞ്ഞു. നമ്മള്‍ അത് വിശ്വസിച്ചു. ലിംഗം എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം അറിയാന്‍ നാം തുനിഞ്ഞില്ല. അത് മൂര്‍ത്തി എന്നൊന്നിനെ സൂചിപ്പിക്കാനാണെന്ന കാര്യം വിട്ടുപോയി. അഴകിയ ചൊക്കലിംഗം എന്ന ഒരു തമിഴ് പ്രൊഫസറുണ്ടായിരുന്നു. ചൊക്കലിംഗം എന്നതിന്റെ അര്‍ത്ഥം കുട്ടിക്കാലത്ത് എനിക്കറിയില്ലായിരുന്നു. ചൊക്കന്‍ എന്നു പറഞ്ഞാല്‍ സുന്ദരന്‍ എന്നാണര്‍ത്ഥം. ആ സുന്ദരന്റെ കാണ്ഡമാണ് സുന്ദരകാണ്ഡം. ചൊക്കലിംഗം എന്നതിന്റെ അര്‍ത്ഥം സുന്ദരമൂര്‍ത്തിയെന്നാണ്. സുന്ദരമൂര്‍ത്തിയെന്നു പറയുന്നത് ശിവനാണ്. പുതിയ കാലത്തെ അര്‍ത്ഥമെടുത്ത് സാക്ഷാല്‍ ശിവനെ മറക്കാനുള്ള പ്രേരണ നമുക്കുണ്ടാക്കി.
സ്വന്തം വാക്കിന്റെ അര്‍ത്ഥം നേരെ ഗ്രഹിക്കാന്‍ നമുക്ക് കഴിയാതായി. ശിവന്‍ എന്നത് കാവ്യാത്മകമായ ബിംബകല്‍പ്പനയാണ്. അതിന്റെ രൂപം കാളിദാസന്‍ ശാകുന്തളത്തില്‍ പ്രഥമ ശ്ലോകത്തില്‍ അവതരിപ്പിക്കുന്നു. ആ വൃത്ത ശ്ലോകത്തില്‍ എട്ടുമൂര്‍ത്തികളായി ശിവന്‍ എന്ന വിശ്വനടനെ അവതരിപ്പിക്കുകയാണ്. നാടകത്തിന്റെ തുടക്കത്തില്‍ അഷ്ടമൂര്‍ത്തിയായ ശിവനെ അവതരിപ്പിക്കുകയാണ്. ആ അഷ്ടമൂര്‍ത്തിയിലിരിക്കുന്നത് ഈ പ്രപഞ്ചശക്തികള്‍ മുഴുവനാണ്. ഇവരെ മുഴുവന്‍ ചേര്‍ത്തിട്ടാണ് ശിവന്‍ എന്നു കല്‍പ്പിച്ചത്. അപ്പോള്‍ ഗംഗ ആകാശഗംഗയായി. ഗംഗയെ ഒരു സ്ത്രീയായി കല്‍പ്പിച്ച് ഗംഗയും പാര്‍വ്വതിയും അടിപിടികൂടുന്ന കഥയൊക്കെ നമ്മള്‍ വേറെയുണ്ടാക്കിയിട്ടുണ്ട്. ആ കഥയില്‍ മുഴുകിയപ്പോള്‍ നമ്മള്‍ സാക്ഷാല്‍ ആകാശഗംഗയെ മറന്നു. ദിഗംബരന്‍ എന്നു പറഞ്ഞപ്പോള്‍ ഒന്നും ഉടുക്കാത്തവനെന്ന് സങ്കല്‍പ്പിച്ചു. അതിന്റെ അകത്തോട്ടു പോകാന്‍ പിന്നീട് ഇരുണ്ടുപോയ മനസ്സിന് കെല്‍പ്പുണ്ടായില്ല. ആ കെല്‍പ്പില്ലായ്മ നമ്മുടെ സാഹിത്യരൂപങ്ങളെയും കഥാഗതികളെയുമൊക്കെ മനസ്സിലാക്കുന്നതില്‍നിന്ന് നമ്മളെ തടസ്സപ്പെടുത്തി.
ദിഗംബരന്‍ എന്ന് ശിവനെ പറഞ്ഞതെന്തുകൊണ്ട്? ശരിക്ക് പറഞ്ഞാല്‍ അഷ്ടദിക് ഗജങ്ങള്‍ എന്ന ഗജങ്ങളുടെ ചര്‍മമാണ് ശിവന്റെ വസ്ത്രം. വേഷ്ടനം അല്ലെങ്കില്‍ വേഷ്ടി ദിഗ്ഗജങ്ങളുടെ ചര്‍മമാണ്. എട്ട് ദിക്കുകളുടെ ചര്‍മമാണ്. എത്ര പോയാലും അവസാനിക്കാത്ത ദിക്ക്. എന്തൊരു കല്‍പ്പനയാണ്! എത്ര പോയാലും അവസാനിക്കാത്ത ദിക്ക് അതിര്‍ത്തിയായിട്ടുള്ള ശിവന്‍ എന്നതാണ് സങ്കല്‍പ്പം. അത് പൗരാണിക തമിഴ് കൃതിയായ തിരുമൂലം പറയുന്ന ശിവനടനത്തിന്റെ അവസ്ഥകളിലേക്ക് നമ്മളെ കൊണ്ടുപോകും. ഇത് ഗ്രഹിക്കാന്‍ സാധിക്കാത്തതുകൊണ്ട് നമ്മുടെ സാഹിത്യത്തെ ശരിയായി വ്യാഖ്യാനിക്കാന്‍ കഴിയാതെ, അവിടെവിടെ തൊട്ട് കഥപറഞ്ഞ പാശ്ചാത്യരുടെ വ്യാഖ്യാനങ്ങള്‍ നമുക്ക് ആശ്രയിക്കേണ്ടി വന്നു.
രസാനുഭവം ബ്രഹ്മാനന്ദം
ഒ.വി. വിജയന്റെ ഗുരുസാഗരത്തെക്കുറിച്ച് ഡോ. സുജാത പറഞ്ഞിരിക്കുന്നത് എനിക്ക് വളരെ ഇഷ്ടമായി. അസ്ഥിത്വവാദത്തിന്റെ ഉറവിടം ഭാരതഭൂമിയാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. അസ്തിത്വവാദത്തിന്റെ അവസ്ഥ എങ്ങനെയാണ് ഒ.വി.വിജയന്റെ ഗുരുസാഗരം എന്ന നോവലില്‍ കൊണ്ടുവന്നതെന്ന് വളരെ ആര്‍ജ്ജവത്തോടെ ടീച്ചര്‍ പറഞ്ഞിരിക്കുന്നു. വളച്ചുകെട്ടില്ലാതെയാണ് എഴുതിയിരിക്കുന്നത്. പുസ്തകം മുഴുവന്‍ ഞാന്‍ വായിച്ചു. ‘പൗരാണിക അമൂര്‍ത്ത സങ്കല്‍പ്പങ്ങളും ഭൗതിക യാഥാര്‍ത്ഥ്യങ്ങളും’ ശ്രദ്ധിക്കപ്പെടേണ്ടതാണ്.
നമുക്ക് തോന്നിയതൊക്കെ ചെയ്യാനാണെങ്കില്‍ കലയുടെ ആവശ്യമില്ല. പുസ്തകത്തിലെ കാന്തിരസവും അലൗകികവും, കലയും സന്മാര്‍ഗ്ഗവും എന്നീ അധ്യായങ്ങള്‍ ഇതിനെക്കുറിച്ചാണ്. ശരിയായ കല തത്വബോധത്തിലേക്കുതന്നെയാണ് കൊണ്ടെത്തിക്കേണ്ടത്. അതാണ് കലാരസം. പരമരസത്തിലേക്ക് ചെന്നില്ലെങ്കില്‍ കലയില്‍ രസം അലൗകികമാവില്ല. കലയിലെ എല്ലാ രസവും അലൗകികം തന്നെയാവുന്നതുകൊണ്ടാണ് അതിനെ ‘ബ്രഹ്മാനന്ദസഹോദരം’ എന്നുപറഞ്ഞിരുന്നത്. ബ്രഹ്മാനന്ദഭൂതി എങ്ങനെ കിട്ടുന്നുവോ അതുപോലെ സമ്പൂര്‍ണമായ ആത്മവിസ്മൃതി വരികയും പരമരസത്തില്‍ അലിയുകയും ചെയ്യുക എന്നാണര്‍ത്ഥം. ആ പരമരസമാണ് പൂര്‍ണത വരുന്ന രസാനുഭവം. ആനന്ദം അല്‍പ്പമല്ല. പൂര്‍ണതയാണ് സുഖം. ആ പൂര്‍ണതയില്‍ എത്തുന്ന സമാനമായ അനുഭവമാണ് കലയില്‍ സംഭവിക്കേണ്ടത്. സമാനമായ അനുഭവം ഉണ്ടാകുമ്പോള്‍ എന്റെയുള്ളിലെ മാലിന്യങ്ങള്‍ പരമാവധി അകന്നുപോവുകയും, പ്രപഞ്ചത്തിന്റെ സത്തയായ ജ്ഞാനത്തോട് എന്റെ മനസ്സ് ഏകീഭാവം കൊള്ളുകയും ചെയ്യുന്ന അവസ്ഥ വരും. അങ്ങനെയാണ് എന്നെ ഞാന്‍ ശുദ്ധീകരിക്കുന്നത്. വികാര വിരേചനം എന്നൊന്നുണ്ടല്ലൊ. അതിനുമപ്പുറം പരമാത്മശുദ്ധീകരണം എന്നൊരു അവസ്ഥ ഉണ്ടാകുന്നു.
യഥാര്‍ത്ഥ സൈക്കോളജി എന്തെന്ന് പടിഞ്ഞാറിനെ ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള ബാധ്യത നമുക്കുണ്ട്. രസം എന്നുപറഞ്ഞാല്‍ നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നതല്ല. ഒരുത്തന്‍ വഴിയില്‍ ഒരു പെണ്‍കുട്ടിയെ ചുംബിക്കുന്നു. അത് രസമാണോ? അത് രസമല്ല. അത് ഭാവമാണ്. അത് അവന്റെ താല്‍ക്കാലികമായ ആനന്ദമാണ്. ഇതേ രംഗം ഒരു കലാരൂപത്തില്‍-നാടകത്തിലോ ചിത്രത്തിലോ ശില്‍പ്പത്തിലോ-ആവിഷ്‌കരിക്കുമ്പോള്‍ സംന്യാസിയായാലും മറ്റൊരാളാണെങ്കിലും അത് കാണുമ്പോള്‍ രസം അനുഭവിക്കും. ശൃംഗാരം എന്ന രസമാണ് അവിടെ അനുഭവിക്കുന്നത്.
റോഡ് വക്കത്തൊരു അമ്മൂമ്മ കാറുകേറി മരിച്ചു കിടക്കുന്നു. അത് നമ്മള്‍ ആസ്വദിക്കില്ല. ആ കാഴ്ച നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നു. ചിലര്‍ അത് കണ്ടാലും മിണ്ടാതെ പോകും. സാധാരണ ഒരു മനുഷ്യനാണെങ്കില്‍ അത് കണ്ട് നിലവിളിക്കുകയും, സഹായത്തിന് വിളിക്കുകയും ചെയ്യും. പക്ഷേ അതേ രംഗം ഒരു നാടകത്തിന്റെ വേദിയില്‍ അവതരിപ്പിച്ചു കണ്ടാല്‍ നമ്മള്‍ കയ്യടിക്കും. അങ്ങനെ അവതരിപ്പിക്കുമ്പോള്‍ നമുക്ക് അതിന്റെ രസമാണ് കിട്ടുന്നത്. നേരിട്ടുള്ള അനുഭവമല്ല. നേരിട്ടുള്ള അനുഭവം ഒരിക്കലും രസമാവില്ല. ഈ രസം അനുഭവിക്കുന്നതുകൊണ്ടാണ് ഒഥല്ലോയില്‍ ഡെസ്ഡിമോണയെ കഴുത്തില്‍ ഞെക്കിക്കൊല്ലുന്ന രംഗം വരുമ്പോള്‍ നമ്മള്‍ കയ്യടിക്കുന്നത്. ഒരു കൊലപാതകം നടക്കുമ്പോള്‍ നമ്മള്‍ കയ്യടിക്കില്ല. സ്റ്റേജിലാകുമ്പോള്‍ നമ്മള്‍ കയ്യടിച്ചിരിക്കും. അത് ആനന്ദിക്കും. ആ രസം ആനന്ദമാണ്. എല്ലാ രസവും ഒടുവില്‍ മധുരമാകുന്നതുപോലെ അദൈ്വയമായ ഒന്നില്‍നിന്ന്, ഒരു ഭാവത്തില്‍നിന്ന് പൂര്‍ണതയില്‍നിന്ന് പല നിറങ്ങളായി, പല തലങ്ങളായി, പല രുചികളായി, പല മണങ്ങളായി താഴോട്ട് താഴോട്ട് ഇറങ്ങിവരുന്നു ജീവിതത്തിന്റെ ഭിന്നഭിന്നമായ ഭാവങ്ങള്‍. ആ ഭാവങ്ങളെ നമ്മള്‍ അറിയുകയും എന്തില്‍നിന്ന് വന്നുവോ ആ ഒന്നിലേക്ക് നമ്മുടെ മനസ്സ് ചെന്നെത്തുകയും ചെയ്യും. പരമമായ ഒന്നാണ് രസം. അവിടെ പലതില്ല. രസത്തിന് ഒരു ഭാവമേ ഉള്ളൂ. ആ ഏകമായ അനുഭവമാണ് ബ്രഹ്മാനന്ദം. ഇതാണ് ഭാരതീയമായ മനഃശാസ്ത്രത്തിന്റെ പ്രത്യേകത.
ധര്‍മകാവ്യങ്ങള്‍ ഉണ്ടാവുന്നത്
ഏതു മനസ്സിലും എല്ലാ ഭാവങ്ങളും ഉണ്ടെങ്കിലും ചിലത് മാത്രം ഉണരുകയും, ചില സന്ദര്‍ഭങ്ങളില്‍ മറ്റെല്ലാം മറന്ന് പരമമായ ഒന്നിലേക്ക് മാത്രം ലയിക്കുകയും ചെയ്യുക. അതുതന്നെയാണ് ബ്രഹ്മം എന്നു പറയുന്നത്. ബ്രഹ്മം എന്ന വാക്കില്‍നിന്നാണ് ബ്രാഹ്മണന്‍ ഉണ്ടായത്. പിന്നീട് അതിനെ ഒരു ജാതിയാക്കി നമ്മള്‍ തിരിച്ചു. ബ്രഹ്മം എന്നു പറയുന്നത് ജ്ഞാനം തന്നെയാണ്. പരമമായ ജ്ഞാനമാണ് ബ്രഹ്മം. ഇങ്ങനെ താണുതാണു പോയ നമ്മുടെ ആദ്യകാല സാഹിത്യ രസവിചാരങ്ങളെ സമൂഹവുമായി ബന്ധപ്പെടുത്താതെ മാറ്റിനിര്‍ത്തിയതുകൊണ്ടാണ് പില്‍ക്കാലത്ത് പുറത്തുനിന്ന് വന്നവര്‍ നമ്മളെ കൂടുതല്‍ സ്വാധീനിക്കുന്നതായി തോന്നിയത്. അവരുടെതായ വിശകലനങ്ങള്‍ നമുക്ക് രസമായി. നമ്മുടേതായ സാഹിത്യകൃതികളെ നമ്മുടെതായ രീതിയില്‍ വ്യാഖ്യാനിക്കാനും അവതരിപ്പിക്കാനുമുള്ള ശേഷി നമുക്ക് നഷ്ടപ്പെടുകയും ചെയ്തു. കുമാരനാശാന്‍ പ്രരോദനത്തിന്റെ ആമുഖത്തില്‍ കാവ്യം സംഭവപ്രദാനമല്ല, രസപ്രദാനമാണ് എന്നുപറയുന്നുണ്ട്. ഇതുതന്നെയാണ് അഭിനവ ഗുപ്തന്‍ പറഞ്ഞിരിക്കുന്നത്. പല പല ഭാവങ്ങളെ ആവിഷ്‌കരിക്കും. പല കഥാപാത്രങ്ങളെ ആവിഷ്‌കരിക്കും. അവയില്‍നിന്ന് ആന്ത്യന്തികമായി കിട്ടുന്ന ശരിയായ രസത്തില്‍നിന്നാണ് നമുക്ക് ശരിയായ ബോധം ഉദിക്കുന്നത്. അതിനെയാണ് ധര്‍മം എന്നു പറയുന്നത്. ആ ധാര്‍മികത എന്നൊന്ന് തരാനല്ലെങ്കില്‍ ഒരു കൃതി കലാകൃതിയാവില്ല. ഈ ധാര്‍മികത എന്നുപറയുന്നതാണ് കല നല്‍കുന്ന ഏറ്റവും വലിയ സാന്മാര്‍ഗികത.
പ്രപഞ്ചധര്‍മവുമായി യോജിക്കുന്ന രീതിയില്‍ മനസ്സിനെ പരിവര്‍ത്തനപ്പെടുത്തുക. ഏതുവിധത്തിലുള്ള സംഘര്‍ഷാനുഭവങ്ങള്‍ക്കുശേഷവും ആ അവസ്ഥ ഉണ്ടാക്കുമെങ്കില്‍ ആ കല വിജയിക്കും. ലോകസാഹിത്യം മുഴുവന്‍ നോക്കിയാലും ഇതുതന്നെ സംഭവിക്കുന്നു. കാലുഷ്യവും കലാബോധവും മാത്രമുണ്ടാക്കുന്ന കല വാസ്തവത്തില്‍ ദ്രോഹമാണ്. അത് നല്ല കലയല്ല. എന്തുകൊണ്ട് എന്നു ചോദിച്ചാല്‍, പ്രപഞ്ചത്തിന്റെ ധര്‍മം എന്നു പറയുന്നതാണ് പൊ
തുവായ നീതി. അതിനെയാണ് ഋതം എന്നു പറയുന്നത്. പൊതുവായ ധര്‍മം ആ പ്രപഞ്ചധര്‍മത്തെ അനുസരിക്കുക എന്നതാണ്. ഏറ്റവും നല്ല കലാകാരന്‍ ചെയ്യേണ്ടതും അതാണ്. ഒരു നല്ല കലാകാരന്‍ പ്രപഞ്ച ധര്‍മത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് നമ്മുടെ പ്രധാനപ്പെട്ട കാവ്യങ്ങളെല്ലാം ധര്‍മകാവ്യങ്ങളായത്.
ഡോ. സുജാത തന്റെ പുസ്തകം വളരെ ലളിതവും നേരിട്ടുള്ള ഭാഷയിലുമാണ് എഴുതിയിട്ടുള്ളത്. പ്രകടനപരത ഇല്ല. കുറച്ചുകൂടി വിശദീകണം ആകാമായിരുന്നു. ആധുനിക നോവലുകള്‍ മുതല്‍ എഴുത്തച്ഛന്‍ വരെയുള്ളവരുടെ കൃതികളെയും മഹാഭാരതത്തെയും സ്പര്‍ശിച്ചിരിക്കുന്നു. ഇതെല്ലാം നിരീക്ഷിക്കാന്‍ കുറഞ്ഞ സമയംകൊണ്ട് സാധിച്ചത് പ്രശംസനീയം. ഇത്തരത്തിലുള്ള ചിന്തകള്‍ കൂടുതല്‍ ഉന്മിഷത്താക്കി കരുത്തുള്ളതാക്കി മാറ്റാന്‍ കാലം ടീച്ചറെ സഹായിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.(തിരുവനന്തപുരത്ത് ഡോ. വി. സുജാതയുടെ ‘സാഹിത്യ സംസ്കൃതി’ എന്ന പുസ്തക പ്രകാശനം ചെയ്ത് നടത്തിയ പ്രസംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക