സാഹിത്യചര്‍ച്ചകള്‍ക്കുള്ള ചെറിയൊരു കൂട്ടായ്മ എന്ന നിലയില്‍ നാല്പത്തിയേഴ് വര്‍ഷം മുമ്പ് തപസ്യയുടെ പൂര്‍വ്വരൂപം ഉടലെടുക്കുന്നത് കോഴിക്കോട് തളി സാമൂതിരി സ്കൂളിലെ ഒരു ക്ലാസ് മുറിയിലായിരുന്നു. ആ കൂട്ടായ്മയില്‍ തിക്കോടിയനുള്പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖരായ സാംസ്കാരിക പ്രവര്‍ത്തകരുണ്ടായിരുന്നു. പിന്നീട് തപസ്യ കലാസാഹിത്യ വേദി എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോഴും അതിന്റെ പല യോഗങ്ങളും നടന്നത് കളിക്കുളത്തിന്റെ പടവുകളിലും മറ്റുമായിരുന്നു എന്ന് തപസ്യയുടെ പൂര്‍വ്വസൂരികള്‍ അനുസ്മരിക്കുന്നത് കേട്ടിട്ടുണ്ട്.
എപ്പോഴാണ് തപസ്യക്ക് വാടകക്കെട്ടിടത്തിലെങ്കിലും ഒരു ഓഫീസ് ഉണ്ടായതെന്ന് കൃത്യമായി അറിയില്ല. എന്റെ ഓര്‍മ്മയില്‍, എണ്‍പതുകളുടെ രണ്ടാംപാദത്തില്‍, കോഴിക്കോട് മിഠായിത്തെരുവിലെ പെസഫിക് സ്റ്റോറിന്റെ മുകളലത്തെ ഒരു മുറിയായിരുന്നു തപസ്യയുടെ കേന്ദ്ര കാര്യാലയം. സംസ്കൃതീഭവന്‍ എന്നായിരുന്നു അതിന്റെ പേര്. പിന്നീട് ഈ സംസ്കൃതീഭവന്‍ ആനിഹാള്‍ റോഡിലെ ഒരു ബില്‍ഡിംഗിലേക്ക് മാറി. വര്‍ഷങ്ങളോളം അവിടെയായിരുന്നു ഓഫീസ്. ഒടുവില്‍ തളിയിലെ തന്നെ ഒരു പുതിയ കെട്ടിടത്തിന്റെ മൂന്നാംനിലയിലായി. ഇതെല്ലാം വാടകമുറികളായിരുന്നു. ഇപ്പോഴിതാ തപസ്യ സ്വന്തമായ ഒരു ആസ്ഥാനമന്ദിരത്തിലേക്ക് ചേക്കേറിയിരിക്കുന്നു.
കഴിഞ്ഞദിവസം പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമനാണ് കാര്യാലയം ഉദ്ഘാടനം ചെയ്തത്. ജന്മംകൊണ്ട തളിയില്‍ നിന്ന് അധികം അകലെയല്ലാതെ ചാലപ്പുറത്ത് കേസരി ഭവനിലെ അഞ്ചാംനിലയിലാണ് പുതിയ സ്വന്തം ഓഫീസ്. ചെറിയൊരു ഹാളും ഓഫീസ് മുറിയും ഉള്‍പ്പെടുന്ന ഈ ആസ്ഥാനം തപസ്യയുടെ മുഴുവന്‍ പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും വര്‍ഷങ്ങളായുള്ള ആഗ്രഹത്തിന്റെ സാഫല്യമാണ്. രണ്ട് വര്‍ഷം കഴിഞ്ഞ് അമ്പതാം വയസ്സിലേക്ക് കടക്കാന്‍ പോകുമ്പോഴാണ് തപസ്യക്ക് സ്വന്തമായി ഒരു ഓഫീസ് മന്ദിരമുണ്ടാകുന്നത്.
തപസ്യയെ അറിയുന്നവര്‍ക്കൊന്നും അതില്‍ അത്ഭുതമില്ല. കാരണം, സാംസ്കാരികമായ ഇടപെടലിന്റെയും കലാസാഹിത്യ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ സക്രിയവും ഊര്‍ജസ്വലവുമായിരുന്നു എങ്കിലും സാമ്പത്തികമായ ദാരിദ്ര്യം തപസ്യയുടെ കൂടപ്പിറപ്പായിരുന്നു. ഈ ദാരിദ്ര്യമായിരിക്കാം ഒരു പക്ഷെ തപസ്യയുടെ കരുത്തെന്ന് കേന്ദ്രകാര്യാലയം ഉദ്ഘാടനവേളയില്‍ വച്ച് പറഞ്ഞത് തപസ്യയെ ഏറെക്കാലം നയിച്ച ആര്. സഞ്ജയനാണ്.
തപസ്യയുടെ ആദ്യത്തെ പ്രസിഡന്റും ഇപ്പോള്‍ രക്ഷാധികാരിയുമായ പി. ബാലകൃഷ്ണന് ഉള്‍പ്പെടെ തപസ്യയുടെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന പലരും പുതിയ തലമുറയിലെ പ്രവര്‍ത്തകര്‍ക്കൊപ്പം ഒത്തുചേര്‍ന്നു എന്നതാണ് ഏപ്രില്‍ 21ന് നടന്ന ഉദ്ഘാടനച്ചടങ്ങിന്റെ മഹത്വം.
കല നമ്മെ സംസ്കാര സമ്പന്നരാക്കും
തപസ്യയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് കല എങ്ങനെ മനുഷ്യനെയും നാടിനെയും നന്മയുള്ളതാക്കിമാറ്റുമെന്ന് വ്യക്തമാക്കുന്നതായിരുന്നു കാനായിയുടെ ഉദ്ഘാടനപ്രസംഗം. എല്ലാ മനുഷ്യനും കലാകാരനാണെന്നും കലയെ പ്രോത്സാഹിപ്പിച്ചാലേ മനുഷ്യന് സംസ്കാരസമ്പന്നനാകൂ എന്നും കാനായി പറഞ്ഞു. പുതിയതലമുറയെ നിസ്വാര്‍ത്ഥമായ കലാസേവനത്തിലേക്ക് നയിക്കാന്‍ തപസ്യക്ക് സാധിക്കണം. ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെട്ട കേരളം ഇന്ന് രാക്ഷസന്മാരാല് നിറഞ്ഞിരിക്കുകയാണ്. ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളുടെ സാഹചര്യം മനസ്സിലാക്കിയാല്‍ ഇന്നത്തെ കേരളത്തിന്റെ ശൂന്യത തിരിച്ചറിയാനാവും. വിദ്യാഭ്യാസം അക്ഷരജ്ഞാനം മാത്രമായി ചുരുങ്ങിയിരിക്കുന്നു. കലാകാരന്മാര് സമൂഹത്തിനുവേണ്ടി ഒന്നും ചെയ്യാതെ അവരവരിലേക്ക് മാത്രമായി ചുരുങ്ങി. രാഷ്ട്രീയക്കാരെ വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു. അവര്‍ക്ക് നാടിനെയല്ല, അവരുടെ വീടിനെ രക്ഷിക്കാനാണ് താത്പര്യം. ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന ജനതയായി കേരളം മാറി. കലാകാരന്മാര്ക്ക് ഇവിടെ ഒരു ആദരവുമില്ല. സിനിമാക്കാര്‍ക്ക് മാത്രമാണ് മാര്‍ക്കറ്റെന്നും അദ്ദേഹം പറഞ്ഞു.
അഭാരതീയതയില് നിന്ന് കേരളത്തെ മോചിപ്പിക്കണം
ഭാരതീയ കലാവീക്ഷണത്തെ ഉയര്‍ത്തിപ്പിടിക്കുക എന്ന വെല്ലുവിളി നിറഞ്ഞ സാംസ്കാരിക പ്രവര്‍ത്തനമാണ് തപസ്യ ഏറ്റെടുത്തിട്ടുള്ളതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് പറഞ്ഞു. പ്രതിലോമചിന്തയിലകപ്പെട്ട കേരളത്തെ തിരിച്ചുപിടിക്കുകയെന്ന ദൗത്യമാണ് തപസ്യക്കുള്ളത്. തപസ്യ ഒരു രണ്ടാംഘട്ട മുന്നേറ്റത്തിന്റെ പാതയിലാണ്. അഭാരതീയമായ പ്രവണതകളുടെ പിടിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കണമെന്നും സഞ്ജയന് പറഞ്ഞു.
ശതാഭിഷിക്തരായ പ്രശസ്ത നിരൂപകന് പ്രൊഫ. കെ.പി. ശങ്കരന്, സംഗീതജ്ഞന് ഹരിപ്പാട് കെ.പി.എന്‍. പിള്ള എന്നിവരെ തപസ്യ രക്ഷാധികാരി പി. ബാലകൃഷ്ണ്‍, സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് എന്നിവര്‍ ആദരിച്ചു. പുഷ്പ തിക്കോടിയന്, ശത്രുഘ്നന്‍, പി.ആര്. നാഥന്, പി.പി. ശ്രീധരനുണ്ണി, കെ. ലക്ഷ്മീനാരായണന്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്, അനൂപ് കുന്നത്ത്, സി.സി. സുരേഷ്, വത്സന് നെല്ലിക്കോട് എന്നിവര്‍ സംസാരിച്ചു.
ഉച്ചഭക്ഷണത്തിന് ശേഷം പ്രശസ്ത നര്ത്തകന് ഡോ. മധുസൂദനന് ഭരതാഞ്ജലി അവതരിപ്പിച്ച നവരസരാമായണം, ഘൂമര് ഗുജറാത്തി നൃത്തം, മേധാമാധവിയുടെ തുള്ളല്‍പദ കച്ചേരി, തപസ്യയുടെ സിറ്റി, കടലുണ്ടി, ഫറോക്ക് യൂണിറ്റുകളിലെ അംഗങ്ങള്‍ അവതരിപ്പിച്ച സംഗീതാര്‍ച്ചന തുടങ്ങിയ കലാവതരണങ്ങളുമുണ്ടായി. തപസ്യയുടെ ആദ്യകാല സെക്രട്ടറിയും തപസ്യ മുഖമാസികയായ വാര്‍ത്തികത്തിന്റെ പത്രാധിപരുമായിരുന്ന പ്രൊഫ. കെ.പി. ശശിധരനാണ് സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: