ജെ.പി.നദ്ദ
ബിജെപി ദേശീയ അധ്യക്ഷന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടി ‘മന്‍ കി ബാത്ത്’ നൂറ് എപ്പിസോഡ് തികയ്‌ക്കുന്നുവെന്നതു രാജ്യത്തിനു നിര്‍ണായക നാഴികക്കല്ലാണ്. 2014 ഒക്ടോബര്‍ മൂന്നിനാരംഭിച്ച് എല്ലാ മാസത്തേയും അവസാന ഞായറാഴ്ച പകല്‍ 11നു പ്രക്ഷേപണം ചെയ്യുന്ന ഈ പരിപാടി ഇന്നു ‘രാജ്യത്തിന്റെ ടോക് ഷോ’ ആയി മാറിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ചിന്താഗതി, കാഴ്ചപ്പാട്, വിവേകം വിളിച്ചറിയിക്കുന്ന വാക്കുകള്‍ എന്നിവ ഇന്നു രാജ്യത്തെ ഓരോ പൗരന്റേയും ആഗ്രഹവും പ്രതീക്ഷയും അവയുടെ പ്രതീകവുമാണ്.
ഈ പരിപാടിയുടെ വര്‍ധിക്കുന്ന ജനപ്രീതിക്കു ഞാനും സാക്ഷിയാണ്. സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവരും വളരെ ആകാംക്ഷയോടെയാണു വീടുകളിലും ജംഗ്ഷനുകളിലും കടകളിലുമെല്ലാമുള്ള റേഡിയോ സെറ്റുകള്‍ക്കു മുന്നിലിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കുന്നത്. രാജ്യത്തെക്കുറിച്ചു പ്രധാനമന്ത്രി യഥാര്‍ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പറയുന്ന വാക്കുകള്‍ അവര്‍ക്കു പ്രചോദനമാണ്. വാഴ്‌ത്തപ്പെടാത്തവരുടെ ജീവിതവിജയത്തിന്റെ കഥ പ്രധാനമന്ത്രിയില്‍ നിന്ന് അറിയുമ്പോള്‍ അവര്‍ അതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് രാഷ്‌ട്രനിര്‍മാണത്തിനു തങ്ങളാല്‍ കഴിയുന്ന പങ്കുവഹിക്കുന്നു.
കഴിഞ്ഞ ഒമ്പതു വര്‍ഷക്കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി സാധാരണക്കാര്‍ രാഷ്‌ട്രനിര്‍മാണത്തില്‍ മഹത്തായ പങ്കുവഹിച്ചതിനെക്കുറിച്ചു രാജ്യത്തെ ജനങ്ങളുമായി സംസാരിച്ചു. നമ്മുടെ പരിസ്ഥിതി, കല, സംസ്‌കാരം, പാരമ്പര്യം എന്നിവയുടെ സംരക്ഷണത്തിനായി പോരാടുന്ന നിരവധിപേരുടെ ജീവിതകഥ അദ്ദേഹം പങ്കുവച്ചു. സാമൂഹ്യമുന്നേറ്റം, നിരാലംബരെ സഹായിക്കല്‍, കായിക ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, ശാസ്ത്രീയ മനോഭാവം, സാഹിത്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പ്രോത്സാഹനം, നാമാവശേഷമാകുന്ന നമ്മുടെ കുടില്‍ വ്യവസായങ്ങളുടെയും സവിശേഷ കലാരൂപങ്ങളുടെയും പുനരുജ്ജീവനം, സാമൂഹിക ഐക്യം, ദേശീയോദ്ഗ്രഥനം എന്നിവയ്‌ക്കായി നിലകൊള്ളുന്ന നിരവധിപേരെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു.
ഈ ഡിജിറ്റല്‍ യുഗത്തില്‍ റേഡിയോ പോലുള്ള മാധ്യമത്തെ ഉപയോഗിച്ച് എങ്ങനെയാണു രാജ്യത്തെ ഒരുമിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതിന്റെ തെളിവാണു ‘മന്‍ കീ ബാത്ത്’ പരിപാടി. ഏതെങ്കിലും തരത്തിലുള്ള രാഷ്‌ട്രീയ സന്ദേശമോ ഇടപെടലോ ഇല്ലാതെ എങ്ങനെയാണു ഗവണ്മെന്റ് സംവിധാനങ്ങളും ജനങ്ങളും തമ്മില്‍ ബന്ധപ്പെടുക എന്നതിന്റെ ഉത്തമോദാഹരണം കൂടിയാണു ‘മന്‍ കീ ബാത്ത്’. രാഷ്‌ട്രീയത്തെ മാറ്റിനിര്‍ത്തി നമ്മുടെ രാജ്യത്തിന്റെ ശക്തിയും രാജ്യത്തെ പൗരന്‍മാരുടെ കഴിവും തിരിച്ചറിയുകയെന്ന ലക്ഷ്യമാണു പരിപാടിക്കുള്ളത്. ആശയവിനിമയത്തിലൂടെ എങ്ങനെയാണു രാജ്യത്തെ ഒരുമിച്ചു നിര്‍ത്തി രാഷ്‌ട്രനിര്‍മാണം കൂടുതല്‍ കെട്ടുറപ്പുള്ളതാക്കി മാറ്റുന്നതെന്നു ലോകത്തിനു മുന്നില്‍ കാണിച്ചുകൊടുക്കുന്ന ആശയം കൂടിയാണു ‘മന്‍ കീ ബാത്ത്’.
രാജാ റാം മോഹന്‍ റോയ്, മഹാത്മാഗാന്ധി, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, ജ്യോതിബ ഫുലെ, ബാബാസാഹെബ് ഭീം റാവു അംബേദ്കര്‍, ജയ് പ്രകാശ് നാരായണ്‍ തുടങ്ങിയ മഹാന്‍മാരായ നേതാക്കളെയും സാമൂഹ്യപരിഷ്‌കര്‍ത്താക്കളെയും വായിച്ചതും കേട്ടതും എന്റെ നീണ്ട രാഷ്‌ട്രീയ ജീവിതത്തില്‍ പ്രചോദനം സൃഷ്ടിച്ചിട്ടുണ്ട്. ഈ മഹാരഥന്‍മാരുടെ വാക്കുകളെ ഉള്‍ക്കൊണ്ട് എങ്ങനെയാണു നാം സാമൂഹികമായി മുന്നേറിയതെന്നു നമുക്കേവര്‍ക്കും അറിയാം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയുംഅടിച്ചമര്‍ത്തപ്പെട്ടവരേയും തങ്ങളുടെ ശബ്ദത്താല്‍ അവര്‍ മുന്നോട്ടു നയിച്ചു.
പൗരന്മാരെ പ്രചോദിപ്പിക്കുകയും ഒരുമിപ്പിച്ചു നിര്‍ത്തുകയും ചെയ്തു രാജ്യത്തെ മുന്നോട്ടു നയിക്കുന്ന നേതാവിനെ ആധുനിക ഇന്ത്യയ്‌ക്കു കാണാന്‍ കഴിയുമോയെന്നു ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നു. വളരെ നീണ്ട കാലമായി ഞാന്‍ നരേന്ദ്ര മോദിയുമായി സഹകരിക്കുന്നു. അദ്ദേഹത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. വളരെയധികം കഴിവുള്ള മനുഷ്യനായാണു ഞാന്‍ അദ്ദേഹത്തെ കാണുന്നത്. സാമൂഹ്യപരിഷ്‌കര്‍ത്താവ്, രക്ഷാകര്‍ത്താവ്, അധ്യാപകന്‍, കണിശക്കാരനായ ഭരണാധികാരി, ഇച്ഛാശക്തിയുള്ള വ്യക്തി, ലോകത്തെതന്നെ പ്രചോദിപ്പിക്കാന്‍ കഴിവുള്ള വ്യക്തി, രാജ്യത്തെ വേഗത്തില്‍ വളര്‍ച്ചയിലേക്കും വികസനത്തിലേക്കും നയിക്കാന്‍ കഴിവുള്ള ‘പ്രധാന സേവകന്‍’ എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വമെന്ന നിലയിലാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നത്.
ഇക്കാരണത്താലൊക്കെയാണു ‘മന്‍ കീ ബാത്ത്’ എന്ന പരിപാടിയിലൂടെ ജനങ്ങളുമായി അദ്ദേഹം സംവദിക്കുമ്പോള്‍ അതിനു ജനങ്ങള്‍ക്കിടയില്‍ വലിയ ഫലമുണ്ടാക്കാന്‍ കഴിയുന്നത്. ശ്രമകരമായ ദൗത്യങ്ങളായ കൊവിഡിനെതിരായ പോരാട്ടം, പ്രതിരോധകുത്തിവയ്പു യജ്ഞം തുടങ്ങിയവയുടെ മികച്ച പ്രവര്‍ത്തനത്തിന് എപ്രകാരമാണു പ്രധാനമന്ത്രി ‘മന്‍ കീ ബാത്തി’നെ ഉപയോഗപ്പെടുത്തിയതെന്നു നാം കണ്ടതാണ്. ഇതിനു പുറമേ ജലസംരക്ഷണം, പരിസ്ഥിതി സംരക്ഷണം, യോഗ, ആരോഗ്യ മേഖല, തദ്ദേശീയ കളിപ്പാട്ട വ്യവസായം, ശുചിത്വം തുടങ്ങിയവയുടെ പ്രചാരണത്തിനായും അദ്ദേഹം വളരെ മികച്ച രീതിയില്‍ പരിപാടിയെ ഉപയോഗപ്പെടുത്തി.
ജനങ്ങളുമായി സംസാരിക്കാന്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ തന്നെയാണു ‘മന്‍ കീ ബാത്തി’നെ വ്യത്യസ്തമാക്കുന്നത്. പ്രകൃതിദത്തകൃഷി, ഫിറ്റ് ഇന്ത്യ പ്രസ്ഥാനം, ഖേലോ ഇന്ത്യ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, ഹര്‍ ഘര്‍ തിരംഗ, സ്റ്റാര്‍ട്ട് അപ്പ് പ്രസ്ഥാനം, സ്വയംസഹായ സംഘങ്ങളുടെയും സഹകരണ പ്രസ്ഥാനത്തിന്റെയും വളര്‍ച്ച, ആരോഗ്യ-പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റം തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ട ചിലതുമാത്രം. ഒരിക്കലും ഏകപക്ഷീയമായ പ്രസംഗമല്ല ‘മന്‍ കീ ബാത്ത്’. പരിപാടിയില്‍ പ്രധാനമന്ത്രി പങ്കുവയ്‌ക്കുന്ന പല ആശയങ്ങളും ജനങ്ങളില്‍നിന്നു വരുന്നതാണ്. പൗരന്റെ കാഴ്ചപ്പാടാണു രാജ്യത്തിന്റെ വളര്‍ച്ചയേയും ഒപ്പം ജനാധിപത്യത്തേയും ശക്തിപ്പെടുത്തുന്നത്.
സമ്പന്നമായ നമ്മുടെ സാംസ്‌കാരിക വൈവിധ്യങ്ങളെക്കുറിച്ചു രാജ്യത്തെ ജനങ്ങളോടു വിശദമായി സംസാരിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. കശ്മീര്‍മുതല്‍ കന്യാകുമാരിവരെയും കച്ച്മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍വരെയുമുള്ള പ്രദേശങ്ങളിലെ ഏറെ പഴക്കമുള്ള സംസ്‌കാരത്തെ ‘മന്‍ കീ ബാത്തി’ലൂടെ രാജ്യത്തെ പൗരന്‍മാര്‍ക്ക് അദ്ദേഹം പരിചയപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടാടുന്ന ആഘോഷങ്ങളെക്കുറിച്ചും ഉത്സവങ്ങളെക്കുറിച്ചും സംസാരിച്ചു. നിരവധി പൗരന്‍മാരുടേയും പ്രവാസികളുടേയും പ്രചോദനാത്മകമായ വിജയകഥകളും അദ്ദേഹം പങ്കിട്ടു. ഇന്ത്യയില്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലും ‘മന്‍ കീ ബാത്ത്’ വന്‍ വിജയമാണ്. 11 വിദേശ ഭാഷകളില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്ന പരിപാടി ഇന്നു ലോകം മുഴുവന്‍ ഇഷ്ടപ്പെടുന്ന ഒന്നായി മാറി.
രാജ്യത്തിനകത്തു മാത്രമല്ല, പുറത്തുപോലും പ്രധാനമന്ത്രിയുടെ വര്‍ധിച്ചുവരുന്ന സ്വീകാര്യതയും, മറ്റുള്ളവര്‍ക്ക് അദ്ദേഹത്തോടുള്ള ആദരവും പ്രതിപക്ഷ കക്ഷികളെ അസ്വസ്ഥരാക്കുന്നു. ‘മന്‍ കീ ബാത്ത്’ എന്ന പരിപാടി പ്രധാനമന്ത്രിക്കു ജനങ്ങളുമായുള്ള അടുപ്പം വര്‍ധിപ്പിക്കുകയാണു ചെയ്തത്. രാഷ്‌ട്രീയമില്ലാതെ ഇന്ത്യയുടെ ശക്തിയെ സ്പര്‍ശിക്കുകയും പൗരന്‍മാരെ ഒരുമിച്ചു നിര്‍ത്തുകയും ചെയ്യുന്ന പരിപാടി സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ക്കു കാരണമാകുന്നു. ഇതാണു വസ്തുതയെന്നിരിക്കെയും അതിനെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നതു കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷത്തിന്റെ ഇടുങ്ങിയ രാഷ്‌ട്രീയ ചിന്താഗതിയെയാണു സൂചിപ്പിക്കുന്നത്.
‘മന്‍ കീ ബാത്തി’ന്റെ ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയെപ്പറ്റി റോഹ്തക്കിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് നടത്തിയ സര്‍വേ പറയുന്നതനുസരിച്ച് ഇതുവരെ 100 കോടി പേര്‍ ‘മന്‍ കീ ബാത്തി’ന്റെ ഭാഗമായി. ഇതില്‍ 60 ശതമാനം ശ്രോതാക്കളും രാഷ്‌ട്രനിര്‍മാണത്തില്‍ പങ്കാളികളായി സ്വയം മുന്നോട്ടു വന്നു. ശരാശരി 23 കോടി പേര്‍ ഓരോ എപ്പിസോഡും കേള്‍ക്കുന്നുവെന്നതു പരിപാടിയുടെ വിജയത്തെ സൂചിപ്പിക്കുന്നു.
സമൂഹത്തില്‍ ശുഭകരമായ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണു ‘മന്‍ കീ ബാത്തി’ന്റെ ഏറ്റവും വലിയ സംഭാവന. ഈ പരിപാടി കേള്‍ക്കുമ്പോള്‍ കുടുംബത്തിലെ മുതിര്‍ന്ന വ്യക്തി നിങ്ങള്‍ക്കു ശരിയായ വഴി കാട്ടുന്നുവെന്നും മെച്ചപ്പെട്ട ഭാവിയിലേക്കു നിങ്ങളെ നയിക്കുന്നു എന്നുമുള്ള തോന്നലാണുണ്ടാകുന്നത്. ഇന്ത്യയുടെ രൂപാന്തരത്തിലേക്കു നയിക്കുന്ന വലിയ ശക്തിയായി വരുംനാളുകളില്‍ ഈ പരിപാടി മാറുമെന്ന് എനിക്കുറപ്പാണ്. നമുക്ക് ഒരുമിച്ച് ഈ നൂറാം എപ്പിസോഡ് ആഘോഷമാക്കാം. അതോടൊപ്പം പ്രധാനമന്ത്രി കാണിച്ചുതരുന്ന വഴിയിലൂടെ രാഷ്‌ട്രസേവനത്തിനു സ്വയം സമര്‍പ്പിക്കാമെന്ന പ്രതിജ്ഞയുമെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: