സി. സുരേന്ദ്രന്
മലയാളകവിതയില്‍ തന്റെതായ കാവ്യശൈലി രൂപപ്പെടുത്തി 40 വര്‍ഷമായി കവിതയുടെ ചെറിയ വലിയ വഴികളിലൂടെ നടന്നുപോവുകയാണ് സ്വന്തം ദേശനാമം തൂലികാ നാമമായി സ്വീകരിച്ച മണി കെ.ചെന്താപ്പൂര്. കുഞ്ഞുണ്ണിക്കവിതകള്‍ പോലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സില്‍ മണിക്കവിതകളും ഇടം നേടിക്കഴിഞ്ഞു. ജീവിതസമീപനം കൊണ്ടും വേറിട്ട ചിന്തകൊണ്ടും വളരെ വ്യത്യസ്തനായ ഈ കവിയുടെ ജീവിതവും കവിതയും തമ്മില്‍ വലിയ അന്തരമില്ല. പുസ്തകമെഴുതി ജീവിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് അദ്ദേഹം. വാക്കുകളിലെ സത്യസന്ധതതയാണ് എഴുത്തുകാരനെ സ്വീകാര്യനാക്കുന്നതെന്നു വിശ്വസിക്കുന്ന ചെന്താപ്പൂരിന്റെ എല്ലാരചനകളിലും സത്യസന്ധതയുടെ നിറവ് കാണാം.
പഴമൊഴികളുടെ താളങ്ങള്‍ സ്വീകരിച്ചു കൊണ്ടും അവയെ നവീകരിച്ചുകൊണ്ടും അവ പുതുമൊഴികളായി സൗരഭം പരത്തുന്നു. രാഷ്ട്രീയം, ഭക്തി, സദാചാരം തുടങ്ങിയ എല്ലാംതന്നെ ഒരു ദാക്ഷണ്യവുമില്ലാതെ വിമര്‍ശനവിധേയമാക്കുന്നു. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വ്യക്തമാക്കുന്ന ഒരു കവിത നോക്കുക.
‘കേരളീയര്‍ കുറഞ്ഞ കേരളം /കാളിയന്‍മ്മാരുടെ കോവളം. ‘വിഷജന്തുക്കള്‍ കേരളത്തെ വിനോദ കേന്ദ്രമാക്കുകയാണ്. തട്ടിപ്പും വെട്ടിപ്പും കൊള്ളയും കൊലയും സ്ത്രീ പീഡനവുമൊക്ക ഈ വരികളില്‍ വായിച്ചെടുക്കാം. പുരോഹിതന്മാരെക്കുറിച്ചു എഴുതുമ്പോഴും യാഥാര്‍ത്ഥ്യം പ്രതിഫലിക്കുന്നു. ‘മതം പണ്ഡിതന്‍മ്മാര്‍ക്ക് മതബോധമില്ല /ഒരു ബോധമേയുള്ളു പാണ്ടി ബോധം.’ കപട ഭക്തരേയും നിരവധി കവിതകളിലൂടെ കളിയാക്കുന്നുണ്ട്. യഥാര്‍ത്ഥ ദൈവം തന്നില്‍ തന്നെ കുടിയിരിക്കുന്നത് കാണാനാകാതെ ദൈവത്തെ അന്വേഷിക്കുന്നവനെയും ആള് ദൈവങ്ങളെയും വെറുതെ വിടുന്നില്ല.
പണ്ടും ദൈവത്തെ ഉണ്ടാക്കി /ഇന്നും ദൈവത്തെയുണ്ടാക്കുന്നു /എല്ലാം ഉരുളയ്ക്കുണ്ടാക്കുന്നു എന്ന് കുറിക്കുന്ന കവി ഒരു പുതുമൊഴി രേഖപ്പെടുത്തുകയും ചെയ്യുന്നു. ‘തന്നെ കണ്ടാല്‍ ദൈവത്തെ കണ്ടു.’ മനുഷ്യന്റെയും സമൂഹത്തിന്റെയും നന്മയ്ക്കു വേണ്ടത് എന്തെന്ന് മറ്റൊരു കവിതയിലൂടെ ഓര്‍മ്മപ്പെടുത്തുന്നത് ശ്രദ്ധേയമാണ്.’നീ എന്റെ ഈശ്വരനാകുക /ഞാന്‍ നിന്റെ ഈശ്വരനാകുക /നാമെല്ലാം ഈശ്വരന്മാരായാല്‍ /സുന്ദരം ഈ ലോകമൊരമ്പലം. ‘ആധുനിക ജീവിതത്തിന്റെ ചിറകിലേറി ജീവിത ധര്‍മ്മങ്ങള്‍ വിസ്മരിക്കുന്ന പരിഷ്കാരികളായ മമ്മിമാരിലൂടെ വ്യക്തമാക്കുന്നത് മാറുന്ന ജീവിതത്തിന്റെ ജീര് ണതയാണ്. ‘കുഞ്ഞുങ്ങളെല്ലാം കുപ്പിപ്പാല് കുടിക്കുംപോള്‍ /മുല തന്നെ മുല കുടിക്കുന്നു ദൈവമേ..’ രാഷ്ട്രീയ വിഷയങ്ങള്‍ സ്വീകരിക്കുമ്പോഴാണ് വിമര്‍ശനം കൂടുതല്‍ കരുത്താര്‍ജിക്കുന്നത്.
‘ദേഹസ്നേഹമെന്നുണ്ടായ് /ദേശസ്നേഹമന്നു പോയ്.’ തുടങ്ങിയ ഒട്ടനവധി വരികളിലൂടെ സമകാലിക രാഷ്ട്രീയത്തെ വിചാരണ ചെയ്യുന്നു. ഇതുപോലെ ഒറ്റ വായനയില്‍ തന്നെ ഹൃദയത്തില്‍ പതിയുന്ന ചിരിയും ചിന്തയും ഒളിപ്പിച്ചാണ് ചെന്താപ്പൂരിന്റെ മണിക്കവിതകള്‍. കുഞ്ഞുണ്ണി തെളിച്ച വഴിയില്‍ നിന്നുള്ള മറ്റൊരു കൈവഴിയാണിത്. എന്തും എങ്ങനെയും പറയുകയല്ല, അവ കാവ്യഘടന സൂക്ഷിക്കുകയും എഴുതുന്നുന്നതില്‍ എന്തെങ്കിലും ഉണ്ടാകണമെന്ന ഉദ്ദേശത്തെ മുറുകെ പിടിക്കുന്നതും കാണാം. ‘മാവേലിക്കൊരു സ്മാരകം /പലവ്യഞ്ജന സ്മാരകം /അരി തൂക്കുന്നു വാമനന്.’ ‘ശുദ്ധിയഞ്ച് /അഞ്ചുമില്ലാത്തവന്‍ നഞ്ച്.’ ”പെണ്ണ് നിന്നിടം /കണ്ണീര് വീണിടം” ഇത്തരത്തിലുള്ള കവിതകള്‍ സാമൂഹിക പാഠങ്ങളും, സാമൂഹ്യ ബോധമുള്ള എഴുത്തുകാരന്റ ഉത്കണ്ഠകളും പങ്കുവയ്ക്കലാണ്. പുതിയ മുനയുള്ള ചൊല്ലുകളായി അവ വായനക്കാരന്റെ ഉള്ളില്‍ ഇടം നേടുകയും ചെയ്യുന്നു.
കവിതയുടെ മേഖലയില്‍ മാത്രമല്ല കുട്ടികള്‍ക്കുള്ള രചനകളുടെ ആവിഷ്ക്കാരങ്ങളും ശ്രദ്ധേയമാണ്. കുട്ടികളെയും മുതിര്‍ന്നവരെയും അത് രസിപ്പിക്കുന്നു. കുട്ടിക്കവിതകളുടെ വലിയ ശേഖരം തന്നെയുണ്ട്. 200നേഴ്സറിപ്പാട്ടുകളാണ് അടുത്ത കാലത്ത് പുറത്തിറക്കിയത്. 500 നേഴ്സറിപ്പാട്ടുകള്‍ കുട്ടികള്‍ക്ക് സമ്മാനിക്കാനാണ് ശ്രമം.
ചില ശിശുകവിതകള്‍ നോക്കുക. കാച്ചി വച്ച പപ്പടം /പമ്മി വന്ന പൂച്ച /കടിച്ച കണ്ട് പാച്ചി /ചൂല് വച്ച് കാച്ചി. (പൂച്ചയും പാച്ചിയും) ‘എലിയുടെ വീട്ടില്‍ പണ്ട് /പൂച്ച വിരുന്നിനു പോയി /തിരികെ പോരും നേരം /എലിയേ തൂക്കി പോന്നു. (വിരുന്ന്) ‘ഉണ്ണും മുന്‍പേ അര വയറ് /ഉണ്ടെഴുനേറ്റാല്‍ കുടവയറ്. (കുടവയറ്) ‘പൂച്ച വന്നിരുന്നു /വായ് തുറന്നിരുന്നു /ഈച്ച വന്നു വീണു /പൂച്ച വായടച്ചു /പൂച്ച വായിലീച്ച /ഈച്ച വായിലൊച്ച’. (ഈച്ചയും പൂച്ചയും) ‘രസാത്മകതയും ഗുണപാഠങ്ങളും തുളുമ്പുന്നവയാണ് അവ ഓരോന്നും.
‘ഒറ്റ മോഹമേ എനിക്കുള്ളൂ /ഒറ്റ മോഹമില്ലാതിരിക്കണം’ എന്ന പ്രാര്‍ഥനാ നിരതമായ മനസോടെ യാത്ര ചെയ്യുന്ന ഈ കവിയുടെ ജീവിതം വാക്കുകളോടും ചിന്തകളോടും നീതി പുലര്‍ത്തുന്നതാണ്. പുരോഗമന ആശയങ്ങളോട് താല്‍പ്പര്യം പുലര്‍ത്തുമ്പോഴും പാരമ്പര്യങ്ങളോടും അതിന്റെ നന്മകളിലും കവി നീതി പുലര്‍ത്തുകയും ചെയ്യുന്നു. ഒരു കക്ഷിയുടെയും ഭാഗമാകാതെ സ്വതന്ത്രനായിരിക്കണമെന്ന പക്ഷക്കാരനാണ് ചെന്താപ്പൂര്. എഴുത്തുകാരന് സ്വാതന്ത്രനായിരിക്കണമെന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റേത്. ഈ സ്വാതന്ത്ര്യമാണ് 47 വര്‍ഷമായി സാഹിത്യ അക്കാഡമി നല്കി വന്ന കൊട്ടാരം വക ശ്രീപദ്മനാഭസ്വാമി ബാലസാഹിത്യ പുരസ്കാരം അക്കാദമി വേണ്ടന്നു വച്ചപ്പോള്‍ അത് ഏറ്റെടുത്തു നല്കുവാനുള്ള കരുത്തു പകര്‍ന്നത്.
ചെന്താപ്പൂരിന്റേതായി രണ്ട് ചെറുകഥാ സമാഹാരവുമുണ്ട്. ജീവിതത്തില്‍ മനുഷ്യന് അനുഭവിക്കുന്ന സങ്കീര്‍ണതകളാണ് കഥകളുടെ പൊതുസ്വഭാവം. ‘നഷ്ട്ടപ്പെടുന്ന എന്തോ ഒന്ന്’ എന്ന പുസ്തകത്തിലെ ‘മൂര്‍ഖന്‍’ എന്ന കഥ അടുത്ത കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ടു. പാമ്പിനെക്കൊണ്ട് കൊത്തിച്ച് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവം പതിനാലു വര്‍ഷം മുന്‍പ് കഥയായി എഴുതുകയുണ്ടായി. എഴുത്തില്‍ തന്റേതായ നിലപാടുകള്‍ സൂക്ഷിച്ചു, വാക്കുകള്‍ അളന്നും തൂക്കിയും ഈ എഴുത്തുകാരന് ഉപയോഗിക്കുന്നു. കഥയും കവിതകളും നോവലും ബാലസാഹിത്യവുമൊക്കെയായി മുപ്പതോളം പുസ്തകങ്ങള്‍ പ്രസിദ്ധികരിച്ചു. ഹിന്ദിയിലും, ഇംഗ്ലീഷിലും മൊഴിമാറ്റം നടത്തിയ മലയാളത്തില്‍ ഏഴു പതിപ്പുകള്‍ പ്രസിദ്ധീകരിച്ച കൊച്ചുണ്ണി എന്ന ബാലനോവലും, വേറിട്ട ചിന്തകളുടെസമാഹാരമായ ‘കാലം വിചാരം ജീവിതം’ എന്ന ലേഖനസമാഹാരവും, പെണ്ണൊഴിഞ്ഞ വീട് എന്ന കവിതാ സമാഹാരവും ഏറെ ശ്രദ്ധേയമാണ്. ഒറ്റയാന്റെ വഴി, നാട്യശാലയിലെ തീ, അയാള്‍ ചോദിക്കുന്നത്, പ്രണയ കാലത്തിന്റെ ഓര്‍മ്മയ്ക്ക്, കിങ്ങിണി പൂച്ച, ഉണ്ണിക്കുട്ടന്റെ സ്വപ്നം, മണിക്കവിതകള്‍ തുടങ്ങിയവ പുസ്തകങ്ങളില്‍ ചിലത്. എഴുത്തും സജീവമായ സാംസ്കാരിക പ്രവര്‍ത്തനങ്ങളുമായി ഈ കവി ജീവിതത്തെ അര്‍ത്ഥവത്താക്കുന്നു. ഗാന്ധിയന്‍ ചിന്തകളോട് ആഭിമുഖ്യമുള്ളതിനാല്‍ ലളിതമായ ജീവിതം.
മഹാകവി പാലാ പുരസ്കാരം, വിവേകാനന്ദ പ്രതിഭാ പുരസ്കാരം, അരുവിപ്പുറം സ്മാരക പുരസ്കാരം, ബാലസാഹിത്യ അക്കാഡമി സമ്മാനം, കാര്‍ട്ടൂണിസ്റ്റ് പ്രൊഫസര്‍ ജി.സോമനാഥന് സ്മാരക ബാലസാഹിത്യ പുരസ്കാരം തുടങ്ങി നിരവധി പുരസ്്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 20 വര്‍ഷം മുടങ്ങാതെ ഗ്രാമം ലിറ്റില്‍ മാഗസിക പുറത്തിറക്കി. ധാരാളം എഴുത്തുകാര്‍ക്കുള്ള കളരിയായിരുന്നു അത്. നിരന്തരമായ സാഹിത്യ പ്രവര്‍ത്തനത്തിലൂടെ കൊല്ലം ജില്ലയിലെ ചെന്താപ്പൂര് എന്ന ഗ്രാമത്തെയാണ് ഈ കവി സാംസ്കാരിക ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: