അംബികാദേവി കൊട്ടേക്കാട്ട്
തൃശ്ശിവപ്പേരൂര്‍ നഗരമദ്ധ്യത്തിലാണ് പെരുന്തച്ചന്റെ ശില്പവൈദഗ്ധ്യം പ്രത്യക്ഷമാക്കുന്ന പ്രൗഢഗംഭീരമായ വടക്കുംനാഥക്ഷേത്രമുള്ളത്. ചുറ്റിലും 64 ഏക്കറിലുള്ള തേക്കിന്‍കാടു മൈതാനം ക്ഷേത്രത്തിന് അപൂര്‍വ്വചാരുതയേകുന്നു.
ലോകപ്രശസ്തമായ, പൂരങ്ങളുടെ പൂരമെന്ന് ഖ്യാതികേട്ട തൃശ്ശൂര്‍ പൂരം വടക്കുംനാഥക്ഷേത്രത്തിലും തേക്കിന്‍കാട് മൈതാനത്തിലുമായിട്ടാണ് അരങ്ങേറുന്നത്. തൃശൂര്‍ പൂരം മേടമാസത്തിലെ പൂരം നാളിലാണ് ആഘോഷിക്കുന്നത്. അര്‍ദ്ധരാത്രിക്ക് ഉത്രം വരുന്നതിന്റെ തലേന്നാള്‍.
ആദ്യ കാലത്ത് കേരളത്തിലുണ്ടായിരുന്ന ഒരു പൂരം ആറാട്ടു പുഴ പൂരമായിരുന്നു. 108 ആനകള്‍ വരെ പങ്കെടുത്തിരുന്ന പൂരമായിരുന്നു ഇത്. ആറാട്ടുപുഴ പൂരത്തില്‍ പങ്കാളിത്തമുണ്ടായിരുന്ന ഘടകക്ഷേത്രങ്ങള്‍ പലതും കാലപ്രയാണത്തിനിടെ നീക്കം ചെയ്യുകയുണ്ടായി.
ആറാട്ടുപുഴ പൂരം പാവനമായ ദേവസംഗമമായാണ് ഭക്തര്‍ കണക്കാക്കുന്നത്. 1796ല്‍ പ്രകൃതിക്ഷോഭത്താലുണ്ടായ കൊടുങ്കാറ്റും പേമാരിയും നാശം വിതച്ചു നിന്നപ്പോള്‍ ആനകളെ നടത്തിക്കൊണ്ടു പോകാന്‍ ആറാട്ടുപുഴ പൂരത്തിലെ എട്ടു ഘടകപൂരങ്ങള്‍ക്കു കഴിയാതെ വന്നു.
പൂരത്തിന് എത്തിച്ചേരാതിരുന്ന ലാലൂര്‍ ഭഗവതിക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനിക്ഷേത്രം, നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പനമുക്ക് പള്ളിയില്‍ ശാസ്താ ക്ഷേത്രം, ചൂരക്കോട്ട് ഭഗവതി ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍ക്ക് പൂരം സംഘാടകര്‍ ഭ്രഷ്ടു കല്പ്പിച്ചു.
വിവരമറിഞ്ഞ ശക്തന് തമ്പുരാന് ഇവരുടെ സങ്കടത്തിനു പരിഹാരമായി മേടത്തിലെ പൂരംനാളില്‍ മറ്റൊരു പൂരത്തിന് തിരികൊളുത്തി. അതാണ് വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരമായത്.
രണ്ടുനൂറ്റാണ്ടിലേറെ പാരമ്പര്യവും പഴക്കവുമായി ഇന്ന് ഈ പൂരം, പൂരങ്ങളുടെ പൂരമായി അറിയപ്പെടുന്നു. ആഘോഷങ്ങള്‍ കൊണ്ടും ആരെയും മോഹിപ്പിക്കുന്ന മാസ്മരസൗന്ദര്യമാണ് തൃശൂര്‍ പൂരത്തിനുള്ളത്.
തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളാണ് തൃശൂര്‍ പൂരത്തിന് നായകസ്ഥാനം അലങ്കരിക്കുന്നത്. ആറാട്ടുപുഴയില്‍ നിന്നും ഭ്രഷ്ടാക്കിയ എട്ടു ക്ഷേത്രങ്ങളേയും തമ്പുരാന് കോവിലകത്തേക്ക് ക്ഷണിച്ചു. ഇവയെ നാലു ക്ഷേത്രങ്ങള്‍ വീതം കിഴക്ക്,പടിഞ്ഞാറ് എന്നിങ്ങനെ തിരിച്ച് തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളുടെ സംഘത്തിലാക്കി. പടിഞ്ഞാറ് സംഘത്തിന്റെ നേതൃത്വം തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും കിഴക്ക് സംഘത്തിന്റെ നേതൃത്വം പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിനുമാണ്. പടിഞ്ഞാറെ സംഘത്തില്‍ ലാലൂര്‍, കണിമംഗലം, അയ്യന്തോള്‍, നെയ്തലക്കാവ് ക്ഷേത്രങ്ങളും കിഴക്കേ സംഘത്തില്‍ ചെമ്പൂക്കാവ്, പനമുക്ക് പള്ളിയില്‍, ചൂരക്കോട്ട്, പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഈ രണ്ടു സംഘങ്ങളേയും തമ്പുരാന് വടക്കുന്നാഥക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയും മഹാദേവസന്നിധിയില്‍ പൂരം ആഘോഷിക്കണമെന്ന് നിഷ്ക്കര്‍ഷിക്കുകയും ചെയ്തു.
ആറാട്ടുപുഴയിലെ പൂരം ഒരു ദിവസമാണെങ്കില്‍ തൃശൂര്‍ പൂരം ഏഴു ദിവസമായിട്ടാണ് ആഘോഷിക്കുന്നത്. പൂരത്തിന് ഏഴു ദിവസം മുന്‍പ് എല്ലാ ഘടകക്ഷേത്രങ്ങളിലും കൊടികയറുന്നു. കൊടി കയറിയശേഷം ചെറിയ വെടിക്കെട്ട് നടത്തുന്നു. നഗരം ഉത്സവലഹരിയിലമരുന്നു.
തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍
തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന ക്ഷേത്രങ്ങളില്‍ കൊടികയറിയ ശേഷം ക്ഷേത്രദേവതമാര് ഗജാരൂഢരായെഴുന്നള്ളി സ്വന്തം തട്ടകത്തില്‍ ദേശാടനത്തിനിറങ്ങും.
ഒന്നാം ദിവസം മദ്ധ്യാഹ്നത്തില്‍ കര്‍ക്കിടകരാശിയിലാണ് പാറമേക്കാവ് ഭഗവതിയുടെ കൊടിയേറ്റം. തുടര്‍ന്ന് ദേവി വടക്കുനാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിലൂടെ വടക്കോട്ടിറങ്ങി ചന്ദ്രപുഷ്കരണീതീര്ത്ഥത്തില് ആറാടി മടങ്ങുന്നു.
തിരുവമ്പാടി ഭഗവതി, കൊടികയറിയശേഷം ഉച്ചയ്ക്ക് മേളത്തിന്റെ അകമ്പടിയോടെ പുറത്തെഴുന്നള്ളി നായ്ക്കനാലില്‍ വന്നു അവിടെ കൊടി ഉയര്‍ത്തി ശ്രീമൂലസ്ഥലത്തേക്ക് എത്തുന്നു. അവിടെ നിന്നും ദേവി മൂന്നാനകളുടെ അകമ്പടിയോടെ നടുവില്‍ മാഠത്തില്‍ പോയി അവിടെ ആറാട്ടു കഴിഞ്ഞ് മടങ്ങുന്നു.
നാലാം ദിവസംരാവിലെ തിരുവമ്പാടി ക്ഷേത്രനടപ്പുരയില്‍ കുട സമര്‍പ്പണം നടക്കുന്നു.
രണ്ടാം ദിവസം പാറമേക്കാവില്‍ ഭഗവതി രാവിലെ ആറാട്ടു കഴിഞ്ഞു ദേശാടനത്തിനിറങ്ങുന്നു. അമ്മയുടെ സഞ്ചാരപഥങ്ങളില്‍ ജനങ്ങള്‍ ഭക്തിയോടെ നിറപറവച്ചു കൂപ്പുകൈകളുമായി നില്ക്കുന്നു.
മൂന്നാമത്തെ ദിവസം രാവിലെ ആറാട്ടു കഴിഞ്ഞ്, അമ്മ എഴുന്നള്ളത്തിനു ശേഷം നല്ലങ്കര മുക്കാട്ടുകരാ മഹാവിഷ്ണു ക്ഷേത്രത്തില്‍ രാത്രി പള്ളിക്കൊള്ളുന്നു. നാലാം ദിവസം രാവിലെ അവിടെ ആറാട്ടു കഴിഞ്ഞമ്മ ദേശാടനത്തിനിറങ്ങുന്നു. അതു കഴിഞ്ഞ് പാറമേക്കാവിലെത്തുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ദേശാടനവും ഇല്ലങ്ങളിലെ പൂജാദികളും വഴിപോലെ ചെയ്ത് തിരിച്ചെത്തുന്നു.
ഏഴാം ദിവസം, പൂരംനാളില്‍, ആറാട്ടും പൂജയും കഴിഞ്ഞ് മദ്ധ്യാഹ്നത്തില്‍ ദേവി പൂരത്തില്‍ പങ്കെടുക്കുവാന്‍ പോകുന്നു.
ഇത്തവണ പൂരം ഏപ്രില്‍ 24നാണ് കൊടി കയറിയത്. പൂരത്തലേന്ന്, നെയ്തലക്കാവിലമ്മയുടെ പൂരവിളംബരവം നടന്നു. നെയ്തലക്കാവിലമ്മ ദേശാടനം ചെയ്ത് വടക്കുനാഥന്റെ പ്രദക്ഷിണവഴിയിലെത്തുമ്പോള്‍ പൂരത്തിന്റെ ആദ്യപാണ്ടി മുഴങ്ങുന്നു. ദേവി ശ്രീ മൂലസ്ഥാനത്തെത്തുമ്പോള്‍ പാണ്ടി നിര്‍ത്തി തൃപുടയാകുന്നു. ചുറ്റമ്പലത്തില്‍ കടന്ന് വടക്കുനാഥനെ പ്രദക്ഷിണം വച്ച് തെക്കേ ഗോപുരത്തിലെത്തുമ്പോള്‍ തൃപുട മാറി ആചാര പ്രകാരമുള്ള കൊമ്പൂറ്റ്, കുഴല്‍ കുഴല്‍ പുറ്റാകും. പിന്നെ നട പാണ്ടി കൊട്ടി അമ്മ തെക്കേ ഗോപുരം തുറന്നു തെക്കോട്ടിറങ്ങുന്നു.
തെക്കേ ഗോപുരം
വര്‍ഷം മുഴുവന്‍ അടഞ്ഞു കിടക്കുന്ന ഈ ഗോപുരം തൃശൂര്‍ പൂരം പ്രമാണിച്ച് മാത്രമേ തുറക്കുകയുള്ളൂ. വടക്കുനാഥന്റെ തെക്കേഗോപുരം തുറന്നു തെക്കോട്ടിറങ്ങുവാന് നെയ്തലക്കാവിലമ്മയുടെകൂടെ അന്തിമഹാകാളനും വരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. പൂരവിളംബരം കഴിഞ്ഞ് ദേവി തട്ടകത്തിലേക്കു മടങ്ങി അവിടത്തെ പൂരത്തില്‍ പങ്കെടുക്കുന്നു. എല്ലാ ഘടകക്ഷേത്രങ്ങളിലും തൃശൂര്‍ പൂരത്തിനു മുന്നേ ചെറു പൂരങ്ങള്‍ അരങ്ങേറുന്നു.
പൂരം പ്രമാണിച്ചു തിരുവമ്പാടി നായ്ക്കനാലിലും, പാറമേക്കാവ് മണികണ്ഠനാല്‍, നടുവിലാല്‍ എന്നിവിടങ്ങളിലും പല നിലകളോടുകൂടിയ മനോഹരമായ ഗോപുരങ്ങള്‍ കെട്ടിയുയര്‍ത്തുന്നു.
പൂരദിവസം എല്ലാ ഘടകക്ഷേത്രങ്ങളുടെ പൂരങ്ങളും വടക്കുംനാഥനിലേക്ക് വരുന്നു. ആദ്യം വരുന്ന പൂരം കണിമംഗലം ശാസ്താവിന്റേതാണ്. വടക്കുനാഥന് കണികാണുന്ന പൂരമാണിത്. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദേവഗുരു ബൃഹസ്പതിയാണ്. അതിനാല്‍ തന്നെ വടക്കുനാഥനെ വലംവയ് ക്കുകയൊ വണങ്ങുകയോ, തെക്കേ ഗോപുരം വഴി ഇറങ്ങുകയോ ചെയ്യാറില്ലാത്ത ഘടക
പൂരമാണിത്. കണിമംഗലം ശാസ്താവ്, വെയിലും മഞ്ഞും കൊള്ളാന്‍ ഇഷ്ടപ്പെടാത്ത ദേവനായതിനാല്‍ രാവിലെ വെയില് മൂക്കുന്നതിനു മുന്‍പും രാത്രി മഞ്ഞു വീഴുന്നതിനു മുന്‍പും എഴുന്നള്ളി പടിഞ്ഞാറേ ഗോപുരം വഴി പോകുന്നു.
അവസാനമായി പൂരത്തിനെത്തുന്നത് നെയ്തലക്കാവിലമ്മയാണ്. എല്ലാ ഘടക പൂരങ്ങളും അവരവരുടെ സമയക്രമമനുസരിച്ച്, വടക്കുന്നാഥക്ഷേത്രത്തിലെത്തി പൂരമാഘോഷിച്ചു പിരിഞ്ഞു പോകുന്നു.
മഠത്തില്‍ വരവ്
നിത്യ പൂജ കഴിഞ്ഞു തിരുവമ്പാടി ഭഗവതി രാവിലെ എഴേകാലോടെ എഴുന്നള്ളി ഒമ്പതരയോടെ നടുവില്‍ മഠത്തിലെത്തുന്നു. ആറാട്ടിനു ശേഷം മൂന്നാനകളോടൊപ്പം, പഞ്ചവാദ്യത്തോടെ നായ്ക്കനാലിലെത്തുമ്പോള്‍ ഏഴാനകള്‍ അകമ്പടി സേവിക്കുന്നു. അവിടെ നിന്ന് ശ്രീമൂല സ്ഥാനത്തെത്തുമ്പോള്‍ പതിഞ്ച് ആനകള്‍ നിരക്കുന്നു. രാത്രി പൂരത്തിനും ഇതേ പ്രക്രിയ ആവര്‍ത്തിക്കുന്നു.
ഏകദേശം പതിനൊന്നു മണിയോടെ തിരുവമ്പാടി ഭഗവതിയുടെ മഠത്തില്‍ വരവ് ആരംഭിക്കുന്നു. ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വമഠത്തിലേക്ക് കൊണ്ടു പോകുന്ന പുറപ്പാട്. അവിടെ നിന്നും പഞ്ചവാദ്യത്തോടെയുള്ള മഠത്തില്‍ വരവ് എഴുന്നള്ളത്തില്‍ 200പരംവാദ്യ കലാകാരന്മാര് പങ്കെടുക്കുന്ന പഞ്ചവാദ്യം.
പാറമേക്കാവിലമ്മയുടെപൂരം പുറപ്പാട്
രാവിലെ ആറാട്ടും പൂജയും കഴിഞ്ഞു മദ്ധ്യാഹ്നത്തില്‍ പാറമേക്കാവ് ഭഗവതിയുടെ പൂരം പുറപ്പാട് ആരംഭിക്കുമ്പോള്‍ ഒരു മണിക്കൂര്‍ ചെമ്പടകൊട്ടിക്കൊണ്ട് ദേവിയെ വടക്കുനാഥക്ഷേത്രത്തിലേക്ക് ആനയിക്കുന്നു. അവിടെ ഇലഞ്ഞിമരച്ചുവട്ടില്‍ പാറമേക്കാവിന്റെ വാദ്യകുലപതികള്‍ വിസ്മയം തീര്‍ക്കുന്ന ഇലഞ്ഞിത്തറ മേളം രണ്ടു മണിയോടെ ആരംഭിക്കുന്നു. മുന്‍ നിരയില്‍ ഉരുട്ടു ചെണ്ട കൊട്ടുന്നവര്‍ പതിനഞ്ച്, ഒറ്റത്താളം കൊട്ടുവാന്‍ തൊണ്ണൂറ് കലാകാരന്മാര്, വലം ചെണ്ട, ഇലത്താളം എഴുപത്തഞ്ച് പേര് കൊമ്പും കുഴലും ഊതുന്നവര്‍ ഇരുപത്തിഒന്ന് എന്ന കണക്കിന് നിരന്നു നിന്ന് നാലു മണിക്കൂര്‍ ആസ്വാദകരെ പിടിച്ചു നിര്‍ത്തുന്നു. ഇലഞ്ഞിത്തറമേളം കഴിഞ്ഞാല്‍ അടുത്തത്, തൃശൂര്‍ പൂരത്തിന്റെ അത്യാകര്‍ഷകമായ തെക്കോട്ടിറക്കമാണ്.
ശ്രീ വടക്കുംനാഥന്റെ തെക്കേഗോപുരം വഴി ആദ്യം പാറമേക്കാവ്, പിന്നെ തിരുവമ്പാടി ഭഗവതിമാര്‍ തേക്കിന്‍കാടു മൈതാനത്തേക്കിറങ്ങുന്ന കാഴ്ച, നയനാന്ദകരമാണ്. ഇത് ലോകത്ത് മറ്റെവിടെയും ദര്‍ശിക്കുവാനാകില്ല. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര് വരിവരിയായി ഗോപുരമിറങ്ങി, നിരന്നു നില്ക്കുന്നകാഴ്ച പൂരപ്രേമികളുടെ ഉള്ളം കുളിരണിയിക്കുന്നു. പാറമേക്കാവ് സംഘത്തിന്റെ പതിനഞ്ച് ആനകള്‍ തെക്കോട്ടിറങ്ങി ശ്രീമൂലസ്ഥാനത്തു നിരന്നു നില്ക്കുന്നു. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി, പാറമേക്കാവ് വിഭാഗത്തിനു അഭിമുഖമായി നില്ക്കുന്നു. അടുത്തത് കുടമാറ്റമാണ്.
കുടമാറ്റം
തൃശൂര്‍ പൂരത്തിന്റെ അത്യാകര്ഷ്കമായ മറ്റൊരു കാഴ്ചയാണ് കുടമാറ്റം. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ കൂടികാഴ്ച്ചയോടെ കുടമാറ്റം ആരംഭിക്കുന്നു. ഇരു വിഭാഗവും പുതുതായി നിര്‍മ്മിച്ച വര്‍ണ്ണ വൈവിധ്യവും, വ്യത്യസ്തതയുമുള്ള, മനോഹരമായ കുടകള്‍ മത്സരബുദ്ധിയോടെ ഉയര്‍ത്തി കാണികളുടെ കണ്ണും കരളും കവരുന്നു. കുടമാറ്റം കഴിഞ്ഞാല്‍ സന്ധ്യാ സമയത്ത് ഒരു ചെറിയ വെടിക്കെട്ട് ഉണ്ടാകും. ഇതോടെ പകല്‍ പൂരം കഴിഞ് മടങ്ങുന്നു.
രാത്രിപൂരത്തിന് പത്തരയോടെ ഇരു വിഭാഗവും പുറപ്പെടുന്നു. പഞ്ചവാദ്യത്തിന്റെ ലഹരിയില്‍ രണ്ടര മണിക്കൂറോളം ജനം വീര്‍പ്പടക്കി നില്ക്കുന്നു. വെളുപ്പിന് മൂന്നു മുതല്‍ ആറു വരെ മാനത്തു വര്‍ണ്ണ പുഷ്പ്പങ്ങള്‍ വിരിയിക്കുന്ന കരിമരുന്നു പ്രയോഗം. പൂരം വെടിക്കെട്ട് അവസാനിച്ചശേഷം, വെളുപ്പിന് നേരെ എഴുന്നള്ളിപ്പ് പകല്‍പ്പൂരം ആരംഭിക്കുന്നു. പന്ത്രണ്ട് മണിയോടെ പൂരം അവസാനിക്കുന്നു. തുടര്‍ന്ന് ഒരു ചെറിയ വെടിക്കെട്ട് നടത്തുന്നു.
പിന്നീട് തിരുവമ്പാടി പാറമേക്കാവ് ഭാഗവതിമാര്‍ ശ്രീമൂല സ്ഥാനത്തു നിന്നും അടുത്ത പൂരത്തിന് കാണാമെന്ന് ഉപചാരം ചൊല്ലി പിരിയുന്നു.
അടുത്ത പൂരത്തിന്റെ തീയതിയും ഇരു വിഭാഗം ദേവസ്വങ്ങളും അപ്പോള്‍ തന്നെ പ്രഖ്യാപിക്കുന്നു. തൃശൂര്‍ പൂരം കഴിഞ്ഞ് മനംനിറഞ്ഞ് ജനങ്ങളും പലവഴിക്കു പിരിയുന്നു.
കൊടിയിറക്കം
ഉപചാരം ചൊല്ലിയ ശേഷം ഇരുഭഗവതിമാരും നടുവില്‍ മഠത്തിലെത്തി ഇറക്കിപൂജ കഴിഞ്ഞു രുദ്രതീര്‍ത്ഥത്തില്‍ ഒരുമിച്ച് ആറാടുന്നു. ഇത് വളരെ വിശേഷമാകുന്നു. അവിടെ നിന്ന് മടങ്ങിയ ഭാഗവതിമാര്‍ സ്വന്തം ക്ഷേത്രത്തില്‍ എത്തി വിളക്കാചാരം കഴിഞ്ഞു (ഏഴു പ്രദക്ഷിണം )കൊടിയിറങ്ങുന്നു. വടക്കുംനാഥന്റെ മുന്നില്‍ നടക്കുന്ന ഈ പൂരത്തില്‍ ദേവന് ഒരു പങ്കുമില്ല. വാസ്തവത്തില്‍ ഇത് ദേവിയുടെ സന്നിധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: