തൃശൂര്‍: പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യപ്രമാണം 7 വര്‍ഷത്തിനുശേഷം ചോററാനിക്കരയയിലേക്ക്. ഗുരു ചോറ്റാനിക്കര നാരായണമാരാരും ജ്യേഷ്ഠന് ചോറ്റാനിക്കര വിജയന്‍മാരാരും പ്രമാണിച്ച വാദ്യവേദിയിലേക്ക് അവിചാരിതമായാണ് ചോറ്റാനിക്കര നന്ദപ്പന്‍മാരാരുടെ നിയോഗം. ഗുരുവിനുശേഷം 16 വര്‍ഷം വിജയന്‍മാരാര്‍ പാറമേക്കാവിന്റെ പഞ്ചവാദ്യം നയിച്ചു. തുടര്‍ന്ന് പരയ്ക്കാട് തങ്കപ്പന്‍മാരാര്‍ക്കായിരുന്നു കഴിഞ്ഞ 7 വര്‍ഷമായി പ്രമാണം.
ഇക്കുറി തങ്കപ്പന്‍മാരാരെ മാറ്റി നന്ദപ്പന് പ്രമാണം ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി നന്ദപ്പന്മാരാര് പൂരത്തിനുണ്ട്. ആദ്യം പൂരത്തിനെത്തുമ്പോള്‍ കുഴൂര്‍ നാരായണമാരാരായിരുന്നു പ്രമാണി. അദ്ദേഹത്തിനുശേഷം ഒരു വര്‍ഷം കുഴൂര്‍ ചന്ദ്രന്‍മാരാര്‍ക്ക് പ്രമാണം ലഭിച്ചു. ശേഷമായിരുന്നു ചോറ്റാനിക്കര നാരായണമാരാരുടെ പ്രമാണം. തുടര്‍ന്ന് ജ്യേഷ്ഠന് വിജയന്‍മാരാര്‍ 16 വര്‍ഷം പ്രമാണിച്ചു. ചോറ്റാനിക്കര എളയിടത്ത് പരമേശ്വരമാരാരുടേയും കാട്ടേത്ത് മാരാത്ത് സീതാമാരസ്യാരുടേയും മകനായാണ് ജനനം. 10 വയസ്സുള്ളപ്പോള്‍ അച്ഛന്റെ ശിക്ഷണത്തില്‍ തിമില അഭ്യസിച്ച് ചോറ്റാനിക്കര ദേവീസന്നിധിയില്‍ ദീപാരാധനക്കായിരുന്നു അരങ്ങേറ്റം.
പാറമേക്കാവിന്റെ പഞ്ചവാദ്യനിരയില്‍ ഇക്കുറി വലിയ മാറ്റങ്ങളാണുള്ളത്. തിമില, മദ്ദളം, ഇലത്താളം എന്നിവയുടെ പ്രമാണിമാരായിരുന്ന പരയ്ക്കാട് തങ്കപ്പന്മാരാര്, കുനിശ്ശേരി ചന്ദ്രന്‍മാരാര്‍, പാഞ്ഞാള്‍ വേലുക്കുട്ടി എന്നിവര്‍ ഇക്കുറി പൂരത്തിനില്ല. കുനിശ്ശേരിക്കു പകരം കുട്ടിനാരായണനും പാഞ്ഞാളിനു പകരം പരയ്ക്കാട് ബാബുവുമാണ് നേതൃത്വം നല്‍കുക. കൊമ്പില്‍ മച്ചാട് രാമചന്ദ്രനും ഇടയ്ക്കയില്‍ തിരുവില്വാമല ജയനും പ്രമാണിമാരായി തുടരും. പൂരരാവില്‍ പാറമേക്കാവിലമ്മ പുറത്തേക്കെഴുന്നള്ളുമ്പോള്‍ പാറമേക്കാവ് ഗോപുരത്തിനുമുമ്പില്‍ പൊന്നിന് തലേക്കെട്ടണിഞ്ഞ ഗജവീരന്മാര്ക്കും കത്തിയെരിയുന്ന തീവെട്ടികളുടേയും മുമ്പിലായി പഞ്ചവാദ്യത്തിന്റെ പതികാലം നിരത്തുമ്പോള്‍ കേരളത്തിലെ സഹൃദയ സഹസ്രങ്ങളുടെ കണ്ണും കാതും തിമിലനിരയുടെ മധ്യത്തിലെ കൃശഗാത്രനായ ചോറ്റാനിക്കര നന്ദപ്പന്‍മാരാരില്‍ പതിയും.
നാലുമണിക്കൂൂര്‍ നീളുന്ന നാദവിസ്മയത്തിലെ പുതിയ പ്രമാണിമാരുടെ വാദനവൈഭവത്തിനായി കാത്തിരിക്കുകയാണ് പൂരപ്രേമികള്‍ . ചോറ്റാനിക്കര ദേവിയുടേയും ഗുരുക്കന്മാരുടേയും അനുഗ്രഹമാണ് പൂരങ്ങളുടെ പൂരത്തിന് തിമിലനിരയുടെ അമരക്കാരനാവാന്‍ നിയോഗമായതെന്നാണ് വാദ്യരംഗത്തെ സൗമ്യതയുടെ പര്യായമായ നന്ദപ്പന്‍മാരാരുടെ ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: