ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷ സര്‍പ്പമെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെയെ പരിഹസിച്ച് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്. അതെ, നരേന്ദ്ര മോദി പലരേയും ആഞ്ഞ് കൊത്തിയിട്ടുണ്ട്. ആ കൊത്തലില്‍ 26,600ല്‍പ്പരം വ്യാജ എന്‍ജിഒകള്‍ക്ക് വിദേശ ഫണ്ട് ലഭിക്കുന്നതിനുള്ള ലൈസന്‍സും 3.4 ലക്ഷം ഷെല്‍ കമ്പനികളുടെ രജിസ്ട്രേഷനും നഷ്ടമായിയെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.
വ്യാജമായി നിര്‍മ്മിച്ച 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ പിന്‍വലിക്കപ്പെട്ടു. 5.2 കോടി വ്യാജ ബാങ്ക് അക്കൗണ്ടുകളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍വ്വീര്യമാക്കിയത്. ദേശീയ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് വ്യാജമായി ആനുകൂല്യങ്ങള്‍ നേടിപ്പോന്ന 7.5 ലക്ഷം പേരും പിന്നാക്ക സമുദായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ സ്ഥിരമായി തട്ടിയെടുത്ത 13 ലക്ഷം പേരുകളും പട്ടികയില്‍ നിന്ന് പുറത്തായി.
അനര്‍ഹമായി സ്വായത്തമാക്കിപ്പോന്ന 7.2 ലക്ഷം സ്കോളര്‍ഷിപ്പുകള്‍ നരേന്ദ്ര മോദി നിര്‍ത്തലാക്കിയിട്ടുണ്ട്. 4.6 കോടി വ്യാജ ഗ്യാസ് (എല്‍പിജി) കണക് ഷനുകളും 3 കോടി വ്യാജ റേഷന്‍ കാര്‍ഡുകളും അദ്ദേഹം റദ്ദു ചെയ്തുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അര്‍ഹതയില്ലാതെ കടന്ന് കൂടി സ്ഥിരമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റിപ്പോന്ന 3.2 കോടി അക്കൗണ്ടുകളും അംഗന്‍വാടി ആനുകൂല്യങ്ങള്‍ കൈക്കലാക്കിപ്പോന്ന ഒരു കോടി അനര്‍ഹരും പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടു. അങ്ങനെ നോക്കുമ്പോള്‍ നരേന്ദ്ര മോദി ഒരു സര്‍പ്പം തന്നെയാണ് അഴിമതിക്കെതിരേ ആഞ്ഞ് കൊത്തുന്ന സര്‍പ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ക്കുറിച്ചു.
കഴിഞ്ഞ ദിവസം കര്‍ണ്ണാടകത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിഷപ്പാമ്പ് എന്ന് പരാമര്‍ശിച്ചത്. വിവാദ പ്രസ്താവനക്കെത്തിരേ രാജ്യമെങ്ങും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് പരാമര്‍ശം തിരുത്തുന്നതിനുള്ള വിഫല ശ്രമവും ഖാര്‍ഗെ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: