ഡോ.എന്‍. ഗോപാലകൃഷ്ണന് നമ്മെ വിട്ടുപിരിഞ്ഞു. ആയിരക്കണക്കിന് വേദികളില്‍ മുഴങ്ങിക്കേട്ട സനാതനധര്‍മ്മസന്ദേശത്തിന്റെ വാക്ധോരണി നിലച്ചു. ജ്ഞാന വെളിച്ചം പകര്‍ന്ന വീരവാണിയുടെ ദീപനാളം അണഞ്ഞു. ഉറ്റ സുഹൃത്തിനെയും മാര്‍ഗദര്‍ശിയെയുമാണ് എനിക്കു നഷ്ടപ്പെട്ടത്. എങ്കിലും അങ്ങ് ഹൃദയത്തില്‍ എന്നും ജീവിക്കും. മഹാത്മാവിന് മരണമില്ല. അങ്ങ് തെളിയിച്ച പൗര്‍ണ്ണമിയുടെ കുളിര്‍മ്മ പ്രചോദനവും പ്രത്യാശയും പ്രതീക്ഷയും പകരുന്നു. ആ അനശ്വരസ്മരണയ്ക്ക് മുന്നില്‍ അനന്തകോടി പ്രണാമം. ശാസ്ത്ര ഗവേഷണ രംഗത്തു തന്റെ പ്രതിഭ തെളിയിച്ച ഡോ. എന്‍ ഗോപാലകൃഷ്ണന് സാര്‍ ഉന്നത ഉദ്യോഗ പദവികള്‍ രാജിവെച്ച് ധര്‍മ്മ പ്രചരണത്തിന് മുഴുവന്‍ സമയം പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്ത സന്ദര്‍ഭം ഞാന്‍ ഓര്‍ക്കുന്നു.
മുഴുവന്‍ സമയ ധര്‍മ്മ പ്രവര്‍ത്തകനാകാനുള്ള തന്റെ തീരുമാനം പി.പരമേശ്വര്‍ജിയെ അറിയിച്ചു. യാതൊരു സങ്കോചവും കൂടാതെ കൈക്ക് പിടിച്ച് അനുമോദനാശംസകള്‍ ഗോപാലകൃഷ്ണന് സാറിന് നേര്‍ന്നു. അന്ന് അദ്ദേഹം ഭാരതീയ വിചാര കേന്ദ്രത്തിന്റെ ജില്ലാ ചുമതല വഹിക്കുകയായിരുന്നു. വിവിധ ഭാഗങ്ങളില്‍ ചര്‍ച്ചായോഗങ്ങള്‍, സിംപോസിയങ്ങള്‍, സ്റ്റഡി ക്ലാസ് തുടങ്ങി നാനാവിധങ്ങളായ കര്‍മ്മ പരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കി.
1994 ല്‍ ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ 24 ദിവസം നീണ്ടുനിന്ന ഹിന്ദു ധര്‍മ്മ പഠനശിബിരം ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുകയുണ്ടായി. മഠാധിപതി ശ്രീമദ് സ്വാമി സത്യാനന്ദ സരസ്വതി മുഖ്യാചാര്യനും സ്വാമി വേദാനന്ദ സരസ്വതി ആചാര്യനുമായിരുന്നു. ഡോ. എന്‍ ഗോപാലകൃഷ്ണന് സാറായിരുന്നു സംഘാടകന്‍. മുഴുവന്‍ ദിവസവും 127 ശിബിരാര്‍ഥികളോടൊപ്പം താമസിച്ച് വിവിധ വിഷയങ്ങളെക്കുറിച്ചു അദ്ദേഹം ക്ലാസെടുത്തു. പ്രാത സ്മരണ മുതല്‍ രാത്രി മംഗളാചരണം വരെ ദിവസവും ആദ്യാവസാനം ഉണ്ടായിരുന്ന സാറിന്റെ സാന്നിധ്യവും ക്ലാസും അതില്‍ പങ്കെടുത്തവര്‍ക്കെല്ലാം പ്രേരണാദായകമായ നല്ലൊരു അനുഭവമായിരുന്നു.
പറയുന്നതെല്ലാം അതേപടി കേട്ടുകൊണ്ടിരിക്കുന്നവരോട് അദ്ദേഹം കലഹിച്ചു. ചോദ്യങ്ങള്‍ കേള്‍ക്കുവാന്‍ ഇപ്പോഴും കാത് കൂര്‍പ്പിക്കും. രൂക്ഷമായ രീതിയിലുള്ള വിമര്‍ശനാത്മകമായ ചോദ്യങ്ങളായിരുന്നു ഇഷ്ടം. ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും സ്വയം ഉത്തരം കണ്ടെത്താന്‍ വഴി തുറക്കുകയും ചെയ്യുന്ന ഗുരുനാഥനായിരുന്നു അദ്ദേഹം എല്ലാവര്ക്കും. പുഞ്ചിരിച്ചുകൊണ്ടേ സംസാരിക്കൂ. വിമര്‍ശന ശരങ്ങള്‍ തൊടുത്തുവിടുമ്പോഴും പ്രതിയോഗികളെ നിശിതമായി ഖണ്ഡിക്കുമ്പോഴും മുഖത്ത് വിടര്‍ന്ന പുഞ്ചിരി മാത്രം. ആരോടും കോപമില്ല. അറിവിന്റെ നിറകുടമാണെങ്കിലും പൊങ്ങച്ചമില്ല. എല്ലാം അറിയാമെന്ന അവകാശ വാദങ്ങളില്ല. തനിക്ക് തെറ്റാണെന്ന് തോന്നിയ വിഷയങ്ങളെ വെട്ടിത്തുറന്ന് വിമര്‍ശിക്കാന്‍ ഒരു മടിയും കാട്ടിയിട്ടില്ല. കയ്യടി കിട്ടാന്‍ വേണ്ടി കൃത്രിമമായ വാചാടോപങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല.
സ്വാഭിമാനമായിരുന്നു സാറിന്റെ വാക്കുകളില്‍ നിഴലിച്ചിരുന്നത്. നമ്മുടെ മഹത്തായ സാംസ്ക്കാരിക പൈതൃകത്തിന്റെ പ്രചരണവും സംരക്ഷണവുമായിരുന്നു പ്രവര്‍ത്തന ലക്ഷ്യം. നഷ്ടപ്പെട്ടുപോയ മാനവജീവിത ധാര്‍മ്മിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു. അതിന്റെ ചൂടും വെളിച്ചവും ശ്രോതാക്കളിലേക്ക് പകര്‍ന്നുകൊടുത്തു. ആയിരക്കണക്കിന് വേദികളില്‍ നിന്നും ഉയര്‍ന്ന ധീരോദാത്തമായ ശബ്ദം പതിനായിരങ്ങള്‍ക്കാണ് ആശയും ആവേശവും അറിവും പകര്‍ന്നത്.
എം.പി മന്മഥന്, ആഗമാനന്ദ സ്വാമികള്‍ തുടങ്ങി ഒട്ടേറെ മഹാത്മാക്കള്‍ ക്ഷേത്ര ഉത്സവവേദികളില്‍ നടത്തിവന്ന പ്രഭാഷണ പരിപാടികളെ പിന്തുടര്ന്നുകൊണ്ട്, അവയ്ക്ക് വ്യത്യസ്തമായ മാനം നല്കി, പ്രഭാഷണ കലയെ ആസ്വാദ്യവും ആകര്‍ഷണവുമാക്കിതീര്‍ക്കുന്നതില്‍ ഗോപാലകൃഷ്ണന്‍സാര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. ഡിജിറ്റല്‍ സംവിധാനവും സാമൂഹ്യമാധ്യമങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ട് യുവമനസ്സുകളെ ആധ്യാത്മികാവബോധത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിച്ചു. യുക്തിഭദ്രമായ വിശദീകരണവും ശാസ്ത്രനിബദ്ധമായ ബോധനവും വഴി സമൂഹമനസിലേക്ക് സമഗ്രമായ പരിവര്‍ത്തനത്തിന് ഉതകുന്ന ഉജ്ജ്വലമായ സന്ദേശങ്ങള്‍ പകര്‍ന്നു നല്കി. സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
കേരളത്തില്‍ സാറിന്റെ പാദസ്പര്ശമേല്ക്കാത്ത ക്ഷേത്രങ്ങള്‍ നന്നേ കുറവാണ്. പ്രഭാഷണം കേള്‍ക്കാത്തവരും വിരളമത്രേ. ആ ശബ്ദം നിരവധി പേരുടെ മനസില്‍ എപ്പോഴും തുടികൊട്ടിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ആ ദീപ്തസ്മരണ ജനഹൃദയങ്ങളില്‍ പ്രേരണയും പ്രചോദനവുമായി അവശേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: