ലവണോപാഖ്യാനം
താമരസാക്ഷ! സപ്തപദയായീടുന്ന ജ്ഞാനഭൂമിയെ ഞാന്‍ പറഞ്ഞുതരാം, കേട്ടാലും നീ. ശ്രദ്ധിച്ച് കേട്ടാല്‍ മോഹപങ്കത്തിലെങ്ങും പിന്നെ വീഴുകയില്ലെന്നതില് ശങ്കവേണ്ട. ഈ ഭൂമിയില്‍ വാദികളായുള്ളവര്‍ ജ്ഞാനഭൂമിയെ പലമാതിരിയായിട്ടാണ് പറയുന്നത്. ഞാനിവിടെ പറയുന്നത് അത്യന്തം സുഖപ്രദയായീടുന്നതാണ്. ജ്ഞാനഭൂമികളേഴും അറിഞ്ഞീടുന്നത് ആത്മജ്ഞാനമാകുന്നുവെന്ന് നീ അറിയുക. അവ ഏഴുമറിഞ്ഞാല്‍ അവസാനം ആനന്ദസ്വരൂപമായീടുന്ന മോക്ഷം തന്നെ ഫലം. ജ്ഞാനഭൂമിയില്‍ ഒന്നാമത്തേത് ശുഭേച്ഛയാണ്. രണ്ടാമത്തേതു വിചാരണ. മൂന്നാമത്തേതു തനുമാനസ, നാലാമത്തേതു സത്വാപത്തി, അഞ്ചാമത് അസംസക്തി, ആറാമത്തേതു പദാര്ത്ഥഭാവനിയാകുന്നു. ഏഴാമത്തേതു തുര്യ്യമാണ്.
ഇവയ്ക്കുളള ലക്ഷണങ്ങളുമെല്ലാം ഞാന്‍ പറഞ്ഞുതരാം. ഉള്ളിലാനന്ദമാര്ന്ന് കേട്ടുകൊള്ളുക. ഹന്ത! ഞാനൊരു മഹാമൂഢനായി എന്തേവം വാണീടുന്നത്? ശാസ്ത്രങ്ങളെക്കൊണ്ടും സത്സംഗംകൊണ്ടും ആത്മതത്ത്വം നന്നായി ഇന്നതെന്നറിയുന്നുണ്ടെന്നു വൈരാഗ്യപൂര്വമുണ്ടാകുന്ന ഇച്ഛതന്നെ ശരിയായുളള ശുഭേച്ഛയെന്ന് അറിവുള്ളവരൊക്കെ പറയുന്നു. വര്‍ദ്ധിച്ച ശുഭേച്ഛയോടെ അദ്ധ്യാത്മചിന്തായുക്തനായി എല്ലായ്പ്പോഴും സാധുസേവയും ചെയ്ത,് അങ്ങനെ നിത്യവും സദാചാരമാര്ന്ന് വാണീടുന്നത് വിചാരണയാണെന്നു സത്തുക്കള്‍ പറയുന്നു. ശുഭേച്ഛകൊണ്ടും ഈ വിചാരണകൊണ്ടും ഇന്ദ്രിയാര്‍ത്ഥങ്ങളില്‍ ചേതസ്സ് പരമായീടുന്ന വിരക്തതബാധിച്ച് ഏതവസ്ഥയില്‍ തനുതാഭാവം പ്രാപിച്ചുകൊണ്ടീടുന്നു അതു ഹേതുവായിട്ട് ആ അവസ്ഥയെ തനുമാനസയെന്നു പറയുന്നു. ഭൂമിയുടെ മൂന്നുതരത്തിലുള്ള അഭ്യാസംമൂലം അന്തരംഗത്തില്‍ ഏറ്റവും വളരുന്ന വിരക്തികൊണ്ട് സിദ്ധിക്കുന്ന ശുദ്ധസത്വാത്മസ്ഥിതിയെ സത്തുക്കള്‍ സത്ത്വാപത്തിയെന്നു പറയുന്നു. ഭൂമിയുടെ നാലുതരത്തിലുള്ള അഭ്യാസമാഹാത്മ്യംകൊണ്ട് നിസീമമായ ബ്രഹ്മാനന്ദത്തെ പ്രാപിച്ച് മറ്റുള്ള യാതൊന്നിലും അല്പംപോലും സംഗംപറ്റാത്തത് അസംസ്കൃതിയാണെന്നു ധരിക്കുക. ഭൂമിയുടെ അഞ്ചുതരത്തിലുള്ള അഭ്യാസംകൊണ്ട്, ആത്മാരാമനായി ചമഞ്ഞുകൊണ്ട്, ഉള്ളിലും വെളിയിലും പദാര്ത്ഥങ്ങളൊക്കെയും മറന്ന്, വല്ലോരും വളരെ പണിപ്പെട്ട് ഉണര്ത്തുന്നതായാല് ഉണര്ന്നീടുന്നതായ ആ അവസ്ഥയെത്തന്നെ പദാര്ത്ഥഭാവിനിയെന്നു നീ അറിയുക. ആറു ഭൂമിയിലുമുള്ള അഭ്യാസശക്തികൊണ്ട് ഭേദജ്ഞാനം വേരോടെ അകലെക്കളഞ്ഞ് സ്വസ്വരൂപത്തില്‍ത്തന്നെ സ്ഥിതി ചെയ്യുന്നത് സല്‍സ്വഭാവിയാകുന്ന തുര്യമെന്നറിയുക.
ഏഴാമതായ ഭൂമിയാകുന്ന ഈ തുര്യാവസ്ഥ ഭൂമിയിലൊരിടത്തും ഇല്ലെന്നു പറയണം. ശുകന് മുതലായ ജീവന്മാരില് ഉന്നതമായ ഈ അവസ്ഥയെന്ന് ഓര്‍ത്തുകൊണ്ടാലും. ഇനിന്നപ്പുറമായ തുര്യാതീതം വിദേഹമുക്തര്ക്ക് പ്രാപിക്കാവുന്നതാണെന്ന് ബോധിക്കുക. ഊഴിയില്‍ മഹാഭോഗന്മാരായവരാണ് ഈ ഏഴാമതായീടുന്ന ഭൂമിയെ പ്രാപിച്ചവര്‍. മഹാത്മതയുടെ പര്യവസാനമായ ഭൂമിയെ പ്രാപിച്ചവര്‍ അവരാണെന്നറിയുക. പ്രഖ്യാതരായ ജീവന്മുക്തരായുള്ള അവര്‍ എന്നും ദുഃഖിച്ചീടുകയില്ല, സന്തോഷിക്കയുമില്ല. പ്രാകൃതങ്ങളാകുന്ന ആര്യകാര്യങ്ങളൊക്കെ ചെയ്തീടും; ചെയ്യാതെയുമിരിക്കും. അന്തേവാസികളാരെന്നാകിലും അറിയിച്ചാല്‍ ഹന്ത! താന്‍ ഉറക്കമുണര്ന്നവനാണെന്ന പോലെ നിത്യകൃത്യങ്ങളൊക്കെ വേണ്ടപോലെ ചെയ്യും, നിത്യവും പൂര്ണാനന്ദമുള്ക്കൊണ്ട് ഇരുന്നീടും. ഈ ജ്ഞാനഭൂമികളേഴും നല്ല ബുദ്ധിമാന്മാര്ക്കേ കാണപ്പെടുകയുള്ളു. ഹേ രാമ! ജ്ഞാനഭൂമികളേഴും ശരിയായി ചേതസ്സില്‍ അറിഞ്ഞിട്ടുണ്ടെന്നാകില്, സംശയം ലേശമില്ല, മൃഗമാണെന്നാകിലും മ്ലേച്ഛനാണെന്നാകിലും അവന് ദേഹത്തോടെയുള്ളവനാണെങ്കിലും ദേഹമില്ലാത്തവനാണെങ്കിലും മുക്തന്തന്നെയെന്നു നീ ധരിക്കുക.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: