തൃശ്ശൂര്‍: എഐ ക്യാമറ കരാര്‍ തട്ടിപ്പ് വിഷയത്തെ സംസ്ഥാന സര്‍ക്കാര്‍ വെള്ളപൂശാന്‍ ശ്രമിക്കുന്നെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്. അഴിമതി നടത്താന്‍ അവസരം ഉണ്ടാക്കി കൊടുത്ത ശേഷം വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സിയെ കൊണ്ടുതന്നെ അന്വേഷിപ്പിക്കുന്നു.
ഇത് അഴിമതിയെ വെള്ളപൂശി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള തന്ത്രപരമായ സമീപനത്തിന്റെ ഭാഗമാണ്. അതിനാല്‍ വിഷയം കേന്ദ്ര എജന്‍സി അന്വേഷിക്കണമെന്നും അദഹം വ്യക്തമാക്കി. പുറത്തുവന്ന വാര്‍ത്തകള്‍ അനുസരിച്ച് യഥാര്‍ത്ഥ തുകയേക്കാള്‍ നാലിരട്ടിയാണ് തട്ടിച്ചെടുക്കാന്‍ പാകത്തില്‍ കരാറുമായി ബന്ധപ്പെട്ട കമ്പനികള്‍ ശ്രമിക്കുന്നത്.
കേവലം 82 കോടി രൂപ മാത്രം ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഏതാണ്ട് മൂന്നൂറ് കോടിയായി ഉയര്‍ത്തിക്കാട്ടിയത്. ഈ തീരുമാനങ്ങളിലൊന്നും മന്ത്രിമാരൊ രാഷ്ട്രീയ നേതൃത്വമൊ അറിഞ്ഞിട്ടില്ലന്ന് പറയുന്നത് ഭോഷ്ക്കാണെന്നും അദേഹം കുറ്റപ്പെടുത്തി.
കൃത്യമായ കമ്മീഷന് നിശ്ചയിച്ചു കൊണ്ട് തന്നെയാണ് ഈ കരാര്‍ ഉറപ്പിച്ച ദിവസം തന്നെ തുക കൈമാറിയതും. കേരളത്തില്‍ എല്ലാ പദ്ധതികളും അഴിമതിയാല്‍ ചീഞ്ഞ് നാറുകയാണ്. കേരളത്തിലെ ജനങ്ങളെ പിഴിയാന്‍ വേണ്ടി ഗതാഗത സംരക്ഷണത്തിന്റെ പേരില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതിയിലൂടെ ഈ വന്‍ അഴിമതി നടത്താന്‍ പദ്ധതി ഇട്ടതെന്നത് ഗൗരവകരമായ കാര്യമാണ്.
ഇത് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടൊ എന്നും അഡ്വ. ബി. ഗോപാലകൃഷ്ണന് ചോദിച്ചു. മടിയില്‍ ഘനമില്ലങ്കില് അന്വേഷണം സുതാര്യമാക്കി കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: