ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മികച്ചതാകണമെങ്കില്‍ അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും പുലരണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ ലി ഷാങ്ഫുവുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തിയിലെ സംഭവവികാസങ്ങളെക്കുറിച്ചും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഇരുമന്ത്രിമാരും തമ്മില്‍ ചര്‍ച്ച നടത്തിയതായി കൂടിക്കാഴ്ചയ്ക്കുശേഷം പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നിലവിലുള്ള ഉഭയകക്ഷി കരാറുകള്‍ക്ക് അനുസൃതമായി അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണം. നിലവിലുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവന്‍ അടിത്തറയും ഇല്ലാതാക്കിയെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് (എസ്സിഒ) യോഗത്തിന് മുന്നോടിയായാണ് ഇരുനേതാക്കളും ചര്‍ച്ച നടന്നത്. 2020ല്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനുശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.
ചൈനയ്ക്കു പുറമെ കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധമന്ത്രിമാരും ഇന്ന് നടക്കുന്ന എസ്സിഒ യോഗത്തില്‍ പങ്കെടുക്കും. ഞായറാഴ്ച ഇന്ത്യയും ചൈനയും തമ്മില്‍ കോര്‍പ്പസ് കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നടത്തിയിരുന്നു. 18-ാം റൗണ്ട് ചര്‍ച്ചയാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. സീനിയര്‍ കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നടന്ന് നാലുമാസത്തിന് ശേഷമാണ് വീണ്ടും ചര്‍ച്ചകള്‍ നടക്കുന്നത്. അതിര്‍ത്തിയില്‍ സമാധാനം നിലനില്ക്കാതെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: