ന്യൂദല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഖാര്‍ഗെ നടത്തിയ പ്രസ്താവന അപലപനീയമാണ്. രാജ്യം ഒന്നാമത് എന്നതാണ് ബിജെപിയുടെ ആശയം. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിയെ അല്ല പകരം ഇന്ത്യയെ ആണെന്നാണോ പ്രസ്താവന തിരുത്തിയതിലൂടെ ഖാര്‍ഗെ ഉദ്ദേശിച്ചതെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിമര്‍ശിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷപ്പാമ്പിനോട് ഉമിച്ചുകൊണ്ട് കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഖാര്‍ഗെ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്, രാജീവ് ചന്ദ്രശേഖര്‍, തേജസ്വി സൂര്യ എംപി എന്നിവര്‍ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഖാര്‍ഗെ പ്രധാനമന്ത്രിയെ കുറിച്ച് നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതാണ്. അദ്ദേഹത്തിന്റെ ഉള്ളിലെ വെറുപ്പാണ് പുറത്തേക്ക് വരുന്നത്. പ്രതിഷേധം ഉയര്‍ന്നതോടെയാണ് പരാമര്‍ശത്തെ ഇപ്പോള്‍ ന്യായീകരിക്കുന്നത്. ഖാര്‍ഗെ മാപ്പ് പറയണമെന്നായിരുന്നു നിര്‍മല സീതാരാമന് ആവശ്യപ്പെട്ടത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് തോല്‍വി ഉറപ്പിച്ചത് കൊണ്ടാണ് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും വിമര്‍ശിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശം അപലപനീയമാണ്. കര്‍ണാടകയില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികള്‍ ഉള്‍പെടെ എല്ലാ വിഭാഗക്കാരോടും ബിജെപിക്ക് ഒരേ സമീപനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോദിയപ്പോലുള്ള മനുഷ്യന് തരുന്നത് വിഷമല്ലെന്ന് നിങ്ങള്‍ ധരിച്ചേക്കാം. പക്ഷെ മോദി വിഷപ്പാമ്പിനെപ്പോലെയാണ്. രുചിച്ച് നോക്കിയാല്‍ മരിച്ചുപോകും എന്നായിരുന്നു ഖര്‍ഗെ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ബിജെപിയുടെ സമീപനത്തെ കുറിച്ചാണ് താന്‍ സംസാരിച്ചത്. പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചതല്ല. ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനെതിരെയാണ് സംസാരിച്ചത്. ബിജെപിയുടെ പ്രത്യയശാസ്ത്രം വിദ്വേഷം നിറഞ്ഞതും ദരിദ്രരെയും ദളിതുകളെയും മുന്‍വിധിയോടെ കാണുന്നതുമാണ്. വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്തത്. തന്റെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയോ മറ്റേതെങ്കിലും വ്യക്തിക്ക് വേണ്ടിയോ ആയിരുന്നില്ലെന്ന് പറഞ്ഞ് വിവാദത്തില്‍ നിന്ന് തലയൂരാനാണ് ഖാര്‍ഗെയുടെ ശ്രമം.
അതിനിടെ കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകരെ വിര്‍ച്വല്‍ റാലിയിലൂടെ മോദി വ്യാഴാഴ്ച അഭിസംബോധന ചെയ്തു. കര്‍ണാടകത്തില്‍ ബിജെപി റെക്കോഡ് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുമെന്ന് മോദി പറഞ്ഞു. ഇനിയുള്ള പതിനാല് ദിവസം വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം സജീവമാക്കണമെന്നും പ്രവര്‍ത്തകരോട് മോദി നിര്‍ദേശിച്ചു. കര്‍ണാടകത്തിലെ ഭരണനേട്ടങ്ങള്‍ എടുത്ത് പറഞ്ഞ മോദി കോണ്‍ഗ്രസ് അഴിമതിയുടെ കൂടാരമാണെന്ന് ആരോപിച്ചു. 50 ലക്ഷം ബിജെപി പ്രവര്‍ത്തകരുമായാണ് വിര്‍ച്വല്‍ റാലിയിലൂടെ മോദി സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: