തിരുവനന്തപുരം: ”ജനശതാബ്ദിയെപ്പോലെ ഈ ട്രെയിനെയും നശിപ്പിക്കാതിരുന്നാല്‍ മതിയായിരുന്നു…” വന്ദേഭാരത് എക്സപ്രസില്‍ കയറിയ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞ വാക്കുകളാണ്. ഏറെ വൃത്തിയോടെയാണ് ജനശതാബ്ദി കേരളത്തില്‍ ഓടിത്തുടങ്ങിയത്. എന്നാല്‍ മാസം ഒന്നു കഴിയും മുന്നേ മലയാളികള്‍ ജനശതാബ്ദിയെ ശരിയാക്കി തുടങ്ങി. സീറ്റുകളില്‍ ഘടിപ്പിച്ചിരുന്ന ഭക്ഷണം കഴിക്കാനുള്ള ട്രേകള്‍ ആദ്യം നശിപ്പിച്ചു. സീറ്റുകള്‍ വൃത്തികേടാക്കി. ടോയ്ലറ്റുകള്‍ നശിപ്പിച്ചു. ഇപ്പോള്‍ ട്രെയിനിന്റെ അവസ്ഥ പരിതാപകരമാണ്.
റെയില്‍വേ അധികൃതര്‍ കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണി നടത്താത്തതോടെ ബോഗികള്‍ നശിച്ചു. ഫാനുകളില്‍ പൊടിപിടിച്ച് കാറ്റുപോലും പുറത്ത് വരാത്ത അവസ്ഥ. സീറ്റുകള്‍ ഇരിക്കാന്‍ പോലുമാകാത്ത വിധം തകര്‍ന്നു. സീറ്റ് കവറുകള്‍ കീറിപ്പറിഞ്ഞു. ബോഗിക്കുള്ളില്‍ അഴുക്ക് പിടിച്ച സ്ഥിതിയാണ്. ജനശതാബ്ദി മാത്രമല്ല പുതുക്കിയ വേണാടിന്റെ കോച്ചുകളും നശിപ്പിച്ചു തുടങ്ങി. ആ അവസ്ഥയിലേക്ക് വന്ദേഭാരതിനെ തള്ളിവിടരുതെന്നാണ് ആദ്യ യാത്രക്കാരുടെ പ്രതികരണം.
എന്നാല്‍ വന്ദേഭാരതിന്റെ കന്നിയോട്ടത്തിനിടയില്‍ തന്നെ ഷൊര്‍ണൂരില്‍ വച്ച് ട്രെയിനിന്റെ വിന്‍ഡോ ഗ്ലാസില്‍ പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൃത്തികേടാക്കുകയും ചെയ്തു. അതേസമയം വന്ദേഭാരതില്‍ കേടുപാട് വരുത്തിയാല്‍ കടുത്ത പിഴ ഈടാക്കാനാണ് റെയില്‍വേ അധികൃതരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: