തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയും രാഷ്ട്രീയ പ്രതികാര മനോഭാവവും സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ ജീവന് ഭീഷണിയാകുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വിവി രാജേഷ്. മേല്‍ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് വാദത്തിനായി കാത്തിരിക്കുന്ന നിരപരാധികള്‍ ഉള്‍പ്പെടെയുള്ള നിരവധി തടവുകാരാണ് അധികൃതരുടെ അനാസ്ഥയാല്‍ ജീവന് ഭീഷണി നേരിടുന്നത്.
മാനസിക സമ്മര്‍ദ്ദം മൂലവും ജയിലിലെ പരിപാലന കുറവ് മൂലവും നിരവധി അസുഖങ്ങള്‍ അലട്ടുന്നവര്‍ക്ക് യഥാസമയം ചികിത്സ നല്കുവാനോ അസുഖം ഉണ്ടെന്ന് അറിയിച്ചാല്‍ പോലും ആശുപത്രിയില്‍ എത്തിക്കാനോ ജയില്‍ സൂപ്രണ്ടോ ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ല. ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ജയില്‍ സന്ദര്‍ശിക്കുന്നത് തടവുകാര്‍ക്ക് അവരുടെ മുന്നോട്ടുള്ള ജീവിതത്തില്‍ ആശ്വാസം നല്കുന്ന കാര്യമാണ്. എന്നാല്‍ പലപ്പോഴും ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ജയില്‍ സന്ദര്‍ശിക്കുന്ന സമയം ഇവര്‍ക്ക് അസുഖം ഉണ്ടെന്ന വിവരം ജയില്‍ സൂപ്രണ്ടിനേയോ ഉദ്യോഗസ്ഥരെയോ അറിയിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ദാഷ്ട്യം നിറഞ്ഞ നടപടിയാണ് ഉണ്ടാകുന്നത്.
കോടതിയില്‍ വിചാരണയ്ക്ക് പോയിവരുന്ന തടവുകാരിലൂടെ ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ നേതൃത്വം കൊടുത്തുകൊണ്ട് ലഹരി പദാര്‍ത്ഥങ്ങള്‍ ജയിലിനുള്ളിലെത്തിച്ച് വില്പന നടത്തുന്നതും വ്യാപകമാണ്. കഴിഞ്ഞ ദിവസം ജയിലില്‍ വച്ച് മരണപ്പെട്ട കീഴാറൂര്‍ ഇടപ്രക്കോണം രാജേഷ് ഭവനില്‍ ബൈജുകുമാര്‍ തികച്ചും നിരപരാധിയും അപ്പീല്‍ കോടതിയില്‍ നിന്നും നീതി ലഭിക്കുവാന്‍ അര്‍ഹനായ ആളുമാണ്. ബൈജുകുമാര്‍ തനിയ്ക്ക് നെഞ്ചുവേദന ഉണ്ടെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടും ലാഘവ ബുദ്ധിയോടെയാണ് ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പെരുമാറിയത്.
മണിക്കൂറുകള്‍ക്ക് ശേഷമാണ് ബൈജുകുമാറിന് ചികിത്സ നല്‍കാനുള്ള നടപടികള്‍ തന്നെ ജയിലില്‍ ആരംഭിച്ചത്. അസുഖം ഉണ്ടെന്ന് അറിയിച്ചിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് കാരണം ജയിലില്‍ വച്ച് തന്നെ അദ്ദേഹം മരണപ്പെട്ടു എന്നാണ് സഹതടവുകാരില്‍ നിന്നും ലഭിക്കുന്ന വിവരം. ഈ വിഷയത്തില്‍ അടിയന്തരമായി ആഭ്യന്തരവകുപ്പ് ഇടപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാവന് തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ സമരവുമായി ബിജെപി രംഗത്തുവരും. ഒപ്പം ബൈജുകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ധനസഹായം നല്‍കണമെന്നും വി.വി രാജേഷ് പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: