ആലപ്പുഴ: നഗരത്തില്‍ കിടങ്ങാം പറമ്പു വാര്‍ഡില്‍ വാഹനങ്ങളില്‍ നിന്നും അനധികൃതമായി പണം പിരിക്കുന്നതായി ബിജെപി. ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാര്‍ പറഞ്ഞു. ആലപ്പുഴ നഗരത്തില്‍ ജനത്തിരക്കേറിയ തോണ്ടന്‍കുളങ്ങര ജംഗ്ഷന് കിഴക്ക് ആലിന്‍ ചുവട്ടില്‍ നിന്നും തെക്കോട്ട് കിടങ്ങാം പറമ്പ് റോഡില്‍ ആണ് ഈ അനധികൃത പണ പിരിവ് നടക്കുന്നത്.
പാര്‍ക്കിങ്ങ് ഫീസ് എന്ന പേരില്‍ ഒരു ബോര്‍ഡ് വെച്ചാണ് ഈ തുക ഈടാക്കുന്നത്, എന്നാല്‍ സര്‍ക്കാര്‍ ഇതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ പ്പെടുത്തി കിടങ്ങാം പറമ്പു വാര്‍ഡില്‍ ഈ കഴിഞ്ഞ മാസം ഉത്ഘാടനം നിര്‍വ്വഹിച്ച റോഡ് ആണ് ഇത്.
ഇവിടെയാണ് സ്വകാര്യ വ്യക്തി അനധികൃതമായി വാഹനങ്ങളില്‍ നിന്നും പിരിവ് ഈടാക്കുന്നത്. അനധികൃതമായി ഈ പാര്‍ക്കിങ്ങ് ഫീസ് പിരിക്കുന്നത് പരിസര വാസികള്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്, അവരുടെ വീട്ടില്‍ വരുന്നവരില്‍ നിന്നും പിരിവ് ഈടാക്കുന്നു. നഗരസഭയിലെ ചിലരുടെ ഒത്താശയും ഇതിനു പിന്നില്‍ ഉണ്ട് എന്ന് പറയുന്നു.
പാവപെട്ട ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിര്‍മിച്ച റോഡില്‍ നിന്നും ഉള്ള ഈ അനധികൃത പിരിവ് നിയമവാഴ്ചയോടുള്ള വെല്ലുവിളി ആണെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ജി. വിനോദ് കുമാര്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ ജില്ലാ കളക്ടര്‍, നഗരസഭാ സെക്രട്ടറി, വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: