ന്യൂദല്‍ഹി : സുഡാനില്‍ 3500 ഓളം ഇന്ത്യക്കാരും 1000 ഇന്ത്യന്‍ വംശജരും ഉണ്ടെന്ന് കണക്കാക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.സുഡാനിലെ സ്ഥിതി വളരെ സംഘര്‍ഷഭരിതമാണ്. ഈ മാസം 15ന് സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇന്ത്യ സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് ന്യൂദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര പറഞ്ഞു.
വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ യുഎസ്, സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, യുകെ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഒഴിപ്പിക്കല്‍ നടപടികളെ കുറിച്ച് സംസാരിച്ചു.
സുഡാനില്‍ ആശയവിനിമയത്തിനുള്ള ശൃംഖലകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവയിലൂടെ ഇന്ത്യക്കാര്‍ക്ക് സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറാന്‍ കഴിയുമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഓണ്‍ലൈന്‍ രജിസ്ട്രേഷന് പ്രക്രിയ നയതന്ത്രകാര്യാലയം ആരംഭിച്ചിട്ടുണ്ടെന്ന് ക്വാത്ര വെളിപ്പെടുത്തി. ഇതിനകം 3000 ഇന്ത്യന്‍ പൗരന്മാര് സ്വയം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടന്നും മുന്നൂറോളം പേര് നയതന്ത്രകാര്യാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: