ചിറ്റൂര്‍: നല്ലേപ്പിള്ളി പഞ്ചായത്തില്‍ കൊയ്ത്തു കഴിഞ്ഞ് ഒന്നര മാസമായിട്ടും നെല്ലുസംഭരണത്തിനുള്ള പ്രാരംഭനടപടികള്‍പോലും ആയിട്ടില്ലെന്ന് കര്‍ഷകര്‍. സപ്ലൈകോ ഉദ്യോഗസ്ഥര്‍, മില്ലുടമകളുടെ ഏജന്റുമാര്‍ എന്നിവരുടെ അനാസ്ഥയാണ് നെല്ലുസംഭരണം നീളാന്‍ കാരണമെന്ന് കര്‍ഷകര്‍ ആരോപിച്ചു. കര്‍ഷകരുടെ മുറ്റത്തും കളത്തിലുമായി ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുകയാണ്.
പാടശേഖരസമിതി ഭാരവാഹികളുടെ നേതൃത്വത്തില്‍ കൃഷിവകുപ്പ് ജീവനക്കാര്‍ നെല്‍പ്പാടങ്ങള്‍ പരിശോധിച്ച് സപ്ലൈകോ അധികൃതര്‍ക്ക് കണക്ക് നല്‍കേണ്ടതാണ്. എന്നാല്‍, കൃഷിവകുപ്പ് അധികൃതര്‍ വീഴ്ചവരുത്തിയത് നെല്ലുസംഭരണത്തെ ബാധിക്കുന്നതായി കര്‍ഷകര്‍ കുറ്റപ്പെടുത്തി. ചാക്കിലാക്കിയ നെല്ലിന് കനത്ത ചൂടില്‍ തൂക്കം കുറയും. വേനല്‍മഴ പെയ്യുന്നത് കളങ്ങളോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.
ചെറുകിടകര്‍ഷകരാണ് കൂടുതലും കഷ്ടപ്പെടുന്നത്. നല്ലേപ്പിള്ളി പഞ്ചായത്തില്‍ 3000-ത്തോളം ഏക്കറിലാണ് നെല്‍ക്കൃഷി. 30 പാടശേഖരസമിതികളിലായി 1500-ഓളം കര്‍ഷകരുണ്ട്. ഇത്തവണത്തെ നെല്ലിന്റെ വില കിട്ടിയാലേ, അടുത്ത വിളയിറക്കാന്‍ കഴിയൂ. നെല്ലെടുക്കാനെത്തുന്ന ലോറികളുടെ കുറവും സംഭരണത്തെ ബാധിക്കുന്നു. പഞ്ചായത്തിലെ കാര്‍ഷിക വികസനസമിതികള്‍ സപ്ലൈകോ അധികൃതര്‍, മില്ലുടമകള്‍ എന്നിവരുമായി ചര്‍ച്ച നടത്തണമെന്ന് കര്ഷകന് രാജന് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നെല്ല് സംഭരിക്കാന്‍ എത്തിയവര്‍ ഈര്പ്പമുണ്ടെന്ന് പറഞ്ഞ് രാജന്റെ 39 ചാക്ക് നെല്ല് ഒഴിവാക്കി.
മൂന്നര ഏക്കര്‍ പാടത്താണ് ഗുജ്റാള്‍ ഇനത്തില്‍പ്പെട്ട നെല്ല് കൃഷി ചെയ്തത്. കൊയ്ത്തു കഴിഞ്ഞ് സപ്ലൈകോ പറയുന്ന തരത്തില്‍ ഉണക്കിയെടുത്തു. വീട്ടില്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സമീപത്തുള്ള ഒഴിഞ്ഞ പറമ്പിലാണ് അടുക്കി സൂക്ഷിച്ചത്. ഒന്നരമാസത്തിന് ശേഷം ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ നെല്ലിന് ഈര്പ്പമുണ്ടെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. വേനല്‍മഴ കൂടി വന്നതോടെ നെല്ല് സൂക്ഷിച്ച് വെക്കുന്നതിനും കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: