ന്യൂദല്‍ഹി: ആഭ്യന്തരകലാപം രൂക്ഷമായ സുഡാനില്‍ നിന്ന് 128 ഇന്ത്യാക്കാരടങ്ങുന്ന ആറാമത് സംഘം സൗദി അറേബിയയിലെ ജിദ്ദയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓപ്പറേഷന് കാവേരിയുടെ ഭാഗമായാണിത്.
ഇതോടെ സുഡാനില്‍ നിന്ന് 1100 ഓളം ഇന്ത്യാക്കാരെ ഒഴിപ്പിച്ചു. പോരാട്ടം നടക്കുന്ന ആഫ്രിക്കന്‍ രാജ്യത്ത് നിന്ന് ഇന്ത്യന്‍ നാവികസേനാ കപ്പലുകളും വ്യോമസേനാ വിമാനങ്ങളും വഴിയാണ് പൗരന്മാരെ ഒഴിപ്പിക്കുന്നത്.
128 യാത്രക്കാരുമായി ഇന്ത്യന്‍ വ്യോമസേനയുടെ സി130ജെ വിമാനം പോര്‍ട്ട് സുഡാനില്‍ നിന്ന് കഴിഞ്ഞ രാത്രിയാണ് ജിദ്ദയിലെത്തിയതായി വിദേശമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വൈകുന്നേരത്തോടെ, ഒറ്റപ്പെട്ടുപോയ 500 ഓളം ഇന്ത്യക്കാര്‍ പോര്‍ട്ട് സുഡാനില്‍ നിന്ന് രണ്ട് വ്യത്യസ്ത ബാച്ചുകളായി ജിദ്ദയിലേക്ക് പുറപ്പെട്ടു.
ജിദ്ദ വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരുടെ സംഘങ്ങളെ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് സ്വീകരിച്ചു. ഇന്നലെ, സുഡാനില്‍ നിന്ന് ഒഴിപ്പിച്ച 360 ഇന്ത്യന്‍ പൗരന്മാര് ‘ഓപ്പറേഷന് കാവേരി’ യുടെ ഭാഗമായി ന്യൂദല്‍ഹിയില്‍ മടങ്ങിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: