അഴിമതിയില്‍ ആണ്ടുമുങ്ങി ഏഴുവര്‍ഷമായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന്റെ വികൃതമുഖമാണ് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചതിലൂടെ പുറത്തായിരിക്കുന്നത്. ക്യാമറകള്‍ സ്ഥാപിക്കാനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി യഥാര്‍ഥത്തില്‍ ആവശ്യമുള്ളതിന്റെ പലമടങ്ങ് തുകയ്‌ക്ക് കരാര്‍ നല്കി കോടിക്കണക്കിന് രൂപ പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചതിന്റെ വിവരങ്ങളാണ് അനുദിനം പുറത്തുവരുന്നത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് കരാര്‍ നല്കുകയും പിന്നീട് തട്ടിക്കൂട്ടു കമ്പനികള്‍ക്ക് ഉപകരാറുകള്‍ നല്കുകയും ചെയ്ത് വളരെ ആസൂത്രിതമായ അഴിമതിയാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നത്. കരാര്‍ നല്കിയതിലെ പൊരുത്തക്കേടുകളും കള്ളക്കളികളും പുറത്തുവന്നതോടെ ഇക്കാര്യത്തില്‍ എന്താണ് നടന്നതെന്ന് വിശദീകരിക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല. കരാര്‍ ലഭിച്ച കെല്‍ട്രോണാണ് വിശദീകരണം നല്‌കേണ്ടതെന്നും, മോട്ടോര്‍വാഹന വകുപ്പല്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം തന്നെ അഴിമതി നടന്നിട്ടുള്ളതിന്റെ തെളിവാണ്. ക്രമക്കേടുകള്‍ വ്യക്തമായിരുന്നിട്ടും കെല്‍ട്രോണിന് കരാര്‍ നല്കിയത് മന്ത്രിസഭാ തീരുമാനമനുസരിച്ചാണെന്ന വസ്തുത മറച്ചുപിടിക്കുകയാണ് ഗതാഗതമന്ത്രി ചെയ്തത്. കെല്‍ട്രോണ്‍ നല്കിയ വിശദീകരണം ഉപകരാറുകളിലെ അഴിമതികളിലേക്ക് വെളിച്ചം വീശുകയും ചെയ്തു. സിപിഎമ്മിന് ഇക്കാര്യത്തില്‍ വിശദീകരണം നല്‌കേണ്ട ആവശ്യമില്ലെന്ന സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന അഴിമതിക്ക് അടിവരയിടുന്നതാണ്. ലൈഫ് മിഷന്‍ അഴിമതിയുടെ കാര്യത്തിലും ഗോവിന്ദന്‍ ഇത്തരമൊരു പ്രതികരണം നടത്തുകയുണ്ടായി.
സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റ് പല അഴിമതികളുടെയും കാര്യത്തിലെന്നപോലെ എഐ ക്യാമറകള്‍ സ്ഥാപിച്ചതിനു പിന്നിലെ അഴിമതിയിലും കണ്ണൂരിലെ ഊരാളുങ്കല്‍ സൊസൈറ്റിയുടെ പേരും ഉയര്‍ന്നുവന്നിരിക്കുന്നു. ഉപകരാര്‍ ലഭിച്ച പല കമ്പനികളും ഊരാളുങ്കല്‍ സൊസൈറ്റിയുടെ ബിനാമികളെപ്പോലെയാണെന്ന വിവരവും വെളിപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തതും സര്‍ക്കാരിന്റെ പല കരാറുകളും ഏറ്റെടുത്തിട്ടുള്ള ഊരാളുങ്കല്‍ ബന്ധംകൊണ്ടാണെന്ന് കരുതപ്പെടുന്നു. കെല്‍ട്രോണ്‍ ഒരു പൊതുമേഖലാ സ്ഥാപനമായതിനാല്‍ അതിന്റെ മറവില്‍ അഴിമതി നടത്തിയാല്‍ അത് കണ്ടുപിടിക്കാനാകില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്നുമുള്ള കുബുദ്ധിയാണ് സര്‍ക്കാര്‍ കാണിച്ചത്. അത് പാടെ പൊളിഞ്ഞിരിക്കുന്നു. പരസ്പരധാരണയോടെ നുണപറഞ്ഞ് അഴിമതി മറച്ചുപിടിക്കാമെന്ന തന്ത്രം വിജയിച്ചില്ല. അഴിമതിയുടെ കാര്യത്തില്‍ പ്രതിപക്ഷമായ യുഡിഎഫിനെ സര്‍ക്കാര്‍ ഭയക്കുന്നില്ല. അവരെ നിശ്ശബ്ദരാക്കേണ്ടത് എങ്ങനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടാളികള്‍ക്കും നന്നായറിയാം. ബ്രഹ്മപുരം അഴിമതിയെക്കുറിച്ച് വലിയ കോലാഹലമുയര്‍ത്തിയ കോണ്‍ഗ്രസ്സും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഇപ്പോള്‍ അതിനെക്കുറിച്ച് ഒരക്ഷരവും മിണ്ടുന്നില്ലല്ലോ. അഴിമതി വ്യക്തമാവുകയും സര്‍ക്കാരിന് വിശദീകരണമൊന്നും നല്കാനില്ലാത്തതിനാലുമാണ് ഇപ്പോള്‍ എഐ ക്യാമറാ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പിണറായി ഭരണത്തില്‍ അഴിമതികള്‍ ഒതുക്കുകയെന്നതാണ് വിജിലന്‍സിന്റെ പണിയെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുണ്ട്. അഴിമതിക്കെതിരെ ആരെങ്കിലും കോടതിയില്‍ പോകുന്നതിനെ പ്രതിരോധിക്കുന്നതിനാണ് വിജിലന്‍സിനെ രംഗത്തിറക്കിയിട്ടുള്ളത്.
മറഞ്ഞുപോയ നിറചിരി
നാടകത്തിലും സിനിമയിലുമായി നാലുപതിറ്റാണ്ടുകാലം മലയാളികളെ പൊട്ടിച്ചിരിപ്പിച്ച മാമുക്കോയ വിടപറഞ്ഞിരിക്കുന്നു. പരിമിതമായ ചുറ്റുപാടില്‍ ജനിച്ച് കഷ്ടപ്പാടുകളിലൂടെ വളര്‍ന്ന ഒരു മനുഷ്യന്‍ അഭിനയത്തോടുള്ള സഹജമായ താല്പര്യംകൊണ്ട് നാടകരംഗത്ത് എത്തിച്ചേരുകയായിരുന്നു. സ്‌കൂള്‍ പഠനകാലത്തുതന്നെ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ മാമുക്കോയ കെ.ടി. മുഹമ്മദിന്റെയും വാസു പ്രദീപിന്റെയുമൊക്കെ നാടകങ്ങളിലൂടെ വലിയ നടനായി മാറുകയായിരുന്നു. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ പ്രവേശിച്ച് ഈ രംഗത്തെ വിജയഘടകമായി മാറി. അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകമനസ്സില്‍ കയറിക്കൂടി. അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും സത്യന്‍ അന്തിക്കാടിന്റെയും പ്രിയദര്‍ശന്റെയും സിദ്ദിഖ് ലാലിന്റെയുമൊക്കെ സിനിമകളിലൂടെ മിഴിവുറ്റ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്കുകയും ചെയ്തു. ജഗതിയും ഇന്നസെന്റും മാമുക്കോയയും നര്‍മത്തിന്റെ ത്രിമൂര്‍ത്തികളായി നിലകൊണ്ടു. വലിയ ജീവിതാനുഭവങ്ങള്‍ സ്വന്തമാക്കുകയും സിനിമയ്‌ക്കുപുറത്ത് താരപരിവേഷങ്ങളില്ലാതെ ജീവിക്കുകയും ചെയ്ത മാമുക്കോയയ്‌ക്ക് മൗലികമായ നിലപാടുകളുണ്ടായിരുന്നു. മതതീവ്രവാദത്തെ ശക്തമായി വിമര്‍ശിക്കാന്‍ മടിച്ചില്ല. കലയെ സ്‌നേഹിക്കുകയും സാമൂഹ്യപ്രതിബദ്ധത പുലര്‍ത്തുകയും മനുഷ്യനന്മയില്‍ വിശ്വസിക്കുകയും ചെയ്ത ഈ നടന് ഞങ്ങളുടെ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: