കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ കപ്പിന്റെ മൂന്നാം പതിപ്പിന് കഴിഞ്ഞ ദിവസം തിരശ്ശീല വീണു. കിരീട പ്രതീക്ഷയുമായെത്തിയ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഒഡീഷ എഫ്സി തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരമായി ഒഡീഷ എഫ്സിയുടെ ബ്രസീലിയന്‍ താരം ഡീഗോ മൗറീഷ്യോയും ടോപ് സ്കോറര്‍ക്കുള്ള സ്വര്‍ണ പാദുകം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വില്‍മര്‍ ജോര്‍ദാനും മികച്ച് ഗോള്‍ കീപ്പറായി ഒഡീഷയുടെ അമരീന്ദര്‍ സിങ്ങും തെരഞ്ഞെടുക്കപ്പെട്ടു. ഫെയര്‍ പ്ലേ അവാര്‍ഡ് ഐസ്വാള്‍ എഫ്സിക്കാണ്.
ഐഎസ്എല്ലിലെ എല്ലാ ടീമുകളും ഐ ലീഗിലെ അഞ്ച് ടീമുകളുമടക്കം പങ്കെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റായിരുന്നു സൂപ്പര്‍ കപ്പ്. എന്നാല്‍ പല മത്സരങ്ങളും ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിലായിരുന്നു അരങ്ങേറിയത്. ഫുട്ബോള്‍ ആരാധകരുടെ പ്രദേശമായ കോഴിക്കോട്ടും മഞ്ചേരിയിലുമായി മത്സരങ്ങള്‍ നടന്നിട്ടും എന്തുകൊണ്ട് ഈ ഗതികേട് ഉണ്ടായി എന്ന് അധികൃതര്‍ ചിന്തിക്കണം. കോഴിക്കോട് നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ കളികള്‍ക്കാണ് കുറച്ചെങ്കിലും ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തിയത്. ബെംഗളൂരുവിനെതിരായ കളി നിറഞ്ഞ സ്റ്റേഡിയത്തില്‍ നടന്നു എന്നത് മാത്രമാണ് ഏക ആശ്വാസം. റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെ നടന്ന ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തില്‍ പന്ത്രണ്ടായിരത്തോളം ആരാധകര്‍ വന്നുവെങ്കില്‍ ശ്രീനിധിക്കെതിരായ രണ്ടാം കളിയില്‍ അതിന്റെ പകുതി ആളുകളാണ് സ്റ്റേഡിയത്തിലെത്തി കളി കണ്ടത്. ചില കളികള്‍ കാണാന്‍ ആയിരത്തില്‍ താഴെ ആരാധകരാണ് എത്തിയത്. മഞ്ചേരിയിലും വ്യത്യസ്തമായിരുന്നില്ല കാര്യങ്ങള്‍. സന്തോഷ് ട്രോഫി ഫുട്ബോള്‍ നടന്നപ്പോള്‍ പോലും കേരളത്തിന്റെ കളിക്ക് സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. ഫൈനലിന് ടിക്കറ്റ് എടുത്തിട്ടും നിരവധി പേര്‍ക്കാണ് സ്റ്റേഡിയത്തില്‍ കയറി കളി കാണാന്‍ കഴിയാതിരുന്നത്. ആ അവസ്ഥയില്‍ നിന്നാണ് ഇവിടെ തുച്ഛമായ ആരാധകര്‍ക്ക് മുന്നില്‍ ഇന്ത്യയിലെ സൂപ്പര്‍ ക്ലബുകള്‍ പന്തുതട്ടിയത്. ആര്‍ക്കോ വേണ്ടിയെന്ന പോലെയായിരുന്നു ഈ ടൂര്‍ണമെന്റ് നടത്തിപ്പ്.
റംസാന് മാസക്കാലത്ത് ടൂര്‍ണമെന്റ് നടത്തിയതും തിരിച്ചടിയായി. മാത്രമല്ല, രാത്രി എട്ടരയ്ക്ക് കളി നടത്തിയതും കാണികളെ അകറ്റി. മഞ്ചേരിയില്‍ നിന്നും കോഴിക്കോട്ടുനിന്നും രാത്രി 10.30 കളി കഴിഞ്ഞശേഷം ജില്ലയുടെ മറ്റ് മേഖലകളില്‍ നിന്ന് വരുന്നവര്‍ക്ക് തിരിച്ചുപോകാന്‍ ബസ് ഇല്ലാത്തതും തിരിച്ചടിയായി. സെമി, ഫൈനല്‍ മത്സരങ്ങള്‍ രാത്രി ഏഴിന് നടന്നിട്ടുപോലും ഫുട്ബോള്‍ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തിയില്ല. കഷ്ടിച്ച് നാലായിരത്തോളം കാണികളാണ് ഫൈനല്‍ കാണാന്‍ പോലും കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ എത്തിയത്. എന്തിനേറെ പറയുന്നു തൊട്ടതെല്ലാം പിഴച്ചപോലെയായിരുന്നു ടൂര്‍ണമെന്റ് നടത്തിപ്പ്.
അതുപോലെ കോഴിക്കോട് ഫുട്ബോള്‍ അസോസിയേഷനും മലപ്പുറം ഫുട്ബോള്‍ അസോസിയേഷനും ടൂര്‍ണമെന്റ് നടത്തിപ്പില്‍ യാതൊരു റോളും ഉണ്ടായതുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ വെറും നോക്കുകുത്തികളുടെ റോളായിരുന്നു ഈ ജില്ലാ അസോസിയേഷനുകള്‍ക്ക്. ഈ അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നതുപോലെ അക്കാദമികള്‍ക്കും ജില്ലാ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ക്കും ടിക്കറ്റ് നല്കിയിരുന്നെങ്കില് ഇത്രയും ശുഷ്കമായ കാണികളെ വച്ച് ഈ സൂപ്പര്‍ കപ്പ് നടത്തേണ്ടി വരുമായിരുന്നില്ല.
മാത്രമല്ല, പല ടീമുകളും പരിശീലനത്തിനുള്ള അസൗകര്യങ്ങളില്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനെ രേഖാമൂലം പരാതി അറിയിച്ചിരുന്നു. അങ്ങനെ നടത്തിപ്പിന്റെ മേന്മയേക്കാള്‍ ആക്ഷേപങ്ങളാണ് ടൂര്‍ണമെന്റിലുടനീളം മുഴച്ചു നിന്നത്. ഇനിയെങ്കിലും കേരളത്തില്‍ ഇത്തരമൊരു വമ്പന്‍ ടൂര്‍ണമെന്റ് നടത്തുമ്പോള്‍ അധികൃതര്‍ കൂടുതല്‍ ഉത്തരവാദിത്വം പുലര്‍ത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: