ന്യൂദല്‍ഹി: ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലില്‍ ജിദ്ദയില്‍ എത്തിച്ച 367 ഇന്ത്യന്‍ പൗരന്മാര് ദല്‍ഹിയിലെത്തി. ദല്‍ഹിയില്‍ വിമാനമിറങ്ങിയ ഇവരില്‍ നല്ലൊരു വിഭാഗം മോദിയ്ക്കും ഭാരതത്തിനും ഇന്ത്യന്‍ സേനയ്ക്കും മുദ്രാവാക്യം വിളിച്ച് ആഹ്ളാദം പ്രകടിപ്പിച്ചത് കൗതുകമായി.
രക്ഷാദൗത്യത്തിന് നേതൃത്വം നല്കുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇന്ത്യന്‍ സംഘത്തെ ജിദ്ദയില്‍ നിന്നും യാത്രയാക്കിയത്. പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയില്‍ എത്തി ഒരു ലഘു വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തില്‍ എല്ലാവരും ദില്ലിയിലേക്ക് യാത്ര തുടരുയായിരുന്നു. സൗദി എയര്‍ലൈന്‍സ് എസ് വി3620 ഇന്ന് രാത്രി ദല്‍ഹിയിലെത്തും. അഭിമാനവും ആഹ്ളാദവും നല്കുന്ന നിമിഷമെന്ന് വി. മുരളീധരന് പ്രതികരിച്ചു. രക്ഷാ ദൗത്യത്തിന് എല്ലാവിധ സഹകരണങ്ങളും സൗകര്യങ്ങളും നല്കിയ സൗദി മന്ത്രാലയത്തിന് മന്ത്രി നന്ദി രേഖപ്പെടുത്തി.
ദൗത്യത്തെ ഓരോ ഘട്ടത്തിലും പിന്തുണക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വി.മുരളീധരന് നന്ദി പറഞ്ഞു. നേവിയുടെ ഐന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വി. മുരളീധരന് നേതൃത്വം നല്കുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയില്‍ തുടരുകയാണ്.
ഏകദേശം 3000 ഇന്ത്യക്കാരാണ് സുഡാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഈ ഒഴിപ്പിക്കല്‍ ദൗത്യത്തിന് ഓപ്പറേഷന് കാവേരി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചാണ് കേന്ദ്രം ഇന്ത്യക്കാരെ സുഡാനില്‍ നിന്നും ഒഴിപ്പിക്കുന്നത്. മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഈ ഇടവേളയില്‍ മുഴുവന്‍ പേരെയും ഇന്ത്യയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: