ലവണോപാഖ്യാനം
ആ ഇന്ദ്രജാലക്കാരന്റെ വൃത്താന്തം ഇനി ഞാന്‍ പറയാം, നീ കേട്ടാലും. ഇന്ദ്രജാലക്കക്കാരന്‍ ലവണമഹാരാജാവിന്റെ സഭയില്‍ വന്നനേരം ഞാനും അവിടെ കൗതുകമുള്‍ക്കൊണ്ട് അവനെ നേരില്‍ ദര്‍ശിച്ചു. ഇന്ദ്രജാലത്തെ കാട്ടി ആയവന് പോയശേഷം എന്നോട് ആ മഹീന്ദ്രനും ജനങ്ങളും ‘എന്തൊരു മറിമായമാണിതു മഹാമുനേ! അങ്ങുന്നു ചിന്തിച്ചു ഇതിന്റെ സൂക്ഷ്മമെന്തെന്നു അരുളിച്ചെയ്യണം’ എന്നു ചോദിച്ചനേരം, നന്നായി ചിന്തിച്ച് അന്നു ഞാന്‍ പറഞ്ഞതെല്ലാം പറയാം; കേട്ടാലും.
കേമമായ രാജസൂയം ചെയ്തീടുന്നവര്‍ ഒരുപാട് അല്ലല്പെട്ട് പന്ത്രണ്ടു സംവത്സരം അലഞ്ഞീടും. മനസ്സാ നന്നായി രാജസൂയം ചെയ്യുന്ന രാജശ്രേഷ്ഠനായ ലവണന് ദുഃഖമുണ്ടാക്കുവാനായി സ്വര്‍ഗത്തില്‍നിന്നൊരു ദേവദൂതനെ ദേവേന്ദ്രന് നിയോഗിച്ചു. ആ ദേവദൂതന് ഐന്ദ്രജാലികനായിവന്ന് രാജാവിന് ഈ വിധം ആപത്തുണ്ടാക്കിപ്പോയി.
ഇനിയും ഞാന്‍ സത്യമായുള്ളതു പറയാം, ശ്രദ്ധയോടെ കേട്ടാലും. അജ്ഞാനഭൂമി ഏഴുതരത്തിലുണ്ട്. നിശ്ചയമായി ജ്ഞാനഭൂമിയും ഏഴുതരത്തിലുണ്ട്. അവ ഒന്നിനോടൊന്നു ചേര്‍ന്നിട്ട് അറ്റമില്ലാതെയുള്ളവയാണെന്നും നീ ധരിക്കുക. അനേകം വേരോടു(കിഴങ്ങുകളോട്)കൂടിയ ഈ ഭൂമികളെല്ലാം പ്രത്യേകമായ ഫലങ്ങളെ തരുന്നുണ്ട്. സ്വരൂപാവസ്ഥിതിയാണു മോക്ഷം. അതില്‍നിന്നു ഭ്രംശിക്കുന്നത് അഹംഭാവത്തോടുള്ള ബന്ധം നിമിത്തമാണ്. തജ്ഞത്വ അജ്ഞത്വങ്ങളുടെ ലക്ഷണം ഇപ്രകാരം നിന്നോട് ഞാന്‍ ചുരുക്കി പറഞ്ഞുകഴിഞ്ഞു.
ശുദ്ധസന്മാത്രമായ സംവിത്സ്വരൂപത്തില്നിന്ന് ആര് അല്പംപോലും ഇളകുന്നില്ല, അവര്‍ക്ക് രാഗദ്വേഷാദികളാകുന്ന അജ്ഞത്വസംഭവങ്ങളാകിയ ദോഷങ്ങള്‍ ഉണ്ടാവുകയില്ലെന്ന് ഓര്‍ത്തുകൊണ്ടാലും. ദൃശ്യത്തില്‍ നന്നായി മുങ്ങീടുന്നതായ ആ ഭ്രംശത്തില്‍നിന്ന് അന്യമായീടുന്ന മോഹം രാമ! പണ്ടൊരുകാലത്തും ഉണ്ടായിട്ടില്ല; മേലില്‍ ഉണ്ടാകുന്നുമില്ല. ഹേ രാമ! മാനസ്സം ഒരു വിഷയത്തെ വിട്ട് അന്യവിഷയം ചിന്തിക്കുമ്പോള്‍ മദ്ധ്യത്തില്‍ സങ്കല്പമറ്റുള്ള ആ സ്ഥിതിതന്നെ വിദ്വാന്മാര് സ്വരൂപത്തിന്റെ സ്ഥിതിയെന്നു പറയുന്നു. യാതൊരു സങ്കല്പവും കൂടാതെകണ്ട് ജാഡ്യനിദ്രയെ വിട്ട് കല്ലെന്നപോലെ ഏതൊരു സ്ഥിതിയുണ്ടാകുന്നു, രഘുപതേ! സ്വരൂപസ്ഥിതി അതുതന്നെയെന്നതില്‍ യാതൊരു വാദവുമില്ലതന്നെ. ഞാനെന്ന ഭാവം, ഭേദജ്ഞാനം എന്നിവ നീങ്ങി മാനസ്സം അജഡമായി, ചഞ്ചലഹീനമായി, പാരമായി പ്രകാശിച്ചുകൊണ്ടീടുന്നതുതന്നെ ഹേ രാമ! സ്വരൂപമെന്നറിയുക.
ഹേ രാമ! കേട്ടുകൊള്ളുക- ബീജജാഗ്രം, ജാഗ്രം, മഹാജാഗ്രം, പിന്നീട് ജാഗ്രത്സ്വപ്നം, പിന്നെ സ്വപ്നം, സ്വപ്നജാഗ്രം, ഒടുക്കം സുഷുപ്തകം എന്നിങ്ങനെ മോഹം ഏഴുവിധമാണ്. ഇവ ഒന്നോടൊന്നുചേര്ന്ന് അനവധിയായി ഭവിക്കുന്നു. ഇവ ഏഴിനുമുള്ള ലക്ഷണം ഞാന്‍ പറയാം, നീ കേട്ടുകൊള്ളുക. ചിത്തില്‍നിന്ന് ആദ്യം വളരെ നിര്‍മ്മലമായ, പേരില്ലാത്തതായ, മേലാലുണ്ടായി വര്ദ്ധിച്ചീടുന്നതായ, ചിത്തജീവാദിനാമശബ്ദാര്ത്ഥപാത്രമായി, നോക്കിയാല്‍ ജാഗ്രം ബീജരൂപേണ വര്ത്തിപ്പതായി യാതൊരു ചേതനമാണ് ഉണ്ടായിവരുന്നത് അത് ബീജജാഗ്രമെന്നു ബോധിക്കുക. ഇതുതന്നെ ജീവന്റെ പുതുതായ അവസ്ഥയെന്നു അകതാരില്‍ അറിഞ്ഞീടുക. പരമാത്മാവില്‍നിന്ന് നൂതനമായി ജാതനാകിയ ജീവന് ഇതു ഞാന്‍, എന്റേതെന്ന് പണ്ടൊരുകാലത്തുമില്ലാതിരുന്ന തോന്നല്‍ ഉണ്ടാകുന്നതുതന്നെ ജാഗ്രമെന്നറിഞ്ഞാലും. ഞാന്‍, ഇവന്, അവന്, ആയതെന്റേത് എന്നീവണ്ണം തടിച്ച ജന്മാന്തരോദിതമായ പ്രത്യയത്തെ മല്ലലോചന! മഹാന്മാരായുള്ളവരെല്ലാം പറയുന്നത് മഹാജാഗ്രമെന്നറിയുക. അറിഞ്ഞിട്ടുള്ളതാണെന്നാകിലും അല്ലെങ്കിലും തന്മയാത്മകമായി ജാഗ്രത്തില്‍ മനോരാജ്യം ചെയ്തുകൊണ്ടീടുന്നതു ജാഗ്രത്സ്വപ്നമാണെന്നു വിദ്ദ്വജ്ജനം പറയുന്നു.
ശുക്തികം, രൂപ്യം, രണ്ടുതിങ്കള്‍, മൃഗതൃഷ്ണ എന്നിത്യാദിയായീടുന്ന ഭേദത്തോടും ജാഗ്രാവസ്ഥയില്നിന്നുണ്ടാകുന്ന അഭ്യാസത്താല്‍ സ്വപ്നം പലവിധമായി ഭവിച്ചീടും എന്നോര്‍ക്കുക. ഇത്തിരിനേരംകൊണ്ട് ഇന്ന് എന്തൊക്കെ കണ്ടു ഞാനെന്ന് ഉണര്‍ന്നിട്ട് നിദ്രയില്‍ കണ്ടതെല്ലാം ചിത്തതാരിങ്കല്‍ ഓര്ത്തുകണ്ടീടുന്നതു സ്വപ്നമെന്നോതുന്നു. കണ്ടിട്ട് അനേകകാലമാകയാല് ഒരു വസ്തു കണ്ടീടുന്നേരം ആയതെന്താണെന്നറിയാതെ ഉള്‍ക്കാമ്പില്‍ വളരെനേരം ഓര്‍ക്കുന്നതായ സ്വപ്നം ജാഗ്രമെന്നതുപോലെ ജാഗ്രാവസ്ഥയില്‍ തോന്നും. അതിനെ സ്വപ്നജാഗ്രമെന്നു മഹാത്മാക്കള്‍ പറയുന്നു. ഈ അവസ്ഥകള്‍ ആറുമില്ലാതായാല് ജീവന്ന് ജഡയായീടുന്ന സ്ഥിതി ഏതോ, അതിനെ ഭാവിദുഃഖബോധാഢ്യയായീടുന്ന സുഷുപ്തിയെന്നു ബുധജനം പറയുന്നു. ജഗത്ത് ഈ അവസ്ഥയില്‍ അന്ധകാരത്തില്‍ ലയിക്കുമെന്നറിഞ്ഞാലും. ബുദ്ധിമാനായ നിന്നോട് ഞാനിപ്പോള്‍ അജ്ഞാനത്തിന്റെ സപ്താവസ്ഥകളെയും പറഞ്ഞുകഴിഞ്ഞു. ഇതിലോരോന്നും നാനാകാര്യരൂപിണിയായി ശതസംഖ്യയായി ഭവിച്ചീടുമെന്ന് നീ അറിയുക.
* (ശുക്തികം=മുത്ത്, രൂപ്യം= കണ്ണാടി, രണ്ടുതിങ്കള്‍=ആകാശത്തും ജലത്തിലും കാണുന്ന രണ്ടു ചന്ദ്രന്മാര്, മൃഗതൃഷ്ണ=മരീചിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: