കോട്ടയം: ബഫര്‍സോണില്‍ സമ്പൂര്‍ണ്ണ നിര്‍മാണ നിരോധനം ഒഴിവാക്കിയെന്നല്ലാതെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നില്ലെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്‌ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ബഫര്‍സോണ്‍ സംബന്ധിച്ച 2023 ഏപ്രില്‍ 26ലെ സുപ്രീംകോടതി വിധിയില്‍ റവന്യൂ ഭൂമിയും ജനവാസമേഖലകളും ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കാത്തതുമൂലം ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകളായി കര്‍ഷകരുടെ കൈവശമിരിക്കുന്ന, കൃഷി ചെയ്യുന്ന റവന്യൂ രേഖകളിലുള്ള ഭൂമി ഒഴിവാക്കുന്നതായി സുപ്രീംകോടതി വിധിയിലില്ല. നിയന്ത്രണം ഒഴിവാക്കിയതുകൊണ്ട് ബഫര്‍സോണ്‍ ദൂരത്തിലോ വിസ്തീര്‍ണ്ണത്തിലോ കുറവു വരില്ല. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രശ്നസങ്കീര്‍ണ്ണമായ പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളിലുള്ളവര്‍ക്ക് ഈ വിധി പ്രശ്നപരിഹാരമല്ല.
ഈ പ്രദേശങ്ങളെ പെരിയാര്‍ കടുവാസങ്കേതത്തില്‍ നിന്നൊഴിവാക്കാന്‍ 2023 ജനുവരി 19ന് സര്‍ക്കാര്‍ എടുത്ത തീരുമാനം കേന്ദ്ര സര്‍ക്കാരിന് നല്‍കാതെ ജനങ്ങളെ സംസ്ഥാനം കബളിപ്പിക്കുന്നു. 2011ലെ പെരിയാര്‍ കടുവാസങ്കേത ബഫര്‍സോണ്‍ ഉത്തരവും പിന്‍വലിക്കണമെന്നും സര്‍ക്കാര്‍ ആത്മാര്‍ത്ഥ സമീപനം സ്വീകരിക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: