കോഴിക്കോട് : സൂപ്പര്‍ കപ്പ് ഫുട്ബാളില്‍ ഒഡീഷ എഫ് സി കിരീടം നേടിയപ്പോള്‍ തിളങ്ങിയത് ബ്രസീല്‍ താരം ഡിയേഗോ മൗറീഷ്യോ. മൗറീഷ്യോയുടെ ഇരട്ടഗോളുകളാണ് ഒഡീഷയ്‌ക്ക് വിജയം നേടിക്കൊടുത്തത്.
ഒഡീഷയ്‌ക്കു വേണ്ടി 23, 38 മിനിറ്റുകളിലാണ് മുന്നേറ്റതാരം ഡിയേഗോ മൗറീഷ്യോ ഗോളുകള്‍ നേടിയത്. ഫൈനലിലെ ഇരട്ട ഗോള്‍ അടക്കം ടൂര്‍ണമെന്റില്‍ ഇതുവരെ 5 ഗോളുകള്‍ നേടിയ ഡിയേഗോയാണ് മത്സരത്തിലെയും ടൂര്‍ണമെന്റിലെയും താരം. ബെംഗളൂരുവിന്റെ ഏകഗോള്‍ പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നേടി.
ബെംഗളൂരു ഗോളി ഗുര്‍പ്രീത് സന്ധുവിന്റെ ജാഗ്രതക്കുറവാണ് ഒഡീഷയുടെ ആദ്യ ഗോള്‍ പിറക്കാന്‍ കാരണം. ബോക്‌സിനു പുറത്തു നിന്ന് 23ാം മിനിറ്റില്‍ മൗറീഷ്യോ എടുത്ത ഫ്രീകിക്ക് സന്ധുവിന്റെ കയ്യിലേക്കാണ് പറന്നിറങ്ങിയത്. എന്നാല്‍ സന്ധുവിന്റെ കൈകള്‍ക്കിടയിലൂടെ പന്ത് വലയിലെത്തുകയായിരുന്നു.ആദ്യഗോളിന്റെ ആത്മവിശ്വാസം കളിയിലുടനീളം ഒഡീഷയ്‌ക്കു മേല്‍ക്കൈ നേടാന്‍ സബായകമായി.
ഒഡീഷയുടെ രണ്ടാം ഗോള്‍ 38ാം മിനിറ്റിലായിരുന്നു. വിക്ടര്‍ റോഡ്രിഗസ് വലതു കോര്‍ണറില്‍നിന്ന് നല്‍കിയ പാസ് ഇടതുവിംഗില്‍ നിന്ന ജെറി ഹെഡ് ചെയ്തു. പോസ്റ്റിലേക്കു പറന്നിറങ്ങിയ പന്ത് ബെംഗളൂരു കളിക്കാര്‍ തട്ടിയകറ്റിയത് മൗറീഷ്യോയുടെ കാലിലേക്കായിരുന്നു.പിഴയ്‌ക്കാതെ മൗറീഷ്യോ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഇതോടെ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് ഒഡീഷ മുന്നിലായി..
രണ്ടാം പകുതിയില്‍ ബെംഗളൂരു എഫ്‌സി കളിക്കാനിറങ്ങിയത് 4 മാറ്റങ്ങളുമായാണ്. രോഹിത് കുമാറിനും ജയേഷ് റാണയ്‌ക്കും പകരം പാബ്ലോ പെരസിനെയും ജൊവാനിച്ചിനെയും ഇറക്കി. ഒഡീഷ ഈ ഘട്ടത്തില്‍ പ്രതിരോധത്തിലേക്കു വലിഞ്ഞു. പ്രതിരോധക്കോട്ട പൊളിച്ച് അകത്തു കടക്കാന്‍ ബെംഗളൂരുവിനനായില്ല. ഒഡീഷ മുന്നേറ്റ താരം അനില്‍ ജാദവ് ബെംഗളൂരുവിന്റെ ശിവശക്തിയെ 83ാം മിനിറ്റില്‍ ബോക്‌സില്‍ വീഴ്‌ത്തിയതിന് ബെംഗളൂരുവിനു കിട്ടിയ പെനാല്‍റ്റി കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോളാക്കിയതോടെ സ്‌കോര്‍ 2-1 എന്ന് നിലയിലായി.ഐ എസ്് എല്‍ ഫൈനലില്‍ എടികെയോടും ബെംഗളൂരു തോറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: