തിരുവനന്തപുരം: മലബാറന് ഹാസ്യസംഭാഷണ ശൈലിയിലൂടെ മലയാളി മനസുകളെ കീഴടക്കിയ അതുല്യപ്രതിഭയായിരുന്നു മാമുക്കോയ. കോമഡി വേഷങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും സ്വഭാവവേഷങ്ങളിലും മിന്നും പ്രകടനമായിരുന്നു മാമുക്കോയയുടേത്. മരം അളക്കല്‍ ജോലിയില്‍ നിന്ന് നാടകത്തട്ടിലൂടെയാണ് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാമുക്കോയ മാറിയത്.
മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ല്‍ കോഴിക്കോട് ജില്ലയിലെ ജില്ലയിലെ പള്ളിക്കണ്ടിയിലാണ് മാമുക്കോയയുടെ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചതിനാല്‍ ജ്യേഷ്ഠന്റെ സംരക്ഷണയിലായിരുന്നു. കോഴിക്കോട് എം. എം. ഹൈസ്കൂളില്‍ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ സ്കൂളില്‍ നാടകം സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. മാമുക്കോയ. കോഴിക്കോട് ജില്ലയിലെ തന്നെ കല്ലായിയില്‍ മരം അളക്കലായിരുന്നു തൊഴില്‍. നാടകവും കല്ലായിലെ മരമളക്കല്‍ ജോലിയും അദ്ദേഹം ഒരുമിച്ചുകൊണ്ടുപോയി. കോഴിക്കോട് ഭാഗത്തെ നിരവധി നാടകസിനിമാക്കാരുമായി സൗഹൃദത്തിലായി. സുഹൃത്തുക്കള്‍ ചേര്‍ന്ന് നാടകം സിനിമയാക്കാമെന്ന് തീരുമാനിച്ചു. നിലമ്പൂര്‍ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുന്‍ഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ്, എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാന് തുടങ്ങിയവരുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 1979 ല്‍ നിലമ്പൂര്‍ ബാലന് സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയില്‍ എത്തിയത്. സിനിമകളില്‍ കോമഡി വേഷങ്ങളാണ് കൂടുതലും ചെയ്തത്.
1982ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയില്‍ ഒരു വേഷം ലഭിച്ചു. തുടര്‍ന്ന് സത്യന് അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര,നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകള്‍. നാടോടിക്കാറ്റിലെ ഗഫൂര്‍ കാ ദോസ് എന്ന ഡയലോഗ് ഉള്‍പ്പെടെ നിരവധി ഹാസ്യസംഭാഷണ ശകലങ്ങള്‍ ഇപ്പോഴും മലയാളി മനസുകളില്‍ മായതെയുണ്ട്. ഇന്നസെന്റിനു പിന്നാലെ മാമുക്കോയ കൂടി വിടവാങ്ങിയതിന്റെ ആഘാതത്തിലാണ് സിനിമ ലോകവും ആരാധകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: