ആര്‍എസ്എസ് പ്രചാരകന്മാര് ചോദ്യം എഴുതിക്കൊടുക്കും. അതിന്റെ ഉത്തരവും ആര്‍എസ്എസുകാര്‍ തന്നെ എഴുതിക്കൊടുത്തുകാണും. അതേ നരേന്ദ്രമോദി പറയൂ. നടക്കാന്‍ പോകുന്നത് അതാണ്. സിപിഎം സെക്രട്ടറി ഗോവിന്ദന് മാഷിന്റെ അഭിപ്രായമാണിത്. കൊച്ചിയില്‍ നടന്ന യുവം പരിപാടി അങ്ങിനെയൊരു അഭ്യാസമാണെന്ന് ആര്‍ക്കാണറിയാത്തത്? അതുകൊണ്ട് നരേന്ദ്രമോദിയോട് ചോദ്യം ചോദിക്കാമെന്ന മോഹവുമായി ആരും അങ്ങോട്ടു ചെല്ലേണ്ട. പക്ഷേ ഗോവിന്ദന് മാഷിന്റെ അഭിപ്രായം ആരും ഗൗരവത്തിലെടുത്തില്ല. പഴയ ഡ്രില്ലുമാഷിന്റെ തമാശ എന്നേ യുവാക്കള്‍ കണക്കാക്കിയുള്ളൂ. അതാണ് കൊച്ചിയില്‍ പങ്കെടുത്ത യുവ ലക്ഷങ്ങളുടെ പങ്കാളിത്തം വ്യക്തമാക്കിയത്.
ഗോവിന്ദന് മാഷിന്റെ അഭിപ്രായം എട്ടുനിലയ്ക്ക് പൊട്ടിയതിന്റെ അഭ്യാസമാണ് ഡിവൈഎഫ്ഐയുടെയും പാര്‍ട്ടി പത്രത്തിന്റെയും നിലപാടുകള്‍ വ്യക്തമാക്കുന്നത്. ‘യുവം പരിപാടിയില്‍ ചോദ്യവുമില്ല ഉത്തരവുമില്ല’ എന്ന തലക്കെട്ടുമായി ദേശാഭിമാനിയില്‍ ഒന്നാംപേജ്. രാഷ്ട്രീയ വേദിയല്ലെന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് കൊച്ചിയില്‍ യുവാക്കളെ സംഘടിപ്പിച്ചത്. ഇത് യുവാക്കളെ കബളിപ്പിച്ചാണെന്നും വാര്‍ത്തയിലുണ്ട്. സ്വര്ണക്കടത്തിനെക്കൂടി മോദി വിമര്‍ശിച്ചതാണ് ദേശാഭിമാനിയെ സങ്കടപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാര്‍ തൊഴിലവസരം സൃഷ്ടിക്കുന്നതായി മോദി പറഞ്ഞതും ദേശാഭിമാനിക്ക് സഹിക്കാനായില്ല. ആര്‍എസ്എസും ബിജെപിയും നടത്തുന്ന വിദ്യാലയങ്ങളില്‍ നിന്നാണ് സദസ്സിനെ നിറയ്ക്കാന്‍ ആളെ എത്തിച്ചതെന്ന പെരും നുണയും ഉളുപ്പില്ലാതെ നിരത്തിയിരിക്കുന്നു. ഉളുപ്പില്ലായ്മയ്ക്ക് പേരിട്ടാല്‍ അതാകും ഡിവൈഎഫ്ഐ എന്നുതോന്നും.
പ്രസംഗം അവസാനിപ്പിച്ച ഉടന്‍ നരേന്ദ്രമോദി വേദി വിട്ടത് സിപിഎമ്മിന് സഹിക്കുന്നില്ല. പിന്നാലെ യുവാക്കളും പോയത്രെ. ദേശീയതലത്തില്‍ യുവനിര പങ്കെടുക്കുമെന്ന് പ്രചരിപ്പിച്ചെങ്കിലും അത്തരക്കാരെ ഒന്നും കണ്ടില്ലെന്നും തട്ടിമൂളിച്ചിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന പ്രതീക്ഷയും മങ്ങി. ഗോവയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മതത്തിന്റെ അതിര് വരമ്പുകള്‍ക്കതീതമായി ബിജെപിയെ പിന്തുണച്ച കാര്യം മോദി എടുത്തുപറഞ്ഞതും സഹിച്ചില്ല. കേരളത്തില്‍ തൊഴില്‍ രഹിതരെ വഞ്ചിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടിനെ തുറന്നുകാട്ടിയ നരേന്ദ്രമോദിയെ ഇകഴ്ത്താനും സമയം കണ്ടെത്തി. രാജ്യത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുന്ന കേരളത്തിലേക്ക് നരേന്ദ്രമോദിക്ക് സ്വാഗതമെന്ന് പറഞ്ഞു ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റിന്റെ വിവരമില്ലായ്മ ബോധ്യപ്പെടുത്തുന്ന പ്രസ്താവനയാണ് രസകരം. ബിജെപി ഭരിക്കുന്ന ഗുജറാത്തിലും ഇതര ബിജെപി സംസ്ഥാനങ്ങളിലും എന്തേ അതിദരിദ്രരെ ഇല്ലാതാക്കാന്‍ പദ്ധതിയില്ലെന്ന ചോദ്യവും റഹിം ഉന്നയിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യം അധികാരത്തിലെത്തിയ സംസ്ഥാനമാണ് കേരളം. പാര്‍ട്ടി പലതവണ കേരളം ഭരിച്ചു. എന്നിട്ടും കേരളത്തില്‍ അതിദാരിദ്ര്യം തുടരുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് സഖാവിന് ഉത്തരമുണ്ടോ?
കേരളത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അതിദരിദ്രരെ കണ്ടില്ല. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന പാവപ്പെട്ടവരുടെ പെന്ഷന് പോലും തട്ടിപ്പറിച്ചു. രണ്ടാം പിണറായി വിജയന് സര്‍ക്കാരിന്റെ ആദ്യ ക്യാബിനറ്റിന്റെ ആദ്യ തീരുമാനം അതിദാരിദ്ര്യം സംസ്ഥാനത്ത് ഇല്ലാതാക്കാനായിരുന്നു. രണ്ടുവര്‍ഷം തികയാന്‍ പോകുന്നു. ഇതിനായി സര്‍വേ പൂര്‍ത്തിയാക്കിയതേ ഉള്ളൂ. പരമ ദരിദ്രാവസ്ഥയില്‍ കഴിയുന്ന 64,006 കുടുംബങ്ങളെ കണ്ടെത്തി. അവരെ സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് തുടക്കമാവുകയാണ്. കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിക്കും ബിജെപിക്കും കണ്ടുപഠിക്കാന്‍ പുതിയ മാതൃക കൂടി എന്നെഴുതിയാണ് റഹിം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. റഹീമിന്റെ എരപ്പാളിത്തരവും ഫേസ് ബുക്കില്‍ വിളമ്പുന്നുണ്ട്. അതിപ്രകാരം.
”അങ്ങ് ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലും ബിജെപി തുടര്‍ച്ചയായി ഭരിക്കുന്ന ‘ഡബിള്‍ എന്ജിന്’ സര്‍ക്കാരുകള്‍ക്കും എന്തുകൊണ്ടാണ് അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിയാത്തത്? രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ കാബിനറ്റിന്റെ ആദ്യ തീരുമാനം അതിദാരിദ്ര്യം സംസ്ഥാനത്ത് ഇല്ലാതാക്കാനായിരുന്നു.”
പരമ ദരിദ്രാവസ്ഥയില്‍ കഴിയുന്ന 64,006 കുടുംബങ്ങളെ കണ്ടെത്തി. അവരെ സംരക്ഷിക്കാനുള്ള നടപടികള്‍ക്കു സംസ്ഥാനത്ത് ഇപ്പോള്‍ തുടക്കമാകുകയാണ്. ചരിത്രപരമായ ഈ ഇടപെടല്‍ പൂര്‍ത്തിയാകുന്നതോടെ അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമാകും കേരളമെന്നാണ് റഹിമിന്റെ സ്വപ്നം.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കുകയെന്നതാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വീടില്ലാത്തവരും ഭൂമിയും വീടുമില്ലാത്തവരുമായ അതിദരിദ്രര്‍ക്ക്, ലൈഫ് പട്ടികയില്‍ മുന്‍ഗണന നല്കി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 11,340 പേര്‍ക്കാണ് ഇതിലൂടെ വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുക. ‘അവകാശം അതിവേഗം’ യജ്ഞത്തിലൂടെ അടിസ്ഥാന അവകാശ രേഖകള്‍ നല്‍കും. അടിസ്ഥാന സൗകര്യം, പഠന സൗകര്യം, ചികിത്സാ സൗകര്യം, ഭക്ഷണം ഉറപ്പാക്കല്‍, പുനരധിവാസം എന്നിങ്ങനെ എല്ലാതലത്തിലും സര്‍ക്കാര്‍ കൈത്താങ്ങുറപ്പാക്കുന്നതാണ് പദ്ധതി. അതിജീവനത്തിനായി കഷ്ടപ്പെടുന്നവര്‍ക്ക് കരുതലൊരുക്കുന്നതുവഴി ഏവര്‍ക്കും സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുങ്ങും. എവിടെയും പുഞ്ചിരി വിടരും” എത്രകൂട്ടിയാലും കിഴിച്ചാലും നരേന്ദ്രമോദിയുടെ ഭരണത്തിന്റെ നാലയലത്തെത്താന്‍ പറ്റുന്ന ആളല്ല പിണറായി. പിന്നെ ഓരോരോ സ്വപ്നങ്ങള്‍ കാണാം. അതിന് പ്രത്യേകം കാശൊന്നു മുടക്കേണ്ടതില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: