പാലക്കാട്: വന്ദേഭാരത് എക്സ്പ്രസ്സില്‍ വി.കെ. ശ്രീകണ്ഠന് എംപിക്ക് അഭിവാദ്യം അര്‍പ്പിച്ച് പോസ്റ്ററുകള്‍ പതിച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്. കോണ്‍ഗ്രസിന്റെ സംസ്കാരമാണ് അവരുടെ പ്രവര്‍ത്തികളില്‍ പ്രതിഫലിക്കുന്നതെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു.
മലയാളികളെ ആകെ അപമാനിച്ച നടപടിയാണിത്. രാജ്യത്തിന് മുന്നില്‍ കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട സ്ഥിതി. അല്പമെങ്കിലും അന്തസ്സ് അവശേഷിക്കുന്നുണ്ടെങ്കില്‍ കേരളത്തോട് വി.കെ. ശ്രീകണ്ഠന് മാപ്പ് പറയണമെന്നും വി. മുരളീധരന് ഫേസ്ബുക്കില്‍ കുറിച്ചു. വിഷയം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ യുവമോര്‍ച്ചയുടെ പരാതിയില്‍ ഷൊര്‍ണൂര്‍ റെയില്‍വെ പോലീസ് കേസെടുത്തു. റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. ഉദ്ഘാടനം ചെയ്ത ദിവസം തന്നെ സ്വന്തം പോസ്റ്റര്‍ പതിപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ട്രെയിനിനെ നശിപ്പിക്കാന്‍ ശ്രമിച്ചതിന് ശ്രീകണ്ഠന് എംപിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി നേതാവ് കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം എക്സ്പ്രസില്‍ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ തനിക്ക് അറിവില്ലെന്ന് എംപി വി.കെ. ശ്രീകണ്ഠന്. എന്റെ അറിവോടെയോ സമ്മതത്തോടെയോ ആരും പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് അറിവില്ലെന്നും അദേഹം പറഞ്ഞു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപി വി.കെ. ശ്രീകണ്ഠന്റെ ചിത്രമടങ്ങിയ പോസ്റ്റര്‍ ട്രെയിനിന്റെ ജനല്‍ ചില്ലില്‍ ഒട്ടിച്ചത്. ഒരു ബോഗി മുഴുവനും പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു. റെയില്‍വേ പൊലീസ് സംഘമെത്തി ഉടന്‍ തന്നെ പോസ്റ്ററുകള്‍ നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: