തിരുവനന്തപുരം: അന്താരാഷ്‌ട്ര നിലവാരമുള്ള വന്ദേഭാരതിനെ കന്നി ഓട്ടത്തില്‍ തന്നെ ലോക്കലാക്കി കോണ്‍ഗ്രസുകാര്‍. വന്ദേഭാരതില്‍ പലയിടത്തും കോണ്‍ഗ്രസ് പാലക്കാട് എംപി ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിച്ച് വൃത്തികേടാക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠന്റെ ചിത്രങ്ങൾ ജനല്‍ ചില്ലില്‍ ഒട്ടിച്ചത്. ഒട്ടേറെ ചില്ലുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചു.റെയിൽവേ പൊലീസ് സംഘമെത്തി പിന്നീട് പോസ്റ്ററുകൾ ഉടൻ നീക്കം ചെയ്തു.
ആരും കാണാതെ രഹസ്യമായാണ് ഇവര്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. വന്ദേ ഭാരത് ട്രെയിന്റെ ചില്ലുകളിലും നിറയെ പോസ്റ്റുകള്‍ പതിച്ചിരിക്കുകയാണ്. ഇത് കീറിക്കളഞ്ഞാലും ചില്ലിന്റെ പഴയ ഫ്രെഷ്നസ് നിലനിര്‍ത്തുക ബുദ്ധിമുട്ടാണ്. ഇതിന് പിന്നിലുള്ളവരെ കണ്ട് പിടിച്ച് ശിക്ഷിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. വന്ദേഭാരതിന് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചതിനാണ് ശ്രീകണ്ഠനെ അഭിനന്ദിച്ചുള്ള പോസ്റ്റര്‍.
42 വിദ്യാര്‍ത്ഥികളുമായി മോദി വന്ദേ ഭാരത് ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി സംവദിച്ചിരുന്നു. അതില്‍ പല കുട്ടികളും ഏറെ വൈകാരികതയോടെയാണ് വന്ദേ ഭാരത് എന്ന അത്യാധുനിക എക്സ്പ്രസ് ട്രെയിനിനെ കണ്ടത്. പലരും വന്ദേഭാരതിന്റെ ചിത്രങ്ങള്‍ വരച്ചത് മോദി നോക്കിക്കണ്ടിരുന്നു. ആ നിര്‍മ്മലമായ ശിശുഭാവനകളാണ് വകതിരിവില്ലാത്ത കോണ്‍ഗ്രസുകാരുടെ നെറികേടില്‍ വികൃതമായത്.
കേരളത്തിന്റെ പുതിയ മുഖത്തിന്റെ പ്രതീകമായാണ് വന്ദേഭാരത് പ്രധാനമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം കേരളത്തില്‍ എത്തിച്ചത്. പക്ഷെ അതിന് ഒരു വിലയും കല്‍പിക്കാതെ, വികൃതമാക്കുക എന്ന ഒറ്റ ഉദ്ദേശ്യമാണ് ഈ പോസ്റ്റര്‍ പതിച്ച കോണ്‍ഗ്രസുകാര്‍ക്കുള്ളത്. പൗരധര്‍മ്മം പോലും അറിയാത്ത കോണ്‍ഗ്രസുകാരുടെ ഈ തറവേലത്തരത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.
“ഇത് റെയിൽവേ പോലീസ് നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നോ? ഇത് ഒട്ടിക്കുവാൻ വന്നവരെ ഉടനെ അറസ്റ്റ് ചെയ്തു മാറ്റേണ്ടതായിരുന്നു. അതിനുള്ള സ്വാതന്ത്ര്യവും അനുവാദം ഒന്നും കൊടുക്കാതെ എങ്ങനെയാ പോസ്റ്റർ ഒട്ടിക്കുന്നത്? ഈ രീതിയിൽ പോവുകയാണെങ്കിൽ ട്രെയിനുകൾ എല്ലാം മുഴുവനും ഫ്ലക്സും, പോസ്റ്റർ ഒട്ടിച്ച് നശിപ്പിച്ചു കളയും. ഇത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ പറ്റാത്ത അക്ഷന്തവ്യമായ തെറ്റാണ്. ഇത് ഒട്ടിക്കാൻ അനുവാദം കൊടുത്ത റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും, പ്രൊട്ടക്ഷൻ ഫോഴ്സിലെ പോലീസ് കാർക്കും എതിരെ ഉടൻതന്നെ നടപടി എടുക്കേണ്ടതാണ്.”- ഇതുപോലുള്ള നൂറുകണക്കിന് കമന്‍റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രതികരണമായി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: