കാസര്‍കോട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പോലീസിനും സിപിഎമിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബവും സാധുജന പരിഷതും രംഗത്ത്. സിപിഎം നേതൃത്വം തിരിഞ്ഞ് നോക്കിയില്ലെന്നും പോലീസ് അന്വേഷണത്തില്‍ അലംഭാവം കാട്ടുന്നതായും സഹോദരി ലീലയും മറ്റ് ബന്ധുക്കളും ആരോപണവുമായി രംഗത്ത് വന്നത്.ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണ് തൃക്കരിപ്പൂര്‍ പടന്ന കോണത്തുവയല്‍ ബ്രാഞ്ച് സെക്രട്ടറി എം.സുദര്‍ശനനെ(37)കാഞ്ഞങ്ങാട് ചിത്താരി റെയില്‍വേ ട്രാക്കില്‍ തീ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി സുദര്‍ശനന്റെ സ്കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്നു.
സുദര്ശന് ദീര്‍ഘദൂരം സ്കൂട്ടറില്‍ തനിയെ യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. തലേന്ന് രാത്രി എട്ട് മണിയോടെ മുന്‍ ബ്രാഞ്ച് സെക്രട്ടറി മനോജ് വന്ന് സുദര്‍ശനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് സഹോദരി ലീല പറഞ്ഞു. ക്ലബില്‍ പരിപാടി നടക്കുന്നതിനാല്‍ അതിന്റെ അലങ്കാരത്തിനായി പോയതാണെന്നാണ് കരുതിയതെന്നും അവര്‍ അറിയിച്ചു. പിറ്റേന്ന് രാവിലെയും കാണാത്തതിനാല്‍ മനോജിനെ രണ്ട് തവണ ഫോണ്‍ വിളിച്ചുവെങ്കിലും എടുത്തില്ല. ഒരു സിപിഎം ലോക്കല്‍ നേതാവിനെ സുദര്‍ശന്റെ മരണത്തില്‍ പങ്കുള്ളതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പിന്നീട് 16ന് രാവിലെയാണ് സുദര്‍ശനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുദര്ശനന് തലേദിവസം എവിടെയായിരുന്നുവെന്നും, കയ്യിലുണ്ടായിരുന്ന 50000 രൂപ എവിടെപ്പോയെന്നുമുള്ള നിരവധി സംശയങ്ങള്‍ ബന്ധുക്കള്‍ ചോദിക്കുന്നു.അവിവാഹിതനായ സുദര്ശനന് ഒമ്പത് ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നാണ് മരണശേഷം, സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ് ഭാരവാഹികളും നേതൃത്വവും പറയുന്നത്. ക്ലബിന്റെ വനിതാ വിഭാഗം ഭാരവാഹിയായ സഹോദരി ലീലയ്ക്ക് പോലും ഇങ്ങനെയൊരു കടബാധ്യതയുള്ള വിവരം അറിയില്ലായിരുന്നു. സിപിഎം നേതാവിന്റെ കടബാധ്യത തീര്‍ക്കാന്‍ സുദര്‍ശനനെ കരുവാക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. മരണശേഷം മൃതദേഹത്തില്‍ റീത്ത് വെക്കാന്‍ പോലും സിപിഎം നേതൃത്വം തയ്യാറായില്ല. ഒരു ബ്രാഞ്ച് സെക്രട്ടറി മരിച്ചിട്ട് പോലും വീട്ടുകാരെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും നേതാക്കളാരും എത്തിയില്ല. രാത്രിയുള്ള ട്രെയിന്‍ തട്ടിയാണ് സുദര്ശനന് മരിച്ചതെന്ന് പോലീസ് പറയുന്നു. ട്രെയിന്‍ തട്ടിയാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും പോലീസ് അറിയിച്ചിരുന്നു. ട്രെയിനിന്റെ ലോകോപൈലറ്റിന്റേതാണെന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം തങ്ങളെ കേള്‍പ്പിച്ചിരുന്നുവെന്നും ഇതില്‍ ട്രെയിന്‍ 25 മീറ്റര്‍ അടുത്തെത്തിയപ്പോള്‍ ആദ്യം തലവെച്ച് കിടക്കാന്‍ നോക്കിയെന്നും പിന്നീട് ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നുവെന്നുമുള്ള വിവരങ്ങളാണ് പറഞ്ഞിരുന്നത്.
തൊട്ടടുത്തുള്ള കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന് അധികൃതരെ സമീപിച്ചപ്പോള്‍ രാവിലെ വാക് ടോകില്‍ ഒരാള്‍ ട്രയിന്‍ തട്ടി മരിച്ചിട്ടുണ്ടെന്ന പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. രാവിലെ 6.45 മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ പോലീസ് പറയുന്നത് രാത്രിയുള്ള ട്രയിന്‍ തട്ടിയാണ് മരണമെന്നാണ്. ഈ ഭാഗത്ത് സ്ഥിരമായി പ്രഭാതസവാരി നടത്തുന്നവരെ കണ്ട് സംസാരിച്ചപ്പോള്‍ തങ്ങള്‍ രാവിലെ 6.15ന് പോകുന്നത് വരെ മൃതദേഹം അവിടെയുണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്. പിന്നെങ്ങനെ രാത്രി മരണം നടന്നുവെന്ന് പോലീസ് പറയുന്നത് മനസിലാകുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
മദ്യപാനമോ മറ്റ് ദുശീലങ്ങളോ സുദര്ശന് ഉണ്ടായിരുന്നില്ല. മൃതദേഹത്തില്‍ ഷര്‍ട്ട് ഇല്ലാതിരുന്നതും ദുരൂഹമാണ്. ഷര്‍ട്ട് ട്രെയിന്‍ കൊണ്ടുപോയിട്ടുണ്ടാവുമെന്നാണ് പോലീസിന്റെ ഭാഷ്യം. സുദര്ശനന് സ്കൂട്ടറില്‍ പോകുന്നുവെന്ന് പറയുന്ന ഒരു സിസിടിവി ദൃശ്യവും പോലീസ് കാണിച്ചിരുന്നു. എന്നാല്‍ പടന്ന മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള മറ്റ് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നില്ലേയെന്നും ഇവര്‍ ചോദിക്കുന്നു.
സുദര്ശനന് ആത്മഹത്യ ചെയ്തുവെന്ന് ഉറപ്പുണ്ട്. അഥവാ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താനുള്ള ബാധ്യത പോലീസിനുണ്ട്. അതിന്റെ സത്യം പുറത്തുവരണം. സര്‍വത്ര ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബന്ധുക്കളും പ്രദേശവാസികളും ഒപ്പിട്ട ഭീമ ഹര്‍ജി ബന്ധപെട്ടവര്‍ക്ക് സമര്‍പ്പിക്കുമെന്നും പട്ടിക ജാതി കമ്മീഷനും ദേശീയ പട്ടിക ജാതി കമ്മീഷനും പരാതി നല്‍കുമെന്നും സാധുജന പരിഷത് ഭാരവാഹികളും പ്രവര്‍ത്തകരും അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് അനീഷ് പയ്യന്നൂര്‍, ജില്ലാ പ്രസിസന്റ് ഹരിദാസ് ഇരിക്കൂര്‍, സുദര്‍ശനന്റെ സഹോദരി ലീല, ബന്ധുക്കളായ കെ ഉണ്ണി, സുകുമാരന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: