സുരേഷ് മണ്ണാറശാല
ഹരിപ്പാട് കൂത്തമ്പലത്തിന്റെ മേല്‍ക്കൂരയില്‍ എല്ലാ ഭാഗത്തും പൂക്കളും മൊട്ടുകളും വള്ളിപ്പടര്‍പ്പുകളുമൊക്കെ മനോഹരമായി ശില്‍പ്പവേല നടത്തിയിട്ടുണ്ട്. തെക്കുഭാഗത്ത് ശ്രീകൃഷ്ണ ലീലകളും പടിഞ്ഞാറ് സുബ്രഹ്മണ്യന്‍, ശിവന്‍, പാര്‍വ്വതി, ഗണപതി എന്നീ ദേവതകളെയും ഗരുഡന്‍, മയില്‍, കുതിര, ഐരാവതം തുടങ്ങിയ ദേവവാഹനങ്ങളെ വടക്കുഭാഗത്തും ചിത്രീകരിച്ചിട്ടുണ്ട്.
എണ്‍പത്തിമൂന്ന് താഴികക്കുടങ്ങളുടെ ആകൃതിയിലുള്ള ശില്‍പ്പങ്ങള്‍ തലകീഴായി ഘടിപ്പിച്ചിട്ടുണ്ട്. ചുറ്റുമുള്ള ഇരുപത്തിനാല് കരിങ്കല്‍ തൂണുകള്‍ക്കിടയില്‍ തടികൊണ്ട് വിലങ്ങനെ അഴികള്‍ പണിതു ചേര്‍ത്തിരിക്കുന്നു. എല്ലാ കരിങ്കല്‍തൂണുകളിലും സാലഭഞ്ജികാ ശില്‍പ്പങ്ങളുണ്ട്. മൂലകളിലുള്ള തൂണുകളുടെ പുറത്തേക്കു കാണുന്ന ഇരുവശങ്ങളിലും ഇതേപോലെ സാലഭഞ്ജികകളുണ്ട്. കരിങ്കല്ലിലാണ് അധിഷ്ഠാനം പൂര്‍ണ്ണമായി സ്ഥാപിച്ചിട്ടുള്ളത്.
വടക്കുഭാഗത്ത് വിസ്താരത്തിലുള്ള വാതിലും സോപാനവുമുണ്ട്. പടിഞ്ഞാറ് ഭാഗത്ത് വാതിലിലൂടെ ഇരുവശങ്ങളിലേക്കും ഇറങ്ങത്തക്ക രീതിയിലുള്ള പടികളാണ് സജ്ജീകരിച്ചിരിച്ചിരിക്കുന്നത്. ഇതിന്റെ പടിഞ്ഞാറുഭാഗത്തായി കരിങ്കല്ലില്‍ കൊത്തിയ മനോഹരമായ രണ്ട് ശില്‍പ്പങ്ങളുണ്ട്. ഇവ അടുത്തിടെ പെയിന്റുചെയ്ത് വികലമാക്കിയിരിക്കുന്നതായി കാണാം. ഹരിപ്പാട് ക്ഷേത്രത്തിന് അഗ്നിബാധയുണ്ടായത് 1921ലാണെന്ന് ചരിത്രം രേഖപ്പെടുത്തുമ്പോള്‍ ആ അഗ്നിബാധയെ അതിജീവിച്ചത് കൂത്തമ്പലം മാത്രമാണെന്നുള്ള സത്യം പഴമയുടെ ശേഷിപ്പുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നു.
ഹരിപ്പാട് വേലായുധസ്വാമിയുടെ ക്ഷേത്രത്തിലേക്ക് കടന്നുവരുന്ന ഏതൊരാള്‍ക്കും ഇവിടെയുള്ള കൂത്തമ്പലം വല്ലാത്ത അനുഭൂതികളുര്‍ത്തുന്നു. പൈതൃക സമ്പത്തുകളെപ്പറ്റി ഗവേഷണം നടത്തുന്നവര്‍ക്കും ആദ്ധ്യാത്മിക അന്തസത്തയുടെ അടിവേരുകള്‍ അന്വേഷിക്കുന്നവര്‍ക്കും ഇവിടെയുള്ള കാഴ്ചകള്‍ വളരെയധികം അത്ഭുതമുണര്‍ത്തുന്നവ തന്നെയാണ്.
ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കു ആദ്ധ്യാത്മികതയ്‌ക്ക് മുകളില്‍ വര്‍ണപ്പൊലിമകള്‍ തീര്‍ക്കുമ്പോള്‍ ക്ഷേത്ര പുനരുദ്ധാരണത്തിനും പൈതൃക സമ്പത്തായ കൂത്തമ്പലത്തിന്റെ സംരക്ഷണത്തിനും ആരും പ്രാധാന്യം നല്‍കിക്കാണുന്നില്ലയെന്നത് ദയനീയമായ കാഴ്ചയാണ്. പുതിയ നിര്‍മ്മിതിയില്‍ ആകര്‍ഷകത്വം വര്‍ദ്ധിപ്പിക്കാമെന്നുള്ള വാക്ചാതുര്യത്തില്‍ മയങ്ങി കച്ചവടലോബികള്‍ പഴമയെ തൂത്തെറിഞ്ഞ് അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഹരിപ്പാട് ക്ഷേത്രവും ഒട്ടും വിമുക്തമല്ല എന്നു പറയേണ്ടിയിരിക്കുന്നു. ചരിത്രപ്രസിദ്ധമായ ഹരിപ്പാടിന്റെ കൂത്തമ്പലം അതേപടി നവീകരിച്ച് നിലനിര്‍ത്തേണ്ടത് വരുംതലമുറകള്‍ക്ക് നാം നല്‍കേണ്ട പാരമ്പര്യ സമ്മാനമാണ്. അതിനായി ഈ ഉത്സവവേളയില്‍ പുതിയ ചിന്താധാരകള്‍ ഉണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: