ശ്രീനഗര്‍ : ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവനായ സയ്യിദ് സലാഹുദ്ദീന്റെ മക്കളുടെ സ്വത്തുക്കള്‍ ദേശീയ അന്വേഷണ ഏജന്‍സി കണ്ടുകെട്ടി. ജില്ലയിലെ ബുദ്ഗാം സോയിബുഗ് സ്ഥിതി ചെയ്യുന്ന ഷാഹിദ് യൂസഫിന്റെയും സയ്യിദ് അഹമ്മദ് ഷക്കീലിന്റെയും സ്ഥാവര സ്വത്തുക്കളാണ് അന്വേഷണ ഏജന്‍സി കണ്ടുകെട്ടിയിയത്.
ഭീകരന്റെ രണ്ട് മക്കളും യഥാക്രമം 2017 ഒക്ടോബറിലും 2018 ഓഗസ്റ്റിലും അറസ്റ്റിലായതിന് ശേഷം ദല്‍ഹിയിലെ തിഹാര്‍ ജയിലില്‍ തടവിലാണ്. സലാഹുദ്ദീന്റെ കൂട്ടാളികളില്‍ നിന്നും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരില്‍ നിന്നും വിദേശത്ത് നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തിലാണ് ഇരുവര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
സലാഹുദ്ദീന് 1993ല്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്യുകയും 2020 ഒക്ടോബറില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു. നിലവില്‍ പാകിസ്ഥാനില്‍ നിന്നാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ തലവന്‍ കൂടിയാണ് ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: