തിരുവനന്തപുരം: ‘പ്രസ് ക്ളബ്ബ് എന്നെ ആദരിക്കുമ്പോള്‍ അതൊരു കാവ്യനീതിയാണ്. കാരണം, ഞാനും കുറച്ചുനാള്‍ പത്രപ്രവര്‍ത്തകനായിരുന്നു. ജനയുഗം സിനിമാ മാസികയുടെ ചെന്നൈ പ്രതിനിധിയായിരുന്നു’. പ്രസ് കഌബ്ബിന്റെ ആദരവ് ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകളായിരുന്നു ഇവ.
ആദ്യത്തെ പത്രപ്രവര്‍ത്തനം ശിവാജി ഗണേശനുമായി അഭുമുഖം. ഒപ്പം വന്നത് പ്രേം നസീര്‍. എം എന്‍ നമ്പ്യാര്‍ മലയാളി ആണെന്നകാര്യം പലരും അറിഞ്ഞത് ഞാന്‍ അഭുമുഖം നടത്തിയ ശേഷമാണ്. ഷീലയുമായി സംസാരിച്ച് അവരുടേതായ കുറിപ്പും എഴുതി’ ശ്രീകുമാരന്‍ തമ്പി പറഞ്ഞു
സിനിമയിലെ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചു. സിനിമയ്ക്ക് പുറത്ത് എന്‍ജിനീയര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ അല്പകാലം ജനയുഗം പത്രത്തിന്റെയും മാഗസിന്റെയും സിനിമ മാഗസിന്റെയും മദ്രാസ് സിറ്റി എഡിറ്ററായി 1966-68 കാലത്ത് പ്രവര്‍ത്തിച്ചിരുന്നു. ജനയുഗം പത്രാധിപരായിരുന്ന കാമ്പിശേരി കരുണാകരനാണ് തനിക്ക് ഈ ജോലി നല്‍കിയത്. അപ്രതീക്ഷിതമായിരുന്നെങ്കിലും താന്‍ ആ ജോലി ധൈര്യപൂര്‍വം ഏറ്റെടുത്തു. ജനയുഗത്തിന്റെ സിനിമ മാസികയ്ക്കു വേണ്ടി ശിവാജി ഗണേശന്റെ അഭിമുഖമാണ് ആദ്യമായി തയാറാക്കിയത്.ശിവാജി ഗണേശനായിരുന്നു അന്ന് ഏറ്റവും വലിയ താരം. അദ്ദേഹത്തിന്റെ അഭിമുഖം ചെയ്യണെന്നാഗ്രഹിച്ചു. പ്രേം നസീറനോട് വിളിച്ച് ഏര്‍പ്പാടാക്കണമെന്നും കൂടെ വരണമെന്നും ആവശ്യപ്പെട്ടു. ഇന്നത്തെ സൂപ്പര്‍സ്റ്റാര്‍ മാരേപ്പോലെയായിരുന്നില്ല നസീര്‍. ഒരു തലക്കനവുമില്ലാത്ത സാധാരണക്കാരന്. ശിവാജി ഗണേഷനെ നസീര്‍ വിളിച്ച് കാര്യം പറഞ്ഞു. കവിയാണ് അഭുമുഖത്തിനെത്തുന്നതെന്നും പറഞ്ഞു. കവികളോടൊക്കെ അവര്‍ക്ക് വലിയ ബഹുമാനമാണ്. അതിനാല്‍ പ്രഭാത ഭക്ഷണം വീട്ടിലാകാമെന്നു ശിവാജി പറഞ്ഞു. നസീറിനെയും കൂട്ടി വീട്ടില്‍ ചെന്നപ്പോള്‍ ഞങ്ങളെ സ്വീകരിക്കാന്‍ ശിവജി ഗണേശന് പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു. പിന്നീട് ഇഡലിയും സാമ്പാറും ഞങ്ങള്‍ക്ക് അദ്ദേഹം തന്നെ വിളമ്പിതന്നു. അഭിമുഖം രണ്ടു ലക്കത്തിലായി അച്ചടിച്ചുവന്നു. വാരികയുടെ കോപ്പി കൂടാന്‍ അത് സഹായിച്ചു. പിന്നീട് എം എന്‍ നമ്പ്യാരുടെ അഭിമുഖം എടുത്തു. അദ്ദേഹം മലയാളി ആണെന്നത് ഇവിടാര്‍ക്കും അറിയില്ലായിരുന്നു. അക്കാര്യം ഞാന്‍ എഴുതിയപ്പോളാണ് പലരും അറിഞ്ഞത്
പിന്നീട് ഷീലയുടെ ഓര്‍മ്മക്കുറിപ്പുകളും വാരികയ്ക്കു വേണ്ടി തയാറാക്കി നല്കി. പില്ക്കാലത്ത് നിരവധി സിനിമകള്‍ക്കായി ഒരേ സമയം പാട്ടെഴുതേണ്ടി വന്നപ്പോള്‍ പത്രപ്രവര്‍ത്തനം നടത്താന്‍ സമയമില്ലാതായി. താനെഴുതിയ പാട്ടുകള്‍ പുതുതലമുറ റിയാലിറ്റി ഷോകളിലടക്കം പാടുന്നത് കേള്‍ക്കുമ്പോള്‍ അതിയായ സന്തോഷമുണ്ട്’. ശ്രീകുമാരന്‍ തമ്പി വിശദീകരിച്ചു.
മാദ്ധ്യമ പ്രവര്‍ത്തകര്‍ എഴുതുന്ന വാര്‍ത്തകളുടെ ഇംപാക്ട് എന്താണെന്നതുകൂടി ചിന്തിക്കണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന് പിള്ള പറഞ്ഞു. വാര്‍ത്തകള്‍ നല്കുമ്പോള് പലപ്പോഴും വിശദീകരണം പോലും തേടാറില്ല. തെറ്റ് സംഭവിച്ചാല്‍ നല്കുന്ന തിരുത്തിലൂടെ ലക്ഷക്കണക്കിന് പേരുടെ മനസിലെത്തിയ വാര്‍ത്ത കൂടുതല്‍ പേരില്‍ എത്തുമെന്നല്ലാതെ വായിച്ച എല്ലാവരിലും എത്താറില്ലെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന് അദ്ധ്യക്ഷനായി. മന്ത്രി ആന്റണി രാജു, മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്, പിരപ്പന്‍കോട് മുരളി എന്നിവര്‍ സംസാരിച്ചു. മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ശ്രീകുമാരന്‍ തമ്പി എഴുതിയ ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്ന ഗാനം ആലപിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ.എന്‍. സാനു സ്വാഗതവും ഐ.ജെ.ടി ഫാക്കല്‍ട്ടി ശശിമോഹന്‍ നന്ദിയും പറഞ്ഞു. ജേര്‍ണലിസം വിദ്യാര്‍ത്ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളും റാങ്ക് ജേതാക്കള്‍ക്കുള്ള ഉപഹാരങ്ങളും എന്‍ഡോവ്മെന്റുകളും ചടങ്ങില്‍ വിതരണം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: