തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് സര്‍വീസിലേക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ആദ്യ ദിനങ്ങളിലെ ടിക്കറ്റുകള്‍ തീര്‍ന്നു. രണ്ടു ദിവസത്തെ എക്സിക്യുട്ടീവ് ക്ലാസ് ടിക്കറ്റുകള്‍ വെയിറ്റിംഗ് ലിസ്റ്റിലാണ് ഇപ്പോള്‍. ചെയര്‍ കാര്‍ ടിക്കറ്റുകള്‍ മൂന്നില്‍ രണ്ടും റിസര്‍വേഷനായി. ചെയര്‍ കാറില്‍ 914 സീറ്റും എക്സിക്യുട്ടീവില്‍ 84 സീറ്റും ഉള്‍പ്പെടെ 1000 സീറ്റാണ് വന്ദേഭാരതിലുള്ളത്. ഏപ്രില്‍ 28 മുതലാണ് റഗുലര്‍ സര്‍വീസ്. മറ്റു ട്രെയിനുകളിലെപ്പോലെ റയില്‍വേ ബുക്കിംഗ് സെന്ററുകളില്‍ നിന്നും വെബ്സൈറ്റ്, മൊബൈല്‍ ആപ്പുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്ക് ചെയര്‍കാറില്‍ 1590 രൂപയും എക്സിക്യുട്ടീവില്‍ 2880 രൂപയുമാണ്. ഭക്ഷണത്തിന്റെ വിലയടക്കമുള്ള നിരക്കാണിത്. തിരികെയുള്ള യാത്രയില്‍ നിരക്കിന് ഇളവുണ്ട്. ചെയര്‍കാറില്‍ 1520 രൂപയും എക്സിക്യൂട്ടീവില്‍ 2815 രൂപയും മതി. ഭക്ഷണത്തിന്റെ നിരക്കിലെ വ്യത്യാസമാണ് ടിക്കറ്റ് ചാര്‍ജ് കുറയാന്‍ കാരണം. കാസര്‍കോട്ടേക്ക് പോകുമ്പോള്‍ രാവിലെ കാപ്പിയും ഉച്ചഭക്ഷണവും ലഘു ഭക്ഷണവും യാത്രക്കാര്‍ക്ക് ലഭിക്കും. തിരികെ വൈകിട്ട് ലഘുഭക്ഷണവും അത്താഴവും മാത്രം നല്കിയാല് മതിയാവും. എട്ടു മണിക്കൂറും അഞ്ചു മിനിട്ടുമാണ് തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്കുള്ള യാത്രാസമയം. തിരുവനന്തപുരത്തു നിന്ന് കോഴിക്കോടിന് ചെയര്‍ കാറില്‍ 1090 രൂപയാണ് നിരക്ക്. ഇതില്‍ അടിസ്ഥാന ടിക്കറ്റ് നിരക്ക് 803 രൂപ, റിസര്‍വേഷന്‍ ചാര്‍ജ് 40, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ് 45, ചരക്കു സേവന നികുതി 45, കാറ്ററിംഗ് ചാര്‍ജ് 157 രൂപ എന്നിവ ഉള്‍പ്പെടും. വ്യാഴം ഒഴികെയുള്ള ആഴ്ചയിലെ ആറു ദിവസവും സര്‍വീസ് നടത്തും. രാവിലെ 5.20നു തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.25ന് കാസര്‍കോട്ടെത്തും. ഉച്ചകഴിഞ്ഞു 2.30നു തിരിച്ച് രാത്രി 10.35ന് തിരുവനന്തപുരത്തെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: