ബെംഗളൂരു: സഞ്ജുവിന്റെ രാജസ്ഥാന് റോയല്‍സിനെതിരെ ഏഴ് റണ്‍സിന്റെ വിജയവുമായി കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആദ്യ ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ കിടിലന്‍ ഫോമിലുള്ള ഫാഫ് ഡുപ്ലെസിയും ഗ്ലെന്‍ മാക്സ്വെല്ലും നേടിയ അര്‍ധ സെഞ്ച്വറികളുടെ മികവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എടുത്തു. എന്നാല്‍, രാജസ്ഥാന്റെ ഇന്നിങ്സ് 182ല്‍ അവസാനിക്കുകയായിരുന്നു. നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലാണ് ബാംഗ്ലൂരിന്റെ വിജയമുറപ്പിച്ചത്. സഞ്ജുവിനു പുറമെ ദേവദത്ത് പടിക്കലും അബ്ദുള്‍ ബാസിത് ബാറ്റ് ചെയ്തതോടെ മൂന്നു മലയാളികള്‍ കളിച്ച മത്സരമായിരുന്നു.
പൊരുതാവുന്ന സ്കോര്‍ ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാന് ആദ്യ ഓവറില്‍ തന്നെ ജോസ് ബട്ലറിനെ സംപൂജ്യനായി മടക്കി സിറാജ് തിരിച്ചടി നല്‍കിയെങ്കിലും ഓപണര്‍ യശസ്വി ജൈസ്വാളും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് സ്കോര്‍ അതിവേഗം ഉയര്‍ത്തുകയായിരുന്നു. ജയ്സ്വാള്‍ പടിക്കല്‍ സഖ്യം 98 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ പടിക്കല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 34 പന്തുകള്‍ നേരിട്ട പടിക്കല്‍ ഒരു സിക്സും ഏഴ് ഫോറും നേടി. പടിക്കലിനെ ഡേവിഡ് വില്ലി, വിരാട് കോലിയുടെ കൈകളിലെത്തിച്ചു. വൈകാതെ ജയ്സ്വാളും മടങ്ങി. ഹര്‍ഷലിന്റെ പന്തില്‍ കോലിക്ക് ക്യാച്ച്. അഞ്ച് ഫോറും രണ്ട് സിക്സും ജയ്സ്വാളിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു.നാലാമനായി ക്രീസിലെത്തിയ സഞ്ജു നന്നായി തുടങ്ങി. വാനിന്ദു ഹസരങ്കയ്ക്കെതിരെ ഒരു സിക്സും ഒരു ഫോറും നേടാന്‍ സഞ്ജുവിനായി. എന്നാല്‍ ഹര്‍ഷലിന്റെ പന്തില്‍ ഷഹ്ബാസിന് ക്യാച്ച് നല്കി.
ഷിംറോണ്‍ ഹെത്മയറും റണ്ണൗട്ടായി മടങ്ങിയതോടെ രവിചന്ദ്ര അശ്വിനെ കൂട്ടുപിടിച്ച് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ധ്രുവ് ജുറേല്‍ ടീമിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചു. അവസാന ഓവറുകളില്‍ 16 പന്തുകളില്‍ 36 റണ്‍സാണ് ജുറേല്‍ അടിച്ചത്. എന്നാല്‍, അശ്വിനെ അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ പ്രഭുദേശായുടെ കൈകളിലെത്തിച്ചു. അവശേഷിച്ച പന്തുകളില്‍ രാജസ്ഥാന് വിജയ റണ്‍ നേടാനുമായില്ല.
ചുവപ്പിനു പകരം പച്ച ജേഴ്്സിയില്‍ കളിക്കാനിറങ്ങിയ ബാംഗ്ലൂര്‍ ഇന്നിംഗ്സ് തകര്‍ച്ചയോടെയാണ് ആരംഭിച്ചത്. ആദ്യ പന്തില്‍ വിരാട് കോലി ഗോള്‍ഡന്‍ ഡക്ക്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഷഹബാസ് അഹ്മദും (2) പുറത്ത്. ട്രെന്റ് ബോള്‍ട്ടിനായിരുന്നു രണ്ട് വിക്കറ്റും. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ മാക്സ്വലും തകര്‍പ്പന്‍ ഫോമിലുള്ള ഫാഫ് ഡുപ്ലെസിയും ഒടി തുടങ്ങി.അനായാസം ബാറ്റ് ചെയ്ത സഖ്യം വേഗത്തില്‍ സ്കോര്‍ ഉയര്‍ത്തി. 27 പന്തില്‍ മാക്സ്വലും 31 പന്തില്‍ ഡുപ്ലെസിയും അര്‍ധസെഞ്വറി തികച്ചു. 125 റണ്‍സ് നീണ്ട കൂട്ടുകെട്ട് ഒടുവില്‍ യശസ്വി ജയ്സ്വാള്‍ അവസാനിപ്പിച്ചു. 39 പന്തില്‍ 62 റണ്‍സ് നേടിയ ഡുപ്ലെസിയെ യശസ്വി നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കി. 39 പന്തുകളില്‍ എട്ട് ഫോറുകളും രണ്ട് സിക്സറുകളുമടക്കം 62 റണ്‍സാണ് ഡുപ്ലെസി നേടിയത്. 44 പന്തുകളില്‍ 77 റണ്‍സ് എടുത്ത മാക്സ്വെല് ആറ് ബൗണ്ടറികളും നാല് സിക്സറുകളും പറത്തി.
വൈകാതെ മാക്സ്വലും മടങ്ങി. ആര് അശ്വിനാണ് മാക്സ്വലിനെ പുറത്താക്കിയത്. ഇതോടെ റണ്‍ നിരക്ക് താഴ്ന്നു. മഹിപാല്‍ ലോംറോര്‍ (8) ചഹാലിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങിയപ്പോള്‍ സുയാശ് പ്രഭുദേശായ് (0) റണ്ണൗട്ടായി. അവസാന ഓവറിലെ ആദ്യ പന്തില്‍ ബൈ റണ്‍സിനോടിയ വനിന്ദു ഹസരംഗ റണ്ണൗട്ടായി. അവസാന ഓവറിലെ രണ്ടാം പന്തില്‍ ദിനേശ് കാര്‍ത്തിക് (16) പുറത്തായി. സന്ദീപ് ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ വിജയകുമാര്‍ വൈശാഖും (0) പുറത്ത്. രണ്ട് പന്ത് നേരിടാന്‍ സബ്ബായി മലയാളി താരം അബ്ദുള്‍ ബാസിത് (1) ഇറങ്ങിയെങ്കിലും ഫലം കണ്ടില്ല. അവസാന രണ്ട് പന്തുകളില്‍ 4 റണ്‍സ് നേടിയ ഡേവിഡ് വില്ലിയാണ് ആര്‍സിബിയെ 190നരികെ എത്തിച്ചത്. ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. ആര് അശ്വിന്, യൂസ്വേന്ദ്ര ചാഹല്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: