അനീഷ് എന്‍. പിള്ള
ലോകത്ത് ജനാധിപത്യത്തിന്റെ അടിസ്ഥാനശില പാകിയ ബസവേശ്വരന്റെ ജന്മദിനമാണിന്ന്. സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും സോഷ്യലിസ്റ്റ് ചിന്തകള്‍ പ്രചരിപ്പിക്കുകയും, അത് പ്രവൃത്തി പഥത്തില്‍ കൊണ്ടുവരികയും ചെയ്ത ബസവേശ്വരന്റെ വചനങ്ങള്‍ക്ക്, മറ്റെന്നത്തേക്കാളും ഇന്ന് പ്രസക്തിയുണ്ട്.
ശൈവ-ബ്രാഹ്മണദമ്പതികളുടെ മകനായി ജനിച്ച ബസവേശ്വരന്‍, തന്റെ സഹോദരിക്ക് ഉപനയന കര്‍മ്മം നിഷിദ്ധമാണെന്നറിഞ്ഞതിനെ തുടര്‍ന്ന്, തന്റെ സഹോദരിക്ക് നിഷേധിക്കുന്ന ഒരു ചടങ്ങും തനിക്കാവശ്യമില്ല എന്ന് പറഞ്ഞ് സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആദ്യ മുദ്രാവാക്യം ഉയര്‍ത്തി. സ്ത്രീയും
പുരുഷനും വ്യത്യസ്തരല്ലെന്നും, പുരുഷന് ലോകത്തുള്ള എല്ലാ അവകാശങ്ങളും സ്ത്രീയും അര്‍ഹിക്കുന്നതാണെന്നും ഉദ്‌ഘോഷിച്ച് സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ആദ്യ
പോരാട്ടത്തിനും തുടക്കം കുറിച്ചു.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ സമൂഹത്തില്‍ നിലനിന്നിരുന്ന അയിത്തത്തിനും യാഥാസ്ഥിതിക ചിന്തകള്‍ക്കും എതിരായുള്ള ആദ്യ സമരത്തിനു, നായകനാകാന്‍ ബസവേശ്വരനു കഴിഞ്ഞു. വിദ്യാഭ്യാസത്തിനു അവകാശമില്ലാത്ത, അകറ്റി
നിര്‍ത്തപ്പെട്ട പന്ത്രണ്ടാം നൂറ്റാണ്ടിലെ ജനതയെ കൈപിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ബസവേശ്വരന്‍ കൊണ്ടുവന്നു. അവര്‍ക്ക് വിദ്യാഭ്യാസം, ജനാധിപത്യ ബോധം, വ്യക്തിത്വവികസനം, തൊഴില്‍ സംസ്‌കാരം തുടങ്ങിയവ ബസവേശ്വരന്‍ പകര്‍ന്നു നല്‍കി. ഇതിനായി അദ്ദേഹം രൂപം നല്‍കിയ വേദിക്ക് ‘അനുഭവമണ്ഡപ’മെന്നു പേരിട്ടു. യാഥാസ്ഥിതികര്‍ക്ക്, ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനപ്പുറം സമൂഹത്തില്‍ മാറ്റങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. തങ്ങള്‍ ബ്രാഹ്മണര്‍ക്കു താഴെയല്ലെന്നും എല്ലാവരും തുല്യരാണന്നും ആരും ഉന്നതകുലജാതരല്ലെന്നും, തൊഴില്‍, ജന്മം ഇവയുടെ അടിസ്ഥാനത്തില്‍ മനുഷ്യനെ വേര്‍തിരിച്ചു കാണുന്നത് ശരിയല്ലെന്നും അദ്ദേഹം വാദിച്ചു. യുക്തിക്കും ബോധത്തിനും നിരക്കുന്ന ചിന്തകള്‍ അദ്ദേഹം ജനതക്ക് പകര്‍ന്നു നല്‍കി.
ചെരുപ്പു കുത്തിയും, കുശവനും, കര്‍ഷകനും പുരോഹിതനും, ക്ഷുരകനും, അധ്യാപകനും , സ്ത്രീ പുരുഷ ഭേദമെന്യേ അനുഭവമണ്ഡപത്തില്‍ അംഗങ്ങളായിരുന്നു. അവര്‍ വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും, പഠിക്കുകയും തുല്യരായി ജീവിക്കുകയും ചെയ്തു. തങ്ങള്‍ പഠിച്ചതും ചര്‍ച്ചയിലുടെ കണ്ടെത്തിയതുമായ ചിന്തകള്‍ സാധാരണ ജനങ്ങള്‍ക്കു മനസിലാക്കാന്‍ കഴിയുന്നതരത്തില്‍ വചനങ്ങളായി പകര്‍ന്നു നല്‍കി. ഗദ്യരൂപത്തിലുള്ള ചെറിയ കവിതകള്‍ ആയിരുന്നു വചനങ്ങള്‍. ബസവേശ്വരന്റെയും അനുയായികളുടെയും പ്രചരണങ്ങളിലൂടെ ഒട്ടേറെ മാറ്റങ്ങള്‍ സമുഹത്തില്‍ കൊണ്ടുവരാന്‍ വചനങ്ങള്‍ സഹായകരമായി.
മിശ്രവിവാഹം. വിധവ കളുടെ പുനര്‍ വിവാഹം, വേശ്യകളെ തൊഴിലില്‍ നിന്നും തിരിച്ചു കൊണ്ടുവന്നു സന്മാര്‍ഗ്ഗത്തിലുടെ മുന്‍ നിരയില്‍ എത്തിക്കുക എന്നിവയൊക്കെ ബസവണ്ണയുടെ ലക്ഷ്യങ്ങള്‍ ആയിരുന്നു. ബസവന്‍ പറഞ്ഞെതെല്ലം പ്രവൃത്തി പഥത്തില്‍ കൊണ്ടുവന്നു എന്നതാണ് ശ്രദ്ധേയം. മിശ്രവിവാഹത്തെപ്പറ്റി പറയുകയല്ല മറിച്ച് നടത്തി കാണിക്കുവാന്‍ നേതൃത്വം നല്‍കി. ഇത് പന്ത്രണ്ടാം നൂറ്റാണ്ടിലെ യാഥാസ്ഥിതികര്‍ക്കും, സവര്‍ണര്‍ക്കും താങ്ങാന്‍ കഴിയുന്നതനുമപ്പുറമായിരുന്നു.
ഒരു തൊഴില്‍, മറ്റൊന്നിനേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ലെന്നും എല്ലാ തൊഴിലും മാന്യമാണെന്നും അദ്ദേഹം പഠിപ്പിച്ചു. അധ്യാപകനും, ക്ഷുരകനും, ചെരുപ്പു കുത്തിയും എല്ലാവരും തന്റെ ജീവിതത്തിനാവശ്യമായവ സ്വയം കണ്ടെത്തണമെന്നും, അധികം വരുന്നവ ഇല്ലാത്തവനു നല്‍കണം എന്നുമുള്ള കായക ദാസോ ഹ സിദ്ധാന്തം അദ്ദേഹം പ്രചരിപ്പിച്ചു
ബസവേശ്വരന്റെ കാലഘട്ടം ഇരുള്‍ നിറഞ്ഞതായിരുന്നു. അവിടെ വെളിച്ചം പകരാന്‍ ആദ്യം തയ്യാറായ വിപ്ലവ കാരിയായ സംന്യാസിയായിരുന്നു അദ്ദേഹം.
ബസവേശ്വരന്റെ വെങ്കല പ്രതിമ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്‍പില്‍ സ്ഥാപിച്ചിട്ടുണ്ട്. ലണ്ടനില്‍ അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്.
(അഖില കേരള വീരശൈവ മഹാസഭ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: