കൊച്ചി: രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോയായ കൊച്ചി വാട്ടര്‍ മെട്രോ ഏപ്രില്‍ 25 പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. അടിസ്ഥാനസൗകര്യങ്ങളും സമ്പര്‍ക്കസൗകര്യങ്ങളും ഒരുക്കി നഗരങ്ങളിലെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ ഭാഗമാണ് കൊച്ചി വാട്ടര്‍ മെട്രോ.
മെട്രോ ലൈറ്റ്, മെട്രോ നിയോ, റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം എന്നിങ്ങനെ പുതിയ കാലഘട്ടത്തിനാവശ്യമായ സമ്പര്‍ക്കസൗകര്യം ഉറപ്പാക്കുന്ന സംവിധാനങ്ങളുടെ ശ്രേണിയിലേക്കാണു കൊച്ചി വാട്ടര്‍ മെട്രോയും എത്തുന്നത്. പരമ്പരാഗത മെട്രോ സംവിധാനത്തിന്റെ സമാന അനുഭവം പ്രദാനം ചെയ്യുന്ന, സൗകര്യവും സുരക്ഷയും കൃത്യനിഷ്ഠയും വിശ്വാസ്യതയുമുള്ള, പരിസ്ഥിതി സൗഹൃദവും കുറഞ്ഞ ചെലവിലുള്ളതും ദ്രുതഗതിയിലുള്ളതുമായ ഗതാഗത സംവിധാനമാണ് മെട്രോ ലൈറ്റ്.
തിരക്കേറിയ സമയങ്ങളില്‍ തിരക്കേറിയ ദിശയിലേക്ക് 15,000 വരെ യാത്രക്കാരുള്ള ടയര്‍2 നഗരങ്ങള്‍ക്കും ചെറിയ നഗരങ്ങള്‍ക്കും കുറഞ്ഞ ചെലവിലുള്ള യാത്രാപ്രതിവിധിയാണിത്. പരമ്പരാഗത മെട്രോ സംവിധാനത്തിന്റെ 40% മാത്രമാകും മെട്രോ ലൈറ്റിനു ചെലവാകുക. ജമ്മു, ശ്രീനഗര്‍, ഗോരഖ്പൂര്‍ തുടങ്ങിയ നഗരങ്ങളിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്.
റോഡ് സ്ലാബില്‍ ഓവര്‍ഹെഡ് ട്രാക്ഷന്‍ സംവിധാനത്താല്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ടയര്‍ ഇലക്ട്രിക് കോച്ചുകളാണ് മെട്രോ നിയോയിലുള്ളത്. മെട്രോ നിയോ ഇലക്ട്രിക് ബസ് ട്രോളിയോടു സാമ്യമുള്ളതാണ്. തിരക്കേറിയ സമയത്ത് തിരക്കേറിയ ദിശയിലേക്ക് 8000 യാത്രക്കാര്‍ക്കുവരെ പ്രയോജനപ്പെടുന്ന ഒന്നാണ് ഈ സംവിധാനം. സാധാരണ ഗേജ് ട്രാക്ക് ഇതിന് ആവശ്യമില്ല. മഹാരാഷ്ട്രയിലെ നാസിക്കിലാണ് മെട്രോ നിയോ ഒരുങ്ങുന്നത്.
ദേശീയ തലസ്ഥാന മേഖലയിലെ ഡല്‍ഹി, മീററ്റ് എന്നീ രണ്ട് നഗരങ്ങളെ ബന്ധിപ്പിച്ചാണ് റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം ഇതാദ്യമായി അവതരിപ്പിക്കുന്നത്. പ്രാദേശിക വികസനത്തില്‍ വലിയ മാറ്റം സൃഷ്ടിക്കുന്നതിനുള്ള പരിവര്‍ത്തനാത്മക ഇടപെടലായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്.
കൊച്ചി വാട്ടര്‍ മെട്രോയും ഇത്തരത്തില്‍ പരമ്പരാഗത മെട്രോ സംവിധാനത്തിനു സമാനമായ അനുഭവവും യാത്രാസുഖവും ഉള്ള സവിശേഷ നഗര ഗതാഗത സംവിധാനമാണ്. കൊച്ചി പോലുള്ള തിരക്കേറിയ നഗരങ്ങളില്‍ ഏറെ ഉപയോഗപ്രദമാണിത്. കേരളത്തിന്റെ സ്വപ്നപദ്ധതികളില്‍ ഒന്നായ കൊച്ചി വാട്ടര്‍ മെട്രോ കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകും. പദ്ധതിക്ക് 1136.83 കോടി രൂപയാണ് ചെലവ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കും.
ഹൈക്കോടതിവൈപ്പിന്‍ ടെര്‍മിനലുകള്‍, വൈറ്റിലകാക്കനാട് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ആദ്യഘട്ട സര്‍വീസാണ് പ്രധാനമന്ത്രി 25ന് ഉദ്ഘാടനം ചെയ്യുന്നത്. 26 മുതല്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിക്കും. ഗതാഗതക്കുരുക്കില്‍പ്പെടാതെ 20 മിനിറ്റില്‍ താഴെ സമയം കൊണ്ട് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ടെര്‍മിനലില്‍ എത്താനാകും. വൈറ്റിലയില്‍ നിന്ന് വാട്ടര്‍ മെട്രോയിലൂടെ 25 മിനിറ്റിനകം കാക്കനാടും എത്താം.
തുച്ഛമായ തുകയില്‍ സുരക്ഷിത യാത്രയാണ് ശീതികരിച്ച ബോട്ടുകളില്‍ യാത്രക്കാരെ കാത്തിരിക്കുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്ക് 20 രൂപ. സ്ഥിരം യാത്രികര്‍ക്കായി പ്രതിവാര, പ്രതിമാസ പാസ്സുകളും ഉണ്ട്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വണ്‍ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാം.
ടെര്‍മിനലുകളും ബോട്ടുകളും ഭിന്നശേഷി സൗഹൃദമാണ്. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലില്‍ നില്‍ക്കാനുതകുന്ന ഫ്ലോട്ടിങ് പോണ്ടൂണുകള്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രത്യേകതയാണ്. വാട്ടര്‍ മെട്രോ സര്‍വീസിനായി ഉപയോഗിക്കുന്ന ഇലക്ട്രിക്ഹൈബ്രിഡ് ബോട്ടുകള്‍ ഇതിനകം അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്. വൈദ്യുത ബോട്ടുകള്‍ക്കായുള്ള രാജ്യാന്തര പുരസ്കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാര്‍ഡും കൊച്ചി വാട്ടര്‍ മെട്രോ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: