തിരുവനന്തപുരം: എഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകൾ സർക്കാർ മറച്ചുവയ്‌ക്കുകയാണ്. റോഡ് സുരക്ഷയുടെ മറവിൽ അഴിമതിയും കൊള്ളയും നടത്താൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
നിരത്തുകളിൽ ക്യാമറ സ്ഥാപിക്കുന്നതിന് കെൽട്രോണും സ്വകാര്യ കമ്പനികളും ചേർന്ന് 75 കോടി രൂപയ്‌ക്ക് ഉപകരാർ ഉണ്ടായിരുന്നു. എന്നാൽ 75 കോടി രൂപയുടെ കരാർ എങ്ങനെ 232 കോടി രൂപയുടേതായി മാറിയെന്ന് ചെന്നിത്തല ചോദിച്ചു. അഴിമതി സംബന്ധിച്ചുള്ള എല്ലാ രേഖകളും കയ്യിലുണ്ട്. പദ്ധതിയുടെ എല്ലാ വിവരങ്ങളും സർക്കാർ പുറത്തുവിടണം. അല്ലെങ്കിൽ താൻ പുറത്തുവിടുമെന്നും ചെന്നിത്തല പറഞ്ഞു.
കെൽട്രോണിനെ സർക്കാർ പദ്ധതി ഏൽപ്പിച്ചപ്പോൾ ബെംഗളൂരു ആസ്ഥാനമായുള്ള എസ്ആർഐടിക്ക് കെൽട്രോൺ ഉപകരാർ നൽകി. എന്നാൽ ഇക്കാര്യത്തിലെ ടെൻഡർ നടപടികൾ അവ്യക്തമാണ്. 151.22 കോടിക്കായിരുന്നു ഈ കരാർ. എന്നാൽ എസ്ആർഐടി ഇത് വീണ്ടും രണ്ട് കമ്പനികൾക്ക് വീതിച്ചു കൊടുത്തു.
തിരുവനന്തപുരം നാലാഞ്ചിറയുള്ള ലൈറ്റ് മാസ്റ്റർ ലൈറ്റ്‌നിംഗ് ഇന്ത്യ ലിമിറ്റഡ്, കോഴിക്കോടുളള പ്രിസാദിയോ എന്നീ കമ്പനികളെയാണ് ഏൽപ്പിച്ചത്. ഇത് രണ്ടും തട്ടിക്കൂട്ട് കമ്പനികളാണ്. 75 കോടിക്ക് പദ്ധതി നടപ്പാക്കാമെന്നും 30 ശതമാനം ലൈറ്റ് മാസ്റ്റർക്കും 60 ശതമാനം പ്രിസാദിയോയ്‌ക്കും കൊടുക്കാമെന്നും തീരുമാനമായി. എന്നാൽ ലൈറ്റ് മാസ്റ്റർ പദ്ധതിയിൽ നിന്ന് പിന്മാറിയതായി അറിയാൻ കഴിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: