ഉത്പല്‍ കുമാര്‍
മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും എഡിറ്ററുമായ ആര് ജഗന്നാഥന് ഈയിടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. “ധാര്‍മ്മിക് നേഷന്‍: ഫ്രീയിംഗ് ഭാരത്, റീമേക്കിംഗ് ഇന്ത്യ” എന്നാണ് അതിന്റെ പേര്. നമ്മുടെ ധാര്‍മ്മിക പാരമ്പര്യത്തെ വീണ്ടും അനാവരണം ചെയ്യുന്നതിനും അവയെ സംരക്ഷിയ്ക്കാനുള്ള മാര്‍ഗ്ഗ ദര്‍ശനങ്ങള്‍ നല്‍കുന്നതിനും ഉദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളതാണ് 17 അദ്ധ്യായങ്ങള്‍ ഉള്ള ഈ പുസ്തകം. സനാതന ധര്‍മ്മം അതിന്റെ ജന്മദേശത്ത് വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ “ഹിന്ദുമതം എന്തുകൊണ്ട് ഒരു മിഷണറി മതമായി മാറണം” എന്ന തലക്കെട്ടുള്ള അതിലെ അദ്ധ്യായം പ്രത്യേകം പ്രസക്തമാണ്.
അതില്‍ ഒരിടത്ത് ജഗന്നാഥന് പറയുന്നു “പ്രപഞ്ചം എല്ലായ്പ്പോഴും എവിടെയെങ്കിലും ഒരിടത്ത് വികസിയ്ക്കുകയും, മറ്റൊരിടത്ത് ചുരുങ്ങുകയും ചെയ്തു കൊണ്ടിരിയ്ക്കുന്നു”. മറ്റൊരിടത്ത് അദ്ദേഹം പറയുന്നു “ജീവിതം എന്നാല്‍ ശരീരത്തില്‍ നശിച്ചു പോകുന്നതിനേക്കാള്‍ കൂടുതല്‍ കോശങ്ങള്‍ക്ക് ജന്മം കൊടുക്കലാണ്”. ഈ രണ്ടു വസ്തുതകള്‍ പറഞ്ഞു കൊണ്ട് ഇപ്പോഴത്തെ വെല്ലുവിളികളെ അതിജീവിയ്ക്കണമെങ്കില്‍ ഹിന്ദുമതം അതിന്റെ മിഷണറി സ്വഭാവം തിരിച്ചുപിടിയ്ക്കണം എന്ന് ജഗന്നാഥന് വളരെ യുക്തി സഹമായി വാദിയ്ക്കുന്നു. അടിസ്ഥാനപരമായി ഭൗതികവും, വൈകാരികവും മനശ്ശാസ്തപരവുമായ മാനങ്ങളുള്ള ആശയങ്ങളാണ് മതങ്ങള്‍. വളരാന്‍ ശ്രമിച്ചില്ലെങ്കില്‍ അവ ചുരുങ്ങും. ഈ പ്രവണത ഒരുപക്ഷേ ഒരു വ്യക്തിയുടെ ജീവിത കാലത്തിനിടയ്ക്ക് തെളിമയോടെ കാണാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍ ഒരു നിര്‍ണ്ണായക അവസ്ഥയില്‍ എത്തിയാല്‍, മതങ്ങള്‍ പെട്ടെന്ന് മരിച്ചു പോകാം. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഇത്തരം ഒരു അനുഭവത്തില്‍ നിന്ന് രക്ഷപ്പെടണം എന്നുണ്ടെങ്കില്‍ ഹിന്ദുമതം ഇപ്പോള്‍ വളരാന്‍ ലക്ഷ്യം വച്ച് പ്രവര്ത്തിയ്ക്കണം. അദ്ദേഹം എഴുതുന്നു.
തുടര്‍ന്ന് അദ്ദേഹം ഹിന്ദുക്കളെ ഉപദേശിയ്ക്കുന്നത് തങ്ങളുടെ ജനസംഖ്യാ പതനത്തിന് പരിഹാരമായി മതപരിവര്‍ത്തന നിരോധന നിയമങ്ങളെ ആശ്രയിയ്ക്കാന്‍ കഴിയില്ല എന്നാണ്. “ഇപ്പോള്‍ തന്നെ പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനത്തിന് നിരോധനമുണ്ട്. എന്നാല്‍ അതൊന്നും തന്നെ ഹിന്ദുക്കളുടെ എണ്ണം കുറയുന്നതിനെ തടഞ്ഞിട്ടില്ല.” ചൈനയുടെ ഉദാഹരണം ചൂണ്ടിക്കാണിച്ചു കൊണ്ട് ജഗന്നാഥന് പറയുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ശത്രുതാ ദൃഷ്ടിയോടെ കൈകാര്യം ചെയ്തിട്ടും, ക്രിസ്തുമതം വലിയ മുന്നേറ്റമാണ് അവിടെ നടത്തിയത്.
ഹിന്ദുമതത്തിന്റെ മിഷണറി സ്വഭാവത്തെ പറ്റിയുള്ള അവകാശവാദത്തെ ആദ്യം പരിശോധിയ്ക്കേണ്ടതുണ്ട്. ഹിന്ദുമതം എല്ലായ്പ്പോഴും മിഷണറി സ്വഭാവമുള്ളതായിരുന്നു. ഇന്ന് അത് പറഞ്ഞാല്‍ അവിശ്വസനീയം എന്ന് തോന്നാമെങ്കിലും അത് ഒരു വസ്തുതയാണ്. എന്നാല്‍ അബ്രഹാമിക മതങ്ങളുടെ സമീപനത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥവുമായിരുന്നു അത്. ബുദ്ധമതം പ്രചരിച്ചതില്‍ നിന്ന് സനാതന ധര്‍മ്മത്തിന്റെ മിഷണറി സ്വഭാവം നമുക്ക് അളക്കാന്‍ കഴിയും. മക്ഗില്‍ യൂണിവേഴ്സിറ്റിയില്‍ മതതാരതമ്യം പഠിപ്പിയ്ക്കുന്ന പ്രൊഫ അരവിന്ദ് ശര്‍മ്മ തന്റെ ‘ഹിന്ദുയിസം ആസ് എ മിഷണറി റിലീജിയന്‍’ എന്ന 2014 ലെ തന്റെ പുസ്തകത്തില്‍ പറയുന്ന ശ്രദ്ധേയമായ രണ്ട് പോയിന്റുകളില്‍ ഒന്ന് “ബുദ്ധമതം സ്വീകരിയ്ക്കുന്നതു കൊണ്ട് ഒരു വ്യക്തി തന്റെ പഴയ ജീവിത രീതിയിലെ സാമൂഹ്യാചാരങ്ങള്‍ ഉപേക്ഷിക്കേണ്ടി വരുന്നില്ല”. ഒരു പക്ഷേ അവ പരിഷ്ക്കരിയ്ക്കപ്പെട്ടേയ്ക്കാം എന്നുമാത്രം രണ്ടാമത്തേത് “ആ സമ്പ്രദായം ഉപേക്ഷിയ്ക്കാനോ വീണ്ടും മടങ്ങി വരാനോ ഒരാളിന് എപ്പോഴും സ്വാതന്ത്ര്യമുണ്ട്.”
മിഷണറി ഹിന്ദുമതവും അബ്രഹാമിക മതങ്ങളും തമ്മില്‍ വളരെ രസകരമായ മറ്റൊരു വ്യത്യാസവും പ്രൊഫ. ശര്‍മ്മ ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. “ഒരുപക്ഷേ ഇവിടെ ഈ രണ്ടു സമ്പ്രദായങ്ങള്‍ക്കും ഇടയില്‍ നമ്മള് ഒരു അതിര് വരമ്പ് നിശ്ചയിയ്ക്കേണ്ടതുണ്ട്. മതപരിവര്‍ത്തിതരെ സ്വീകരിയ്ക്കുന്ന മതവും മതപരിവര്‍ത്തിതരെ തേടുന്ന മതവും എന്നതാണത്. തങ്ങളുടെ കൂട്ടത്തിലേയ്ക്ക് മതപരിവര്‍ത്തിതരെ തേടുന്ന മതങ്ങളാണ് മതംമാറ്റ കേന്ദ്രീകൃതങ്ങളായിട്ടുള്ളത്”. ഹിന്ദുമതം എപ്രകാരം മതപരിവര്‍ത്തിതരെ തേടാതെ നിലനില്ക്കുന്നു എന്നും അബ്രഹാമിക മതങ്ങള്‍ മതപരിവര്‍ത്തിതരെ തേടുന്നു എന്നും അദ്ദേഹം വിവരിയ്ക്കുന്നു. (ഇക്കാര്യത്തില്‍ ബുദ്ധമതത്തെ മതംമാറ്റ കേന്ദ്രീകൃതം ആയി കണക്കാക്കാമെങ്കിലും, അതിലേയ്ക്ക് പുതുതായി കടന്നു വരുന്ന മതപരിവര്‍ത്തിതര്‍ക്ക് തങ്ങളുടെ പൂവ്വ ബന്ധങ്ങള്‍ വിഛേദിയ്ക്കേണ്ടി വരുന്നില്ല). ഇത്തരത്തില്‍ ഒരു മതത്തിന് എങ്ങനെ മിഷണറി സ്വഭാവം നിലനിര്‍ത്താനും അതേസമയം സഹിഷ്ണുതയുള്ളതാവാനും കഴിയും എന്ന് ഹിന്ദുമതം കാണിച്ചു തരുന്നു. മതപരിവര്‍ത്തിതരെ കിട്ടാന്‍ വേണ്ടി വളരെ സക്രിയമായി നോക്കിക്കൊണ്ടിരിയ്ക്കുകയും അതിലൂടെ തങ്ങളുടെ അനുയായികളില്‍ ഒരു ഔന്നത്യബോധം നിലനിര്‍ത്തുകയും ചെയ്യുക എന്നത് മതത്തിന്റെ സ്വഭാവമാണ്. നിങ്ങളുടെ സമ്പ്രദായം മെച്ചപ്പെട്ടതല്ലെങ്കില്‍, പിന്നെ എന്തിന് മറ്റുള്ളവരെ അതിലേയ്ക്ക് കൊണ്ടുവരാന്‍ ആഗ്രഹിയ്ക്കണം ?
ഹിന്ദുമതം അതിന്റെ നാഗരികവും സാംസ്കാരികവുമായ ഔന്നത്യത്തില്‍, വളരെ മികച്ച, എന്നാല്‍ ഭാരതീയ സ്വഭാവമുള്ള ഒരു മിഷണറി മതമായിരുന്നു. പ്രാചീന കാലത്ത് സംസ്കൃത സംസ്കാരം ഇന്ത്യയുടെ പാരമ്പര്യ അതിര്ത്തിയ്ക്കുള്ളില് മാത്രമല്ല, അതിനു പുറത്തും മദ്ധ്യ / പശ്ചിമ ഏഷ്യ മുതല്‍ പൂര്‍വ്വ / ദക്ഷിണപൂര്‍വ്വ ഏഷ്യ വരെ എങ്ങനെ പ്രചരിച്ചു എന്നതിന് ഇത് വിശദീകരണം നല്‍കും. ഒരു പ്രമുഖ ഇന്തോളജിസ്റ്റ് ആയ ലോകേഷ് ചന്ദ്ര, വിശ്വസിയ്ക്കുന്നത്, ചൈനയെ മെഡിറ്ററേനിയന്‍ കടലുമായി ബന്ധിപ്പിച്ച പ്രശസ്തമായ സില്‍ക്ക് റൂട്ട്, പ്രധാനമായും പട്ട് കൊണ്ടു പോകാനല്ല ഉപയോഗിച്ചിരുന്നത് എന്നാണ്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ അത് യഥാര്‍ത്ഥത്തില്‍ “സൂത്ര റൂട്ട്” ആയിരുന്നു. തങ്ങളുടെ രാഷ്ട്രീയ നയതന്ത്രത്തിനു വേണ്ടി മാത്രമാണ് ചൈനക്കാര്‍ പട്ട് ഉപയോഗിച്ചിരുന്നത്. കുതിരകളെ കിട്ടാന്‍ അവര്‍ പട്ടുനൂല്‍ ഭാണ്ഡങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍ സംസ്കൃത കൈയ്യെഴുത്തു ഗ്രന്ഥങ്ങളുമായി അവയ്ക്കു പുറത്ത് സഞ്ചരിച്ചു കൊണ്ട് ഭിക്ഷുക്കളും തീര്‍ത്ഥാടകരും ഹൈന്ദവ-ബൗദ്ധ വിജ്ഞാനങ്ങളുടെ വിതരണം നിര്‍വ്വഹിയ്ക്കുകയായിരുന്നു.
ക്രിസ്തുവിന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് മദ്ധ്യ – പശ്ചിമ ഏഷ്യ വലിയതോതില്‍ സംസ്കൃത സംസ്ക്കാരം നിലനിന്ന പ്രദേശമായിരുന്നു. അത് അനേകം നൂറ്റാണ്ടുകളോളം വളരെ ഔന്നത്യത്തിലായിരുന്നു.
ബുദ്ധമതം പഠിയ്ക്കാന്‍ കുമാരജീവ കശ്മീര്‍ ആണ് തെരെഞ്ഞെടുത്തതെങ്കില്‍, വേദങ്ങള്‍ പഠിയ്ക്കാന്‍ അദ്ദേഹം കഷ്ഗറിലേയ്ക്ക് പോകാനാണ് ഇഷ്ടപ്പെട്ടത് എന്നതില്‍ നിന്നു തന്നെ ആ പ്രദേശത്തിന്റെ മഹത്വം മനസ്സിലാക്കാം ! മദ്ധ്യ ഏഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയ ശാകന്മാര്, ഹൂണന്മാര്, കുശാനന്മാര് തുടങ്ങിയ അധിനിവേശകരില്‍ കൂടുതലും ഭാരതത്തില്‍ എത്തും മുമ്പുതന്നെ ഹിന്ദുക്കളോ ബുദ്ധന്മാരോ ആയിരുന്നതെങ്ങനെയെന്ന് ഇത് വിശദീകരണം നല്കുന്നു. മനു അവരെ വിശേഷിപ്പിച്ചത് അധ:പതനം സംഭവിച്ച ക്ഷത്രിയര്‍ എന്നാണ്. അധ:പതനം സംഭവിച്ച ഒരു ക്ഷത്രിയന് ഹിന്ദുസമൂഹത്തിലേയ്ക്ക് പുന:പരിവര്‍ത്തനപ്പെടാന്‍ അര്‍ഹനായിരുന്നു. ഇതെല്ലാം അബ്രഹാമിക മതങ്ങളുടേതു പോലുള്ള മതമൗലികവാദം ഇല്ലാത്ത, ഒരു മിഷണറി മതം എന്ന നിലയ്ക്കുള്ള ഹിന്ദുമതത്തിന്റെ അസ്തിത്വത്തിന് തെളിവാണ്. ഹിന്ദുമതത്തിന്റെ മിഷണറി സ്വഭാവത്തിന് ഏറ്റവും വലിയ ഉദാഹരണം ആദി ശങ്കരാചാര്യരുടെ കാലഘട്ടമാണ്. ആവര്‍ത്തിയ്ക്കേണ്ട ആവശ്യമില്ലാത്ത വിധം എല്ലാവര്ക്കും അറിവുള്ളതാണത്.
മദ്ധ്യകാലത്തും ആധുനിക കാലത്തും മുമ്പെങ്ങുമില്ലാത്ത വിധമുള്ള ഇസ്ലാമിക – ക്രിസ്ത്യന്‍ വെല്ലുവിളികള്‍ നേരിട്ടപ്പോഴും ഹിന്ദുമതത്തിന്റെ ഇതേ മിഷണറി സ്വഭാവം കണ്ടിട്ടുണ്ട്. ചൈതന്യ പ്രസ്ഥാനമായിക്കോട്ടെ, വിദ്യാരണ്യ സ്വാമികള്‍ നിര്‍വ്വഹിച്ച, ഹരിഹരന്റെയും ബുക്കന്റെയും പുന:പരിവര്‍ത്തനം ആയിക്കോട്ടെ, അതെല്ലാം ഹിന്ദുമതത്തിന്റെ മിഷണറി സ്വഭാവം ഓര്‍മ്മിപ്പിയ്ക്കുന്നു. ഹരിഹര ബുക്കന്മാരുടെ പുന:പരിവര്‍ത്തനം സുശക്തമായ വിജയനഗര സാമ്രാജ്യത്തിന്റെ സ്ഥാപനത്തിന് വഴിവച്ചു. യഥാര്‍ത്ഥത്തില്‍ അക്ബറിന്റെ കാലത്തുള്ള ഹിന്ദുമതത്തിന്റെ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവുകള്‍ ഉണ്ട്. മുന്‍ ഹിന്ദുക്കളെ അവരുടെ പഴയ വിശ്വാസത്തിലേയ്ക്ക് പുന:പരിവര്‍ത്തനം ചെയ്യാന്‍ അനുവദിച്ചിരുന്നു. ജഹാംഗീറിന്റെ കാലത്ത്, അദ്ദേഹത്തിന്റെ ഭരണത്തിന്റെ 15ആം വര്‍ഷത്തില്‍, രജൗരിയിലെ ഹിന്ദുക്കള്‍ മുസ്ലീം പെണ്‍കുട്ടികളെ മതം മാറ്റി വിവാഹം കഴിയ്ക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുകയും, തുടര്‍ന്ന് അത് നിര്‍ത്തലാക്കിക്കൊണ്ടും, കുറ്റക്കാരെ ശിക്ഷിയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടും അദ്ദേഹം ഉത്തരവിറക്കുകയും ഉണ്ടായി. അതുപോലെ ഷാജഹാന്റെ ഭരണം തുടങ്ങി ആറാം വര്‍ഷത്തില്‍ കാശ്മീരില്‍ എത്തിയ അദ്ദേഹം ഭദൗരി, ഭീംസര് തുടങ്ങിയ പ്രദേശങ്ങളിലെ ഹിന്ദുക്കള്‍ മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിയ്ക്കുകയും ഹിന്ദുക്കളായി മതം മാറ്റുകയും ചെയ്യുന്നതായി കണ്ടെത്തുകയുണ്ടായി. അന്ന് ഇത്തരത്തിലുള്ള നാലായിരത്തോളം പുന:പരിവര്‍ത്തനങ്ങള്‍ കണ്ടു പിടിയ്ക്കപ്പെട്ടതായി പറയപ്പെടുന്നു. അതുപോലെ നിരവധി സംഭവങ്ങള്‍ ഗുജറാത്തിലും പഞ്ചാബിലും വെളിച്ചത്തു വന്നു. അതോടെ ഇത്തരം പുന:പരിവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഷാജഹാന് ഒരു പ്രത്യേക വകുപ്പ് തന്നെ ഏര്‍പ്പെടുത്തി.
എണ്ണൂറു വര്‍ഷങ്ങളോളം ഇസ്ലാമിക ഭരണത്തില്‍ അമര്‍ന്നിട്ടും ഭാരതം സമ്പൂര്‍ണ്ണമായി ഇസ്ലാമിക വല്ക്കരിയ്ക്കപ്പെടാതിരുന്നതിനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് മതം ഉപേക്ഷിയ്ക്കേണ്ടി വന്നവരില്‍ നല്ലൊരു പങ്ക് മാതൃ ധര്‍മ്മത്തിലേയ്ക്ക് തിരികെ വരാന്‍ ആഗ്രഹിയ്ക്കുകയും, പലയിടത്തും ഹിന്ദുസമൂഹം അവരെ സ്വീകരിയ്ക്കാന്‍ തയ്യാറാവുകയും, അവര്‍ക്ക് അങ്ങനെ മടങ്ങിയെത്താന്‍ സാധിയ്ക്കുകയും ചെയ്തിരുന്നു. അന്നത്തെ ഹിന്ദു സമൂഹം മിഷണറി സ്വഭാവം നിലനിര്‍ത്തിയിരുന്നു.
ഈ പശ്ചാത്തലത്തില്‍, പാകിസ്ഥാനി ചരിത്രകാരന് എസ് എം ഇക്രത്തിന്റെ (1908-73) പ്രസ്താവന പ്രസക്തമാണ്. ‘മുസ്ലീം സിവിലൈസേഷന് ഇന്‍ ഇന്ത്യ’ (1965) എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു. “പൊതുവേ മിഷണറി സ്വഭാവമുള്ള മതമായിട്ടല്ല ഹിന്ദുമതത്തെ അറിയുന്നത്. മുസ്ലീം ഭരണകാലത്ത് ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മാത്രമാണ് മതം മാറ്റങ്ങള്‍ നടന്നിട്ടുള്ളത് എന്നാണ് പൊതുവേ വിശ്വസിയ്ക്കപ്പെടുന്നത്. എന്നാല്‍ അത് സത്യമല്ല. അക്കാലമായപ്പോഴേയ്ക്കും ഹിന്ദുമതം നന്നായി തിരിച്ചടിയ്ക്കാനും ധാരാളം മുസ്ലീങ്ങളെ തങ്ങളിലേയ്ക്ക് തിരിച്ചെടുക്കാനും തുടങ്ങിയിരുന്നു”
ആധുനിക കാലത്തും ഈ പ്രതിഭാസം കാണാന്‍ കഴിയും. പ്രത്യേകിച്ചും ദയാനന്ദ സരസ്വതിയുടെ ആര്യസമാജം, സ്വാമി വിവേകാനന്ദന്റെ രാമകൃഷ്ണ മിഷന് എന്നിവയുടെ കാര്യത്തില്‍. ലക്ഷ്യം മറ്റു പല മതങ്ങളില്‍ നിന്നും വ്യത്യസ്ഥമായിരുന്നു എങ്കിലും ഒരു കാലത്ത് ഹിന്ദുമതവും മിഷണറി മതമായിരുന്നു, എന്ന് തത്വചിന്തകനും രാഷ്ട്രപതിയുമായിരുന്ന എസ് രാധാകൃഷ്ണന് വിശ്വസിച്ചിരുന്നതില്‍ അത്ഭുതമില്ല.
ഇന്ത്യയിലെ ഹിന്ദുക്കളുടെ എണ്ണം കുറയുന്നതിനെ ചെറുക്കാന്‍ മതപരിവര്‍ത്തന നിരോധനത്തെ ആശ്രയിയ്ക്കുകയല്ല വേണ്ടത് എന്ന ജഗന്നാഥന്റെ അഭിപ്രായം യുക്തിസഹമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇന്ത്യയിലും വിദേശങ്ങളിലും അത്തരം നിരോധനങ്ങള്‍ വളരെ കുറച്ച് ഫലം മാത്രമേ തന്നിട്ടുള്ളൂ (ചൈനയുടെ ഉദാഹരണം അദ്ദേഹം പറഞ്ഞു). എന്നാല്‍ അതില്‍ ഒരു പ്രശ്നമുണ്ട്. ഒന്നാമത് ഇന്ത്യന്‍ നിയമങ്ങള്‍ മതംമാറ്റം അവസാനിപ്പിയ്ക്കുന്നില്ല; തെറ്റായ മതംമാറ്റങ്ങളെ തടയുക മാത്രമേ ചെയ്യുന്നുള്ളൂ. ഈ നിയമങ്ങള്‍ വിജയകരമായാലും അല്ലെങ്കിലും, നിയമ വിരുദ്ധവും നിര്‍ബന്ധിതവുമായ മതപരിവര്‍ത്തനങ്ങള്‍ ഒരു രാജ്യത്ത് അനുവദിയ്ക്കപ്പെടാന്‍ കഴിയില്ല. പ്രത്യേകിച്ചും ഒരു ജനാധിപത്യ സംവിധാനത്തില്‍. അത് പ്രാഥമികമായും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയവും ഹിന്ദു സമൂഹത്തിന്റെ പൊതുവായ നിസ്സംഗതയുമാണ് കാണിയ്ക്കുന്നത്. എന്നാല്‍ ഒരു നിയമം പരാജയപ്പെട്ടു എന്നതു കൊണ്ടു മാത്രം അതിനെ വലിച്ചെറിയുന്നത്, കൈ മുറിഞ്ഞതിന്റെ പേരില്‍ കത്തി വലിച്ചെറിയുന്നതിന് തുല്യമാണ്. ഇക്കാര്യത്തില്‍ നിയമ വിരുദ്ധമായ മതം മാറ്റം തടയാന്‍ ഇന്ത്യയ്ക്ക് കൂടുതല്‍ കര്‍ക്കശമായ നിയമങ്ങളാണ് വേണ്ടത്. മതേതരത്വത്തെയും ന്യൂനപക്ഷാവകാശങ്ങളെയും പറ്റിയുള്ള വികലമായ ധാരണകളുള്ള ഇന്ത്യന്‍ അധികാരികള്‍ പൊതുവേ സ്പര്ശിയ്ക്കാതെ ഒഴിവാക്കുന്ന ഒരു വിഷയമാണിത്.
അതുപോലെ ഭരണഘടനയുടെ 30(1) വകുപ്പ് പുന:പരിശോധിയ്ക്കപ്പെടേണ്ട സമയം വന്നിരിയ്ക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുന്നത്, മറ്റു രീതിയില്‍ മതേതരമായ രാജ്യത്ത് വിവേചനപരമാണ്. 30(1) വകുപ്പ് പറയുന്നു “ഭാഷാപരവും മതപരവുമായ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ താല്പ്പര്യമനുസരിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിയ്ക്കുന്നതിനും നടത്തിപ്പിനും അവകാശം ഉണ്ടായിരിയ്ക്കും”.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഹിന്ദുമതത്തിന് അതിന്റെ ഊര്‍ജ്ജം നഷ്ടപ്പെട്ടതിന്റെ കാരണങ്ങളും ജഗന്നാഥന് പരിശോധിയ്ക്കുമെന്ന് സ്വാഭാവികമായും നാം പ്രതീക്ഷിയ്ക്കും. നിരന്തരമായ ഇസ്ലാമിക – യൂറോപ്യന്‍ ആക്രമണങ്ങള്‍ക്കു മുന്നിലും തളരാതെ പൊരുതി നിന്ന ഒരു മതം എന്തുകൊണ്ട് സ്വാതന്ത്ര്യാനന്തരം അതിന്റെ ശക്തി വീണ്ടെടുക്കുന്നതില്‍ പരാജയപ്പെടുന്നു ? നൂറ്റാണ്ടുകളുടെ സംഘര്‍ഷങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും ശേഷം ശരിക്കും ഇത് ഇന്ത്യന്‍ നാഗരികതയുടെ സൂര്യോദയം ആയിരിക്കണ്ടേ ? എന്നാല്‍ ഹിന്ദുമതത്തെ സംബന്ധിച്ച് കാര്യങ്ങള്‍ കൂടുതല്‍ മോശമാവുകയാണ് ചെയ്തത്. മതേതരത്വം എന്ന പാശ്ചാത്യ നിലപാടിനെ ഇറക്കുമതി ചെയ്ത് നെഹ്രുവിസവുമായി കൂട്ടിക്കലര്‍ത്തി പാരമ്പര്യമായി ബഹുസ്വരതയും, ജനാധിപത്യവും ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ആവാസ വ്യവസ്ഥയുടെ മേല്‍ വന്‍ ദുരന്തമാണ് വിതച്ചത്. ബ്രിട്ടീഷുകാര്‍ പോലും തുടക്കത്തില്‍ പുരോഗമനാത്മകം ആയി കണ്ട ഹിന്ദുമതം വളരെ പെട്ടെന്ന് വര്‍ഗ്ഗീയത, ഫ്യൂഡലിസം, പുരുഷാധിപത്യം, തീവ്രദേശീയത തുടങ്ങിയ അപകടകരവും ഇരുണ്ടതുമായ എല്ലാറ്റിനോടും ചേര്‍ത്ത് നിര്‍ത്തപ്പെടാന്‍ തുടങ്ങി.
ആര്‍ട്ടിക്കിള്‍ 30(1) അനുസരിച്ച് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ പ്രത്യേക പരിഗണന നേടിയപ്പോള്‍, സ്വതന്ത്ര ഭാരതത്തിലെ മതേതര സര്‍ക്കാര്‍ ഹിന്ദു ക്ഷേത്രങ്ങളും മത സ്ഥാപനങ്ങളും ഏറ്റെടുക്കാന്‍ തീരുമാനിച്ചു. മുറിവേറ്റവനെ നിന്ദയ്ക്കുക കൂടി ചെയ്യുന്നതു പോലെ, ഹിന്ദു സ്ഥാപനങ്ങള്‍ കൈപ്പിടിയിലാക്കാനും നിയന്ത്രിയ്ക്കാനും വേണ്ടി മാത്രമായി ഏറ്റവും കുറഞ്ഞത് 15 നിയമങ്ങള്‍ എങ്കിലും ഇന്ത്യന്‍ സര്‍ക്കാരുകള്‍ പാസ്സാക്കിയിട്ടുണ്ട്. സുപ്രീം കോടതിയിലെ അഭിഭാഷകന് ജെ സായി ദീപക് “ഇന്ത്യ ദാറ്റ് ഈസ് ഭാരത്: കൊളോണിയാലിറ്റി, സിവിലൈസേഷന്, കോണ്‍സ്റ്റിറ്റ്യൂഷന്‍” എന്ന തന്റെ പുസ്തകത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിയ്ക്കുന്നു. ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഹിന്ദു സ്ഥാപനങ്ങളുടെ മേല്‍ ഇപ്പോഴും തുടരുന്ന സര്‍ക്കാറിന്റെ ഈ അധിനിവേശം അവയെ പാപ്പരാക്കിയിട്ടുണ്ട്. ഹിന്ദുമതം അതിന്റെ മിഷണറി സ്വഭാവം വീണ്ടെടുക്കുന്നതില്‍ സുപ്രാധാനമായ ഒരു നാഴികക്കല്ലാണ് ക്ഷേത്രങ്ങളുടെ വിമോചനം.
ഹിന്ദുക്കളും ഇന്ത്യയും നേരിടുന്ന ഭീഷണി കൃത്യമായി മനസ്സിലാക്കണമെങ്കില്‍, രാജ്യത്തിന്റെയും മതത്തിന്റെയും ദുര്‍ബല മേഖലകളിലേക്ക് ശ്രദ്ധിയ്ക്കണം. ഇന്ന് ഹിന്ദു ജനസംഖ്യ കുറഞ്ഞു വരുന്ന ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങള്‍ വലിയ തോതില്‍ സമ്മര്‍ദ്ദത്തിലാണ്. ഈ പ്രതിഭാസം ഇന്ത്യാ പാകിസ്ഥാന് അല്ലെങ്കില്‍ ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തികളില്‍ മാത്രമല്ല, മറിച്ച് മനോഹര കടല്‍ത്തീരങ്ങള്‍ നിറഞ്ഞ തമിഴ്നാട്, കേരളം, ആന്ധ്ര, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതി. ഇവിടങ്ങളിലെല്ലാം കൂടുതല്‍ കൂടുതല്‍ അഹിന്ദു പോക്കറ്റുകള്‍ സൃഷ്ടിയ്ക്കപ്പെട്ടു വരുന്നു. ഹിന്ദുക്കളുടെ മേല്‍ക്കോയ്മ നഷ്ടപ്പെടുന്ന പ്രദേശങ്ങളില്‍ ഇന്ത്യാ വിരുദ്ധ ശക്തികള്‍ വേഗം തന്നെ പിടിമുറുക്കും എന്നതാണ് ചരിത്രം നല്കുന്ന പാഠം.
ഇത് അവസാനിയ്ക്കണമെങ്കില്‍, നിശബ്ദമായ ഈ ജനസംഖ്യാ യുദ്ധത്തിന്റെ സ്വഭാവം മനസ്സിക്കാനുള്ള ഒരു ദേശീയ ഇച്ഛാശക്തി നമുക്കുണ്ടാവണം. ഈ വേലിയേറ്റത്തെ നമുക്കനുകൂലമായി തിരിയ്ക്കാന്‍, ഹിന്ദുമതം അതിന്റെ ഭാരതീയ സ്വഭാവത്തോടു കൂടിയ മിഷണറി പാരമ്പര്യം വീണ്ടെടുക്കണം. മിഷണറി ഹിന്ദുമതം അബ്രഹാമിക മതങ്ങളുടെ ഒരു ഫോട്ടോ കോപ്പി ആയിരിയ്ക്കില്ല. അങ്ങനെയായാല്‍ അതുതന്നെ ഒരു വലിയ ദുരന്തമായി പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: