പുത്തന്‍കലവും അരിവാളും എന്നൊരു കവിതയുണ്ട്, കവി ഇടശ്ശേരിയുടേതായി. നെല്‍പ്പാടത്ത് കൃഷിചെയ്തുപോന്നയാള്, അത് വിളഞ്ഞ്, കൊയ്ത്, ആ നെല്ലുവിറ്റ് തുടര്‍ ജീവിതത്തിന് കുടുംബത്തോടൊപ്പം സ്വപ്നം കണ്ടുകഴിഞ്ഞു. പക്ഷേ, വീട്ടാനുള്ള പഴയ പാട്ടബാക്കിയുടെ പേരില്‍ ജന്മി ആ പാടം കൊയ്തെടുത്തു. ജന്മി-കുടിയാന് ചൂഷണത്തിന്റെ ദയനീയ കഥപറഞ്ഞ്, അതിനെ ചെറുക്കാന്‍: ‘ഒരുപിടി കൊള്ളക്കാര്‍ കരുതിവെച്ചുള്ളതാം/ അധികാരം കൊയ്യണമാദ്യം നാം/അതിന്മേലാവട്ടെ പൊന്നാര്യന്‍’ എന്ന് ആഹ്വാനം മുഴക്കുകയും ചെയ്യുന്ന കവിത. അതിലെ ‘അരിവാള്‍’ ഒരു പ്രതീകമായിരുന്നു. ചൂഷണം ചെയ്യപ്പെടുന്നവര്‍ ഒത്തുചേര്‍ന്ന് പ്രതിരോധിക്കുന്നതിന്റെയും ചൂഷണം ഇല്ലാതാക്കുന്നതിന്റെയും പ്രതീകമായി ആ അരിവാള്‍. അത് പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതും മറ്റും മറ്റൊരു കാര്യം.
ഇടശ്ശേരി ഈ കവിതയെഴുതുന്നത് 1951 ലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ) 1964 ലാണ് ‘അരിവാളും ചോളക്കതിരും’ തെരഞ്ഞെടുപ്പുചിഹ്നമാക്കിയത്; സിപിഐ (എം) ‘അരിവാള്‍ ചുറ്റിക’യും. അരിവാള്‍ കര്‍ഷകരേയും ചുറ്റിക നിര്‍മാണത്തൊഴിലാളികളേയും പ്രതിനിധാനം ചെയ്യുന്നുവെന്ന വിശദീകരിച്ച് സ്വീകരിച്ച ചിഹ്നത്തില്‍, സിപിഐ ചുറ്റിക മാറ്റി ചോളക്കതിര് ചേര്‍ത്തതും കേരളത്തില്‍ അത് ‘നെല്‍ക്കതി’രായതും കര്‍ഷകരോടുള്ള ചാര്‍ച്ച പറഞ്ഞാണ്. അപ്പോള്‍ അരിവാളോ? എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.
1917 ലാണ് കമ്മ്യൂണിസ്റ്റ് നേതാവ് വ്ളാഡിമര്‍ ലെനിന് സോവ്യറ്റ് റഷ്യയ്ക്ക് ഒരു എംബ്ലം രൂപീകരിക്കാന്‍ തീരുമാനിച്ചത്. അതിന് ഡിസൈന്‍ മത്സരവും നടത്തി. കിട്ടിയ ഡിസൈനുകളില്‍ തിരഞ്ഞെടുക്കപ്പെട്ടത് ചുറ്റിക, അരിവാള്‍, വട്ടത്തില്‍ റീത്തുപോലെ ധാന്യങ്ങള്‍, മുകളില്‍ അഞ്ച് കാലുള്ള നക്ഷത്രം, സര്വരാജ്യങ്ങളിലേയും തൊഴിലാളികളെ ഒന്നിക്കുക എന്ന എഴുത്തുമായിരുന്നു. അത് ആറു ഭാഷകളില്‍ എഴുതിയിരുന്നു. അതിനു പുറമേ ഒരു ‘വാളും’ ഉണ്ടായിരുന്നു ചിഹ്നമായി. പക്ഷേ, അക്രമവാസന ‘പരസ്യപ്പെടുത്തുന്ന’ വാള് ചിഹ്നത്തില്‍ വേണ്ടെന്ന് ലെനിന് നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് അക്രമമായി, ലോകം കണ്ട ഏറ്റവും വലിയ അക്രമ സംഘടനയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് വേറേ കാര്യം. മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത് യ്വ്ഗെനി ഇവാനോവിച്ച് കാംസോള്കിന്റെ ഡിസൈനും. ലോകത്തെമ്പാടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഏറെക്കുറേ ഈ ചിഹ്നത്തിനോട് സാമ്യമുള്ള ഡിസൈനാണ് ഉപയോഗിക്കുന്നത്. ഇതിന് ഒരു പൂര്വരൂപമുണ്ട്, ചിലിയിലെ കറന്‍സിയില്‍ 1894ല്‍ അരിവാള്‍ ചുറ്റിക അടയാളമായിമാറിയിരുന്നു.
മറ്റൊരു ചിഹ്നത്തെക്കുറിച്ചുകൂടി പറയണം: ചൂല്; മാലിന്യം തൂത്തുമാറ്റി വൃത്തിയും ശുദ്ധിയും വരുത്താന്‍ എവിടെയും ഉപയോഗിക്കുന്നതാണ് ചൂല്. ചിലയിടങ്ങളില്‍ ‘തൊറപ്പ’, ‘മാച്ചില്‍’ എന്നിങ്ങനെയും ചൂലിനെ പറയും. ഉപയോഗം ഒന്നുതന്നെ. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ സ്വച്ഛ് ഭാരത് പദ്ധതി പ്രഖ്യാപിച്ച് പ്രചാരണത്തിന് ചൂലുമായി നിരത്തിലിറങ്ങിയതും ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച് അതിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായി ചൂല് പ്രഖ്യാപിച്ചതും ചൂലിനെ വലിയ ചര്‍ച്ചാ വിഷയമാക്കിയിരുന്നു. അതിനും മുമ്പ് 1991ല്‍ ദല്‍ഹിക്ക് ആദ്യമായി നിയമസഭ ലഭിച്ചശേഷം ആദ്യ മുഖ്യമന്ത്രിയായത് ‘ദല്‍ഹിയുടെ സിംഹം’ എന്നറിയപ്പെട്ടിരുന്ന മദന്‍ലാല്‍ ഖുറാനയായിരുന്നല്ലോ. അക്കാലത്ത് ആര്‍എസ്എസ് ശാഖയിലെ ഗണവേഷത്തിലെ കാക്കി ട്രൗസറും ബനിയനും ധരിച്ച്, ചൂലും പിടിച്ച് ഓഫീസുകള്‍ ശുചീകരിക്കാന്‍ ഇറങ്ങിയ ഖുരാനയുടെ ചിത്രവും, വരയുടെ തമ്പുരാന് ആര്.കെ. ലക്ഷ്മണിന്റെ കാര്‍ട്ടൂണും ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രത്തിന്റെ ഒന്നാം പേജില്‍ സ്ഥാനം പിടിച്ചപ്പോള്‍ ചൂല് മാധ്യമങ്ങളില്‍ ഒന്നാമിടം പിടിച്ചിരുന്നു. ചൂല് അങ്ങനെ ഒരു പ്രതീകമായി, എല്ലാത്തരം മാലിന്യങ്ങള്ക്കുമെതിരേയുള്ള പോരാട്ടത്തിന്റെ പ്രതീകം.
ആം ആദ്മി പാര്‍ട്ടിയുടെ ജനനത്തിന് കാരണമായത് അന്നാ ഹസാരെ എന്ന ഗാന്ധിയന്‍ ദല്‍ഹിയില്‍ അഴിമതിക്കെതിരേ നടത്തിയ അന്നാ ആന്ദോളനായിരുന്നല്ലോ. ആ വമ്പിച്ച ജനകീയ പ്രക്ഷോഭം, രാജ്യത്ത് ഡോ. മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിപദത്തിലിരുത്തി കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ വമ്പന്‍ അഴിമതികള്‍ക്കെതിരേ ആയിരുന്നല്ലോ. അതില്‍ പ്രചാരണ പരിപാടികളുടെ ആസൂത്രകനായിരുന്ന അരവിന്ദ് കേജ്രിവാള് ആസൂത്രിതമായി നടത്തിയ രാഷ്ട്രീയ നീക്കങ്ങളുടെ ഫലമായാണല്ലോ ആ പ്രസ്ഥാനത്തിന്റെ തുടര്‍ച്ച പോലെ ആം ആദ്മി പാര്‍ട്ടി പിറന്നത്. അങ്ങനെയാണ് ചൂല് ഒരു രാഷ്ടീയ പാര്‍ട്ടിയുടെ ചിഹ്നമായത്.
അരിവാളിനും ചൂലിനും വന്നു ചേര്‍ന്ന അവസ്ഥയെക്കുറിച്ച് പറയാനാണ് ഇക്കാര്യങ്ങള്‍ വിവരിച്ചത്. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ രൂപപ്പെടുന്ന പാര്‍ട്ടിയും ആഗ്രഹിക്കുന്നത്, നാളെ രാജ്യം ഭരിക്കണമെന്നും സമൂല മാറ്റം സംവിധാനത്തില്‍ വരുത്തണമെന്നുമാണല്ലോ. അപ്പോള്‍ തെരഞ്ഞെുടുപ്പ് കമ്മീഷന്- സംസ്ഥാനത്തും ദേശീയതലത്തിലും-അംഗീകരിക്കുക എന്നത് ആ പാര്‍ട്ടികളുടെ ഭാവിയുടെ പ്രശ്നവുമാണ്. 1968 ലെ ഇലക്ഷന് സിംബല്‍ (റിസര്‍വേഷന്‍ ആന്‍ഡ് അലോട്മെന്റ്) ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് തെരഞ്ഞെടുപ്പുകമ്മീഷന് ഇത് നിര്‍വഹിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയ്ക്ക് (സിപിഐ) ആ മാനദണ്ഡങ്ങള്‍ പ്രകാരം പദവി നഷ്ടമായി. തൃണമൂല്‍ കോണ്‍ഗ്രസിനും നാഷണലിസ്റ്റ് കോണ്‍ഗ്രസിനും പദവി പോയി. എന്നാല്‍, ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പദവി ലഭിച്ചു.
1920 ല്‍, താഷ്കന്റിലാണ് രൂപപ്പെട്ടതെന്ന വാദത്തിലാണെങ്കില്‍ സിപിഐക്ക് ഇപ്പോള്‍ 103 വയസായി. അതല്ല, കാണ്‍പൂരിലാണെന്ന വാദം പിന്‍പറ്റിയാല്‍ 98 ആയി. ഇക്കാലത്തിനിടെ സിപിഐക്ക്, കമ്മ്യൂണിസത്തിന്, ഇന്ത്യന്‍ ജനതയില്‍നിന്ന് ലഭിച്ച സ്വീകാര്യതയുടെ തോതാണ് ഇപ്പോള്‍ ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടമായതിലൂടെ വ്യക്തമാകുന്നത്. ആ ആദര്‍ശത്തെ, ആദര്‍ശത്തില്‍ രൂപംകൊണ്ട പാര്‍ട്ടിയുടെ നിലപാടിനെ, പദ്ധതിയെ പിന്തുണയ്ക്കുന്ന ജനത കുറഞ്ഞുവെന്നാണല്ലോ അതിന് അര്‍ത്ഥം. അതുകൊണ്ടാണല്ലോ ആ പാര്‍ട്ടിയുടെ ജനപ്രതിനിധികളുടെ എണ്ണം ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും കുറഞ്ഞത്. അതിനാലാണല്ലോ വോട്ടുവിഹിതം കുറഞ്ഞത്. തെറ്റായ നിലപാടും നയങ്ങളുമെടുക്കുക, അതിന്റെ അപകടവും ആഘാതവും ജനതയും രാജ്യവും അനുഭവിച്ചുകഴിയുമ്പോള്‍ തിരുത്തുക, പുതിയ അബദ്ധങ്ങള്‍ ചെയ്യുക എന്നിങ്ങനെയാണല്ലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പതിവ്.
ഇത് സിപിഐയുടെ മാത്രം അവസ്ഥയാണ് എന്ന് സിപിഐ (എം) ന് സമാശ്വസിക്കാനും ന്യായീകരിക്കാനും പറ്റില്ല. കാരണം 1964 വരെ ഒന്നായിരുന്നവര്‍ രണ്ടായി പിരിഞ്ഞാണല്ലോ സിപിഐയും സിപിഎമ്മും ഉണ്ടായത്. രണ്ടുകൂട്ടരും തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനങ്ങളിലും ദേശീയതലത്തിലും ഏറെക്കുറെ ഒന്നിച്ചാണ്. ഈ രണ്ടു പാര്ട്ടികളുമെന്നല്ല, കമ്മ്യൂണിസ്റ്റുകളെന്ന ചുകപ്പന്‍ ശക്തികളെല്ലാം തെരഞ്ഞെടുപ്പില്‍ തത്ത്വത്തിലും പ്രയോഗത്തിലും ഒന്നിച്ചാണ്. അങ്ങനെ നോക്കുമ്പോള്‍ 100 വര്‍ഷം തികയുന്ന പാര്‍ട്ടിയെ, ആശയത്തെ, ഇന്ത്യന്‍ മണ്ണില്‍ ജനത തിരസ്കരിച്ചിരിക്കുന്നുവെന്നാണ് ചുവരെഴുത്ത്. ലോകത്തിലാകെത്തന്നെ ആ ആദര്‍ശത്തിന് ഇതാണ് ഗതിയെങ്കിലും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പ്രസക്തി ഏറെയാണ്.
പത്തുപതിറ്റാണ്ട് പിന്നിട്ട പാര്‍ട്ടിയുടെ ഗതി ഇതായിരിക്കെ, പതിറ്റാണ്ട് മാത്രം പ്രായമുള്ള പാര്‍ട്ടിക്ക് ദേശീയ പദവി ലഭിച്ചുവെന്നിടത്താണ് നമ്മുടെ ജനാധിപത്യത്തിന്റെ നല്ലവശം. ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയാണ് ഇത് കാണിക്കുന്നതെങ്കിലും ആ പാര്‍ട്ടിയുടെ പതനത്തിന്റെ ഗതിവേഗം തിരിച്ചറിയേണ്ടത് അടുത്തിടെ നടക്കുന്ന സംഭവഗതികളിലൂടെയാണ്. ഏറ്റവും പുതിയ വാര്‍ത്ത, ആം ആദ്മി പാര്‍ട്ടിയുടെ തലതൊട്ടപ്പനായ അരവിന്ദ് കേജ്രിവാളിനെ അഴിമതിക്കേസില്‍, അതും മദ്യ വില്‍പ്പന കരാര്‍ ഇടപാടിലെ അഴിമതിക്കേസില്‍, സിബിഐ ചോദ്യം ചെയ്തതാണ്. ഒമ്പതു മണിക്കൂറോളം ചോദ്യം ചെയ്തു. സമൂഹത്തിലെ, ഭരണത്തിലെ, രാജ്യത്തെ, അഴിമതിയുടെ മാലിന്യം തുടച്ചുനീക്കാന്‍ അവതരിപ്പിച്ച ‘ചൂല്’ സ്വന്തം അഴിമതിയില്‍ മുങ്ങി തൊടാന്‍ അറയ്ക്കുംവിധം മലിനപ്പെട്ടു കിടക്കുന്നു. ആദര്‍ശത്തിന്റെ, തത്ത്വത്തിന്റെ പ്രയോഗത്തിലെ വീഴ്ചയുടെ മറ്റൊരു ഉദാഹരണം.
ആം ആദ്മി പാര്‍ട്ടിയുടെ ഉദ്ഭവത്തെക്കുറിച്ച് മുമ്പ് പറഞ്ഞതാണ്. മഹാത്മാ ഗാന്ധിയെ മുന്‍നിര്‍ത്തി ആരംഭിച്ച പ്രസ്ഥാനത്തിന്റെ തുടര്‍ച്ച. ദല്‍ഹി സര്‍ക്കാര്‍, അവിടത്തെ ജനങ്ങള്‍ക്ക് ‘നല്ല മദ്യം’ ‘വിലകുറച്ച്’ വിറ്റ്,’ലാഭം’ ഉണ്ടാക്കി ജനസേവനം ചെയ്യാന്‍ നടത്തുന്നതെന്ന് എഎപിക്കാര് ‘അഭിമാനത്തോടെ’ പറയുന്ന കരാര്‍ പ്രവര്‍ത്തനത്തില്‍ നടത്തിയ വന്‍ അഴിമതിയാണ് ആ പാര്‍ട്ടിയുടെ സര്‍ക്കാരിന്റെ ഉപമുഖ്യമന്ത്രിയെ ജയിലിലാക്കിയത്. മുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് മുമ്പ് മദ്യവില്‍പ്പനയിലെ അഴിമതിക്കേസില്‍ സംശയനിഴലില്‍ നില്ക്കുന്ന നേതാവ്, മദ്യത്തിനും അഴിമതിക്കും എതിരുനിന്നിരുന്ന മഹാത്മാ ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലത്തുപോയി. അവിടെനിന്നായിരുന്നു ‘മദ്യനയ അനുകൂല പ്രകടനം’ കേജ്രിവാള് നയിച്ചത്. മറ്റൊരു ‘പുതുപ്പാര്ട്ടി’യായ, ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാനാ രാഷ്ട്രീയ സമിതിക്കും പങ്കുണ്ടെന്നുകരുതുന്ന ഈ മദ്യനയ-കരാര്‍ അഴിമതിക്കേസില്‍ ഉള്‍പ്പെടെ എഎപിയുടെ ഇതുവരെ ഘോഷിച്ചിരുന്ന അഴിമതി വിരുദ്ധ നയവും നിലപാടും പൊള്ളയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങളെല്ലാം. ആ പാര്‍ട്ടിക്ക് സാങ്കേതികമായി ദേശീയ പദവി കിട്ടുമ്പോള്‍ ജനമനസ്സില്‍ നിന്നു കുടിയിറക്കമാണ് ഒരുവശത്ത് നടക്കുന്നത്.
പറഞ്ഞുവന്നത്, രണ്ട് ചിഹ്നങ്ങളുടെ പ്രസക്തിയും സാധ്യതയും ഇല്ലാതായതിനെക്കുറിച്ചാണ്. അത് തെളിയിക്കുന്നതും നമ്മുടെ ജനതയുടെയും സംവിധാനത്തിന്റെയും കരുത്തും മനസ്സുമാണ്.
‘അവിനാശിതു തദ്വിദ്ധി/
യേന സര്‍വമിദം തദം/
വിനാശമവ്യയസ്യാസ്യ/
നകശ്ചിത് കര്‍ത്തുമര്‍ഹതി’ എന്നുണ്ട്. ഗാന്ധിജിക്ക് ഏറെ പ്രിയമായിരുന്ന ഭഗവദ്ഗീതയില്‍ രണ്ടാം അധ്യായത്തിലെ ശ്ലോകമാണ്. അത് പാര്ട്ടികളെക്കുറിച്ചൊന്നുമല്ലെങ്കിലും പ്രസക്തമാണ്. ഒരു ആദര്‍ശം ശരിയാണെങ്കില്‍ അനശ്വരമായിരിക്കും. എങ്കില്‍ അതിനെ നശിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല, എന്നാണ് ഏകദേശ അര്‍ത്ഥം. ഒരു ആദര്‍ശത്തെ പ്രയോഗത്തില്‍ വരുത്തിയ, അതില്‍ വിശ്വസിക്കുന്നവര്‍ തന്നെയാണ് തെളിയിക്കുന്നത് ആ ആദര്‍ശവും പദ്ധതിയും നശിക്കുന്നതാണെന്ന്. അപ്പോള്‍ ആദര്ശത്തില്ത്തന്നെയാണ് പിഴവ് എന്ന് ആവര്‍ത്തിച്ച് തെളിയുകയാണല്ലോ.
പിന്കുറിപ്പ്:
ട്രാഫിക് വേളയില്‍ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാമറകള്‍ സജീവമായി. ഇനി റോഡ് നിയമം ലംഘിക്കുന്നവര്‍ക്ക് ശിക്ഷ ഉറപ്പ്. പക്ഷേ, റോഡുകളുടെ നിലവാരവും റോഡുകളിലെ പ്രശ്നങ്ങളും കണ്ടുപിടിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഏത് ക്യാമറയ്ക്ക് കഴിയും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: