അധോലോകം അടക്കിവാണിരുന്ന മുംബൈ മഹാനഗരത്തെ തൊണ്ണൂറുകളില്‍ ശുദ്ധീകരിക്കാനിറങ്ങിയ ഒരുകൂട്ടം 83 ബാച്ച് പോലീസ് ഉദ്യോഗസ്ഥരുടെ കഥയ്‌ക്ക് സമാനമാണ് ഉത്തര്‍പ്രദേശ് പോലീസ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ആറുവര്‍ഷത്തിനിടെ യുപിയില്‍ നടന്ന പോലീസ് എന്‍കൗണ്ടറുകളുടെ എണ്ണം 10,932 ആണ്. 183 കൊടുംക്രിമിനലുകള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 1,400ലേറെ ഗുണ്ടകള്‍ക്ക് വെടിയേറ്റു. 5,046 പേരെ ഓപ്പറേഷന്റെ ഭാഗമായി പിടികൂടി ജയിലില്‍ അടച്ചു. സംസ്ഥാനത്താകെ 23,348 ക്രിമിനലുകളെ അറസ്റ്റ് ചെയ്ത് ക്രമാസമാധാന നില മെച്ചപ്പെടുത്തി. കൊടുംക്രൂരതകള്‍ക്ക് പേരുകേട്ട, ക്രമസമാധാന നിലയില്‍ രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമായിരുന്ന ഉത്തര്‍പ്രദേശ് സമാനതകളില്ലാത്ത മാറ്റത്തിനാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജാമ്യത്തിലും പരോളിലും ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങള്‍ പതിവാക്കിയിരുന്ന ഗുണ്ടകള്‍ തങ്ങളുടെ ജാമ്യം റദ്ദാക്കണമെന്നും ജയിലിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പോലീസിനെയും കോടതികളേയും സമീപിക്കുന്ന കാഴ്ചയാണ് ഇന്ന് യുപിയിലുള്ളത്. എല്ലാത്തിനും കാരണം ഒരേയൊരാള്‍. യോഗി ആദിത്യനാഥ്!
വിട്ടുവീഴ്ചയില്ലാതെ യോഗി
സദാസമയം ആയുധങ്ങളുമായി കറങ്ങി നടക്കുന്ന ആയിരക്കണക്കിന് ഗുണ്ടകളുടെ വിഹാരകേന്ദ്രങ്ങളായിരുന്നു യുപിയിലെ ഓരോ നഗര ഗ്രാമങ്ങളും. നാടന്‍ തോക്ക് മുതല്‍ വിദേശനിര്‍മ്മിത ആയുധങ്ങള്‍ വരെ ജനങ്ങളുടെ വിധി നി
ര്‍ണ്ണയിച്ചിരുന്ന സംസ്ഥാനം. സമാജ് വാദി പാര്‍ട്ടിയിലും ബിഎസ്പിയിലും നേതൃസ്ഥാനങ്ങളില്‍ വരെ ഗുണ്ടാനേതാക്കള്‍. എംപിമാരും എംഎല്‍എമാരും മന്ത്രിമാരും വരെ അതതു നഗരങ്ങളിലെ മാഫിയാനേതാക്കള്‍. ജനാധിപത്യത്തെ തോക്കിന്‍മുനയില്‍ നിര്‍ത്തി ഇല്ലാതാക്കിക്കൊണ്ടിരുന്ന ഒരു നാട്ടിലേക്കാണ് 2017ല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി നിയോഗിക്കപ്പെടുന്നത്. ഗോരഖ്പൂരിലെ ഗോരഖ്നാഥ് മഠാധിപതിയുടെ മുഖ്യമന്ത്രിപദം തികച്ചും അപ്രതീക്ഷിതമായിരുന്നു. യുപിയുടെ ശുദ്ധീകരണം ഏറ്റെടുക്കാന്‍ നിയോഗിക്കപ്പെട്ട യോഗിവര്യന്‍ തന്നെയാണ് അദ്ദേഹമെന്ന് വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ഗ്രാമീണരെ നമുക്ക് യുപിയില്‍ കാണാനുമാവും.
2017 മാര്‍ച്ചില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം രണ്ടുമാസങ്ങള്‍ക്ക് ശേഷം യോഗി ആദിത്യനാഥ് നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം ക്രിമിനലുകള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ”നിങ്ങള്‍ തെറ്റു ചെയ്യുകയാണെങ്കില്‍ അടിച്ചു തകര്‍ത്തുകളയും” എന്നു തന്നെയായിരുന്നു യോഗിയുടെ പ്രസ്താവന. സമാന നിലപാട് അദ്ദേഹം പിന്നീട് യുപി നിയമസഭയിലും ആവര്‍ത്തിച്ചു. ”ഈ സഭയെ സാക്ഷിയാക്കി ഞാന്‍ പറയുന്നു. ഈ മാഫിയകളെ ഞാന്‍ മണ്ണിലാഴ്‌ത്തും.” യോഗിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. കൊടുംക്രിമിനലുകള്‍ നിറഞ്ഞ ഒരു സംസ്ഥാനത്തെ ക്രമസമാധാന നില സാധാരണ നിലയിലെത്തിക്കാന്‍ അസാധാരണ നടപടികള്‍ക്കേ സാധിക്കൂ എന്ന ഉത്തമ വിശ്വാസമാണ് യോഗി ആദിത്യനാഥിനെ മുന്നോട്ട് നയിക്കുന്നത്. ക്രമസമാധാന നിലയില്‍ യുപി കൈവരിച്ച നേട്ടങ്ങളെ പ്രധാനമന്ത്രി മോദി അടക്കം അഭിനന്ദിക്കുന്നു.
മുസ്ലിം സമൂഹത്തിലെ ആളുകളെ മാത്രമാണ് യുപി പോലീസ് കൊല്ലുന്നതെന്ന സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ ആരോപണത്തിന് മരിച്ച ക്രിമിനലുകളുടെ ജാതിയും മതവും തിരിച്ചുള്ള പട്ടിക പുറത്തുവിട്ടാണ് ബിജെപി പ്രതിരോധിച്ചത്. കാണ്‍പൂരിലെ കൊടുംക്രിമിനല്‍ വികാസ് ദുബെയുടെ കൊലപാ
തകവും ബിജെപി ഉയര്‍ത്തിക്കാട്ടുന്നു. ബ്ര്ഹ്‌മണ സമുദായാംഗമായിരുന്ന വികാസ് ദുബെയെ പോലീസ് വധിച്ചപ്പോള്‍ യോഗി സര്‍ക്കാര്‍ ബ്രാഹ്‌മണരെ കൊലപ്പെടുത്തുന്നുവെന്ന് പ്രചാരണം നടത്തി വോട്ട് വാങ്ങാന്‍ 2021ലെ തെരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും ശ്രമിച്ചിരുന്നു.
ഓപ്പറേഷന്‍ ലങ്ക്ഡ
യുപിയെ ശുദ്ധീകരിക്കാനിറങ്ങിയ ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ ശുദ്ധികലശത്തിനിട്ട പേരാണ് ഓപ്പറേഷന്‍ ലങ്ക്ഡ. ലങ്ക്ഡ എന്നാല്‍ മുടന്ത് എന്നാണ് അര്‍ത്ഥം. യുപിയെ ബാധിച്ചിരിക്കുന്ന ഗുണ്ടാരാജ് എന്ന മുടന്തിനെ ഇല്ലാതാക്കാനുള്ള ദൗത്യത്തിലാണവര്‍.
പോലീസിന് നേര്‍ക്ക് തിരിച്ച് വെടിയുതിര്‍ക്കുന്നവരെ മാത്രമാണ് പോലീസും വെടിവെച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1,443 പോലീസുകാര്‍ക്കാണ് ക്രിമിനലുകളെ നേരിടുന്നതിനിടെ വെടിയേറ്റത്. ഇതുവരെ 13 പോലീസ് ഉദ്യോഗസ്ഥര്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പോലീസ് നടപടിക്കിടെ വെടിയേറ്റ് പരിക്കുകളോടെ പിടികൂടിയ ഗുണ്ടകളില്‍ ഭൂരിഭാഗം പേരുടേയും കാലുകളിലാണ് പോലീസിന്റെ വെടിയുണ്ടയേറ്റത്.
കുറ്റകൃത്യങ്ങള്‍ക്ക് നേരെയും ക്രിമിനലുകള്‍ക്ക് നേര്‍ക്കും യാതൊരു വിധത്തിലുള്ള ദയയും നല്‍കേണ്ടതില്ലെന് തീരുമാനത്തിലാണ് യുപി പോലീസെന്ന് സംസ്ഥാന ഡിജിപി പ്രശാന്ത് കുമാര്‍ വ്യക്തമാക്കുന്നു. ക്രിമിനലുകളെ നേരിടുന്നതിനിടെ ആയിരത്തഞ്ഞൂറോളം പോ
ലീസുകാര്‍ക്ക് വെടിയേറ്റതു തന്നെ യുപി പോലീസ് നടത്തുന്ന ഓപ്പറേഷന്റ വ്യാപ്തി വ്യക്തമാക്കുന്നതായി അദ്ദേഹം പറയുന്നു. ഡ്യൂട്ടിക്കിടെ ക്രിമിനല്‍ സംഘങ്ങളില്‍ നിന്ന് വെടി വെയ്‌പ്പുണ്ടാകുമ്പോള്‍ മാത്രമാണ് പോലീസ് തിരിച്ച് വെടിവെയ്‌ക്കുന്നത്. പിടികൂടിയ ക്രിമിനലുകളില്‍ ബഹുഭൂരിപക്ഷത്തിനും കാലുകളിലാണ് വെടിയേറ്റിരിക്കുന്നത്. പരമാവധി അറസ്റ്റിനാണ് പരിശ്രമം എങ്കിലും വന്‍തോതിലുള്ള ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ ചില മരണങ്ങള്‍ സംഭവിക്കുന്നു. പോലീസ് ഉദ്യോഗസ്ഥരും ഈ ഓപ്പറേഷനിടെ മരണപ്പെടുന്നുണ്ട്. ഓരോ എന്‍കൗണ്ടര്‍ കില്ലിംഗുകളിലും സുപ്രീംകോടതിയുടെ മാര്‍ഗ്ഗരേഖ പ്രകാരം മജിസ്റ്റീരിയല്‍ അന്വേഷണം അടക്കം നടത്തുന്നു.ഇതുവരെ ഒരു ഭരണഘടനാ സ്ഥാപനവും യുപി പോലീസ് നടപടിയെ വിമര്‍ശിക്കുകയോ പോലീസ് തെറ്റുചെയ്തതായി കണ്ടെത്തുകയോ ചെയ്തിട്ടില്ല, ഡിജിപി വ്യക്തമാക്കുന്നു.
പോലീസിന്റെ കര്‍ശന നടപടികള്‍ മൂലം സംസ്ഥാനത്തെ ക്രൈംനിരക്കില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ജനസംഖ്യാപരമായി നോക്കിയാല്‍ കൊലപാതക കേസുകളില്‍ രാജ്യത്ത് 24-ാം സ്ഥാനത്തേക്ക് യുപി മാറ്റപ്പെട്ടു. പിടിച്ചുപറി കേസുകളുടെ എണ്ണത്തില്‍ 25-ാമതും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ 16-ാം സ്ഥാനത്തുമാണ് യുപി.ബലാല്‍സംഗ കേസുകളില്‍ 23-ാം സ്ഥാനവും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 28-ാമതുമാണ് യുപി. ഒരുലക്ഷം പേരിലെ കുറ്റകൃത്യ നിരക്ക് എന്ന അനുപാതത്തിലെ കണക്കാണിത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായതിനാല്‍ തന്നെ സംസ്ഥാന അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ യുപി തന്നെയാണ് ഇപ്പോഴും മുന്നില്‍. എന്നാല്‍ ജനസംഖ്യാപരമായ അനുപാതത്തില്‍ വലിയ തോതിലുള്ള മെച്ചപ്പെടലാണ് യുപിയില്‍ സംഭവിച്ചിരിക്കുന്നത്.
അടിയന്തര സഹായത്തിനായുള്ള യുപിപോലീസിന്റെ 112 നമ്പറില്‍ വിളിച്ചാല്‍ പട്രോളിംഗ് വാഹനം മൂന്നു മിനുറ്റിനുള്ളില്‍ നഗരങ്ങളില്‍ സഹായം ആവശ്യമായ ഇടത്തേക്ക് കുതിച്ചെത്തും. വ്യവസായികള്‍ക്കും വ്യവസായ ശാലകള്‍ക്കും ക്രിമിനല്‍ സംഘങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനായി യുപി സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ് രൂപീകരിച്ചു. ഇതിന്റെ കൂടി ഫലമായാണ് ബിസിനസ് ചെയ്യുന്നതിന് ഏറ്റവും അനുകൂല അന്തരീക്ഷമുള്ള സംസ്ഥാനമായി ഉത്തര്‍പ്രദേശ് ഉയര്‍ന്നുവന്നത്. ദല്‍ഹിയോട് ചേര്‍ന്നുള്ള ഗൗതം ബുദ്ധ് നഗര്‍, ലഖ്‌നൗ, കാണ്‍പൂര്‍, വാരണാസി എന്നിവിടങ്ങളില്‍ പോലീസ് കമ്മീഷണറേറ്റ് രൂപീകരിച്ച് പോലീസിന്റെ അധികാരങ്ങള്‍ വിപുലപ്പെടുത്തിയതും ഒന്നര ലക്ഷത്തോളം പിഎസി, സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തെങ്ങും നിയമിച്ചതും യുപിയുടെ ക്രമസമാധാന പാലനം കൂടുതല്‍ മെച്ചപ്പെടുത്തി. ഇതിന് പുറമേയാണ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ച് ഗുണ്ടാ-ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരായ കര്‍ശന നടപടികള്‍.
183-ാമന്‍ ആസാദ് അഹമ്മദ്
2017 മാര്‍ച്ച് 19ന് യുപിയില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം യോഗി ആദിത്യനാഥ് വിളിച്ചു ചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. മാര്‍ച്ച് 31ന് സഹരാണ്‍പൂരിലെ നന്ദന്‍പൂര്‍ ഗ്രാമത്തില്‍ കൊടുംക്രിമിനലായ ഗുര്‍മീത് പോലീസ് വെടിവെയ്‌പ്പില്‍ കൊല്ലപ്പെടുന്നു. യോഗി സര്‍ക്കാരിന് കീഴിലെ യുപിയിലെ ആദ്യ ഏറ്റുമുട്ടല്‍ കൊലപാതകം ആയിരുന്നു അത്. കഴിഞ്ഞയാഴ്ച ഝാന്‍സിയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചുവീണത് ആസാദ് അഹമ്മദാണ്. കൊടുംക്രിമിനലായ അതിഖ് അഹമ്മദിന്റെ മകനും ബിഎസ്പി എംഎല്‍എ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ ആസാദും കൂട്ടാളി ഗുലാമും ആണ് മരിച്ചത്. ആസാദിന്റെ മരണമായിരുന്നു ഏറ്റുമുട്ടല്‍ കൊലപാതകത്തിലെ 183-ാം നമ്പര്‍. കാണ്‍പൂരിലെ കുപ്രസിദ്ധ ഗുണ്ട വികാസ് ദുബെ അടക്കം നിരവധി ക്രിമിനലുകള്‍ ഇതിനകം വെടിയേറ്റു വീണുകഴിഞ്ഞു. നിരവധി പേര്‍ പരിക്കുകളോടെ ജയിലുകളിലുണ്ട്. പലരും ക്രിമിനല്‍ ബന്ധം ഉപേക്ഷിച്ച് നാടുവിട്ടുപോയി.
ഒടുവില്‍ ആതിഖ് അഹമ്മദും
പതിറ്റാണ്ടുകളായി യുപിയെ നിയന്ത്രിച്ചുകൊണ്ടിരുന്ന ഗുണ്ടാ മാഫിയാ തലവനായിരുന്നു കഴിഞ്ഞയാഴ്ച മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട ആതിഖ് അഹമ്മദ്. 2004ല്‍ യുപിയിലെ ഫൂല്‍പൂ
രില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടിയുടെ ലോക്സഭാംഗമായിരുന്നു ആതിഖ്. 1989 മുതല്‍ 2004വരെ പടിഞ്ഞാറന്‍ അലഹബാദില്‍ നിന്നുള്ള നിയമസഭാംഗവുമായിരുന്നു. നൂറിലേറെ ക്രിമിനല്‍ കേസുകളിലെ പ്രതി. നിരവധി പേരെ നേരിട്ട് കൊലപ്പെടുത്തി. മാഫിയാ തലവനായി നാലു പതിറ്റാണ്ടു കൊണ്ട് സമ്പാദിച്ചത് 1,400 കോടി രൂപയുടെ സാമ്രാജ്യം. ഭാര്യയും മക്കളും സഹോദരനും
അടക്കം കൊലക്കേസുകളിലെ പ്രതികള്‍. എന്നാല്‍ ജയിലില്‍ കിടക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാറില്ല. സാക്ഷികളെ ഭീഷണിപ്പെടുത്തി കൂറുമാറ്റുകയോ സാക്ഷികളെതന്നെ വധിക്കുകയോ പതിവ്. മദ്രസയില്‍ കയറി മുസ്ലിം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹീനകൃത്യം ചെയ്ത കേസിലടക്കം പ്രതിയായിട്ടും ആതിഖിനെ സമാജ് വാദി പാര്‍ട്ടി എക്കാലവും സംരക്ഷിച്ചു.
ബിഎസ്പി എംഎല്‍എ രാജുപാലിനെ 2005ല്‍ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചതോടെയാണ് ആതിഖിന്റെ സാമ്രാജ്യത്തിനെതിരെ യോഗി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. പ്രയാഗ് രാജില്‍ വെച്ച് രാജുപാല്‍ കേസിലെ പ്രധാന സാക്ഷിയും രാജുപാലിന്റെ അഭിഭാഷകനുമായിരുന്ന ഉമേഷ് പാലിനെ ആതിഖിന്റെ മകനായ ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവെച്ചു കൊലപ്പെടുത്തി. ഉമേഷിന്റെ സംരക്ഷണത്തിനായുണ്ടായിരുന്ന രണ്ട് പോലീസുകാരെയും ആതിഖ് സംഘം വധിച്ചു. ഇതേ തുടര്‍ന്ന് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ആതിഖിന്റെ ഓഫീസും മറ്റും റെയ്ഡ് ചെയ്ത് ആയുധങ്ങളും ലക്ഷക്കണക്കിന് രൂപയും കണ്ടുകെട്ടുകയും ചെയ്തു. എന്നാല്‍ മുഖ്യപ്രതിയായ ആസാദ് ഒളിവിലായിരുന്നു. ഇയാളെ ഝാന്‍സിയില്‍ വെച്ച് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു.
വാളെടുത്തവന്‍…
അഹമ്മദാബാദ് പോലീസ് കസ്റ്റഡിയിലായിരുന്ന ആതിഖ് അഹമ്മദിനെ പ്രയാഗ് രാജിലെത്തിച്ച് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെയാണ് മൂന്നംഗ അക്രമിസംഘം വെടിവെച്ച് കൊലപ്പെടുത്തുന്നത്. ഇയാളുടെ സഹോദരനും മുന്‍എംഎല്‍എയുമായ അഷ്റഫും സംഭവസ്ഥലത്ത് കൊല്ലപ്പെട്ടു. ലവ്ലേശ് തിവാരി, സണ്ണി, അരുണ്‍ മൗര്യ എന്നിവരെ പോലീസ് സംഭവ സ്ഥലത്തുവെച്ചു തന്നെ പിടികൂടി. പ്രശസ്തിക്ക് വേണ്ടിയാണ് ആതിഖിനെ കൊന്നതെന്നാണ് ഇവരുടെ മൊഴി.
തനിക്ക് പാക് ചാര സംഘടനയായ ഐഎസ്ഐയുമായും ഭീകരസംഘടനയായ ലഷ്‌കറെ തോയ്ബയുമായും ബന്ധമുണ്ടെന്ന് ആതിഖ് അഹമ്മദ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. എ.കെ 47 തോക്കുകളും ആര്‍ഡിഎക്സും പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെ വിവിധ ഇടങ്ങളിലേക്ക് എത്തിച്ചിരുന്നതായും ആതിഖ് മൊഴി നല്‍കി. ആതിഖിന്റെ ഭീകരബന്ധങ്ങളും വിദേശബന്ധങ്ങളും പുറത്താവുന്നത് തടയുന്നതിനായാണോ ആതിഖിനെ വെടിവെച്ച് കൊലപ്പെടുത്തിയത് എന്ന സംശയവും ശക്തമാണ്. ജുഡീഷ്യല്‍ അന്വേഷണവും പോലീസ് അന്വേഷണവും ഈ വിഷയത്തില്‍ നടക്കുന്നുണ്ട്. എന്തുതന്നെ ആയാലും പ്രയാഗ് രാജ് കേന്ദ്രീകരിച്ച് ഉത്തര്‍പ്രദേശ് അടക്കിവാണ ആതിഖ് അഹമ്മദിന്റെ മരണത്തോടെ യുപിയിലെ ഗുണ്ടാ-മാഫിയാ രാജിന്റെ ഒരു കാലഘട്ടമാണ് അവസാനിച്ചിരിക്കുന്നത്. കുറ്റം ചെയ്താല്‍ കഠിന ശിക്ഷ ലഭിക്കും എന്ന ഭയം യുപിയിലെ ക്രിമിനലുകള്‍ക്കിന്നുണ്ട്. അതിനാല്‍ തന്നെ സ്ത്രീകള്‍ക്കെതിരായ ആക്രമണവും പീഡനങ്ങളും മറ്റും വലിയ തോതില്‍ കുറഞ്ഞിട്ടുമുണ്ട്. അതുതന്നെയാണ് വലിയ മാറ്റം.
പിന്‍കുറിപ്പ്: കഴിഞ്ഞ ദിവസം മധ്യകേരളത്തില്‍ നിന്നുള്ള രണ്ടു വനിതാ തീര്‍ത്ഥാടകര്‍ പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ പ്രാര്‍ത്ഥനയ്‌ക്കായി ബോട്ടില്‍ കയറി. ഇരുനൂറ് രൂപ പറഞ്ഞ് ബോട്ടില്‍ ആളെ കയറ്റുകയും തിരിച്ചെത്തുമ്പോള്‍ രണ്ടായിരവും അയ്യായിരവും ആവശ്യപ്പെടുകയുമാണ് ഭാഷ അറിയാത്തവരോടുള്ള അവിടുത്തെ പതിവ് രീതി. ബോട്ടുകാര്‍ മിക്കവരും ഗുണ്ടാബന്ധമുള്ളവര്‍ തന്നെ. മലയാളി വനിതാ തീര്‍ത്ഥാടകരോടും ഈ സംഘം വന്‍തുക ആവശ്യപ്പെടുന്നു. ബഹളത്തിനിടെ തങ്ങള്‍ യോഗിയെ വിളിക്കുമെന്ന് തീര്‍ത്ഥാടകര്‍ പറയുന്നു. കൂട്ടംകൂടി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന സംഘം ഞൊടിയിടയിലാണ് അപ്രത്യക്ഷരായത്. പണം പോലും വാങ്ങാതെ എല്ലാവരും മുങ്ങി. യോഗി എന്ന ആ ഒരു പേര് ഗുണ്ടാസംഘങ്ങളെ എത്ര ആഴത്തിലാണ് ഭയപ്പെടുത്തുന്നത് എന്ന് ബോധ്യമാക്കുന്ന സംഭവമായിരുന്നു അതെന്ന് തീര്‍ത്ഥാടകര്‍ ആവേശത്തോടെ ലേഖകനോട് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: