ന്യൂദല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസിനെതിരെ പരാതി നല്‍കിയ അസം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അങ്കിത ദത്തയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ആറ് വര്‍ഷത്തേക്കണ് അങ്കിതയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
പീഡനവിവരം രാഹുല്‍ ഗാന്ധിയെ അങ്കിത നേരിട്ടറിയിച്ചെങ്കിലും രാഹുലും കുറ്റക്കാരനെ സംരക്ഷിച്ചു. അങ്കിതയുടെ പരാതിയില്‍ ബി.വി. ശ്രീനിവാസിനെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.
ദത്തയുടെ പരാതികള്‍ പരിഹരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പരാതിയെകുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അസം ഘടകം ദത്തയ്‌ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി, ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും അങ്കിത നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ശ്രീനിവാസ് തന്നെ അപമാനിച്ചു, ലിംഗവിവേചനത്തോടെ പെരുമാറിയെന്നും അങ്കിത പോലീസിനും മൊഴി നല്‍കിയിരുന്നു. ആറുമാസമായി താന്‍ പീഡനം അനുഭവിക്കുകയാണ്. പീഡനം പുറത്തുപറഞ്ഞാല്‍ തന്റെ രാഷ്‌ട്രീയഭാവി അവസാനിപ്പിക്കുമെന്നും ശ്രീനിവാസ് ഭീഷണിപ്പെടുത്തിയതായും അങ്കിത പറഞ്ഞിരുന്നു. അങ്കിതയുടെ ട്വീറ്റുകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു.
ഇതോടെ പ്രതിസന്ധിയിലായ കോണ്‍ഗ്രസ് നേതൃത്വം അങ്കിതയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയും ടാഗ് ചെയ്ത് അങ്കിത വിഷയം ഉന്നയിച്ചിരുന്നു. നിരവധി തവണ പ്രശ്നം അവതരിപ്പിച്ചിട്ടും നേതൃത്വം ചെവിക്കൊണ്ടില്ലെന്നും അങ്കിത വ്യക്തമാക്കി. അസം പിസിസി മുന്‍ അധ്യക്ഷനും മന്ത്രിയുമായ അഞ്ജന്‍ ദത്തയുടെ മകളാണ് അങ്കിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: