തിരുവനന്തപുരം: കേരളം തീര്‍ത്തും നിക്ഷേപ, വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും മറിച്ചുള്ള നിര്‍ഭാഗ്യകരമായ ചില പ്രചാരണങ്ങള്‍ നാടിനെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദപരിപാടി ‘നാം മുന്നോട്ട്’ന്റെ പുതിയ എപ്പിസോഡില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഒരു പ്രശ്നവുമില്ലാതെ വ്യവസായം തുടങ്ങാനും നടത്താനുമുള്ള സാഹചര്യം ഇപ്പോഴുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തില്‍ വ്യവസായം നടത്താത്ത ചിലര്‍ ഇതിനെതിരേ പറഞ്ഞേക്കാം. ചില നിക്ഷിപ്ത താത്പര്യങ്ങളും ഇതിനു പിന്നിലുണ്ട്. നാടിനെ ഇതു പ്രതികൂലമായി ബാധിക്കുമെന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരം പ്രചാരണങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ മലയാളികളല്ലാത്തവരടക്കമുള്ള വ്യവസായികളുടെ ഒരു യോഗത്തില്‍ ഈയിടെ പങ്കെടുത്തിരുന്നു. കേരളത്തില്‍ വ്യവസായം നടത്തുന്നതില്‍ ഒരു പ്രയാസവും ഇതുവരെയുണ്ടായിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്. തൊഴിലാളി പണിമുടക്കുമൂലം ഒരു ദിവസം പോലും ഫാക്ടറി പ്രവര്‍ത്തനം സ്തംഭിക്കുന്ന അവസ്ഥയുമില്ല. ഇതാണ് ഇന്നു കേരളത്തിന്റെ യഥാര്‍ഥ സ്ഥിതി. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന സംരംഭക വര്‍ഷം പദ്ധതി വന്‍വിജയമായിരുന്നു. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തില്‍ ആരംഭിച്ച പദ്ധതി എട്ടു മാസം കൊണ്ടു തന്നെ ലക്ഷ്യം മറികടന്നു.
ഇതില്‍ ഏതെങ്കിലും ഒന്നോ രണ്ടോ എണ്ണം വ്യത്യസ്തമായി വന്നേക്കാം. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തെ മൊത്തത്തില്‍ വിലയിരുത്തുന്നത് യാഥാര്‍ഥ്യത്തെ പൂര്‍ണമായും തിരസ്കരിക്കുന്നതിന് സമാനമാണ്. വ്യവസായ രംഗത്തേക്കു സ്ത്രീകള്‍ കൂടുതലായെത്തുന്നതും കേരളത്തിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ പ്രത്യേകതയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വ്യവസായ രംഗത്തെ കേരളത്തിന്റെ മുഖം രാജ്യത്തിനകത്തും പുറത്തും നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ വിപുലമായ പ്രചാരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജോണ്‍ ബ്രിട്ടാസ് എം.പിയാണ് ‘നാം മുന്നോട്ടി’ന്റെ അവതാരകന്. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍, കേരള സര്‍വകലാശാല ഹിന്ദി വിഭാഗം മേധാവി ഡോ. എസ്.ആര്. ജയശ്രീ, കെഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണന്, ഫെഡറല്‍ ബാങ്ക് ബോര്‍ഡ് ചെയര്മാന് സി. ബാലഗോപാല്‍, ചലച്ചിത്ര താരം ഉണ്ണിമായ പ്രസാദ് എന്നിവര്‍ പുതിയ എപ്പിസോഡില്‍ പാനലിസ്റ്റുകളായി പങ്കെടുക്കുന്നുണ്ട്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മിക്കുന്ന ‘നാം മുന്നോട്ട്’ പരിപാടിയുടെ പുതിയ എപ്പിസോഡ് ഇന്നു (ഏപ്രില്‍ 23) മുതല്‍ സംസ്ഥാനത്തെ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: