തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയുടെ കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട നടപടികളില്‍ പോലീസിന് ഗുരുതര സുരക്ഷാ വീഴ്ച. എഡിജിപി ഇൻ്റലിജൻസ് തയാറാക്കിയ സുരക്ഷാ സ്‌കീം ചോര്‍ന്നു. പ്രധാനമന്ത്രിയ്‌ക്കായി ഒരുക്കുന്ന പോലീസ് സുരക്ഷയുടെ സമഗ്രവിവരങ്ങളടങ്ങിയ 49 പേജുള്ള റിപ്പോര്‍ട്ടാണ് ചോര്‍ന്നത്.
സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ വിവരങ്ങളടക്കം പുറത്തുവന്നു. സംഭവത്തില്‍ ഇന്‍റലിജൻസ് എഡിജിപി ടി.കെ.വിനോദ് കുമാര്‍ അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്ന ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇത് കൈമാറിയിരുന്നത്. ഉദ്യോഗസ്ഥരോട് ഇത് സംബന്ധിച്ച വിശദീകരണം തേടി. ചോര്‍ന്ന സ്‌കീമിന് പകരം പുതിയ സ്‌കീം തയാറാക്കി തുടങ്ങിയതായി എഡിജിപി അറിയിച്ചു.
വിവിഐപി സന്ദർശനത്തിന്റെ ഭാഗമായി വലിയ തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് സാധാരണയായി നടത്താറുള്ളത്. എസ്പിജി, എൻഎസ്ജി, ഐബി, സംസ്ഥാന ഇന്റലിജൻസ്, ലോക്കൽ പോലീസ് തുടങ്ങീ വിവിധ ഏജൻസികൾ സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയും മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്യാറുണ്ട്.
എഡിജിപി ഇന്റലിജൻസാണ് എല്ലാം ഉൾപ്പെടുത്തിയുള്ള സുരക്ഷാ സ്‌കീം തയ്യാറാക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രാ ക്രമീകരണം, താമസം, പ്രോഗ്രാമിൽ ആരൊക്കെ പങ്കെടുക്കണം, അവിടെ എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്യണം, ഭക്ഷണം സംബന്ധിച്ചുള്ള വിവരങ്ങൾ, ആരൊക്കെ അവിടെ ഉണ്ടാകണം തുടങ്ങീ വലിയൊരു സ്‌കീം ആണ് സന്ദർശനത്തിന് മുൻപ് തയ്യാറാക്കുന്നത്. ഓരോ പോയിന്റിൽ ഏതൊക്കെ പോലീസുകാർ നിൽക്കണം എന്നത് ഉൾപ്പെടെയുള്ള വളരെ വിശദമായ വിവരണമാണ് ഇതിൽ ഉണ്ടായിരിക്കുക.
പ്രധാനമന്ത്രി നരേന്ദ്രമോദി തീവ്രവാദികളില്‍നിന്നും ഭീഷണി നേരിടുന്നതായി സർക്കുലറിൽ പറയുന്നു. പുൽവാമ ആക്രമണത്തിനു ശേഷമുള്ള സാഹചര്യവും വടക്കു പടിഞ്ഞാറൻ മേഖലയിലെ അതിർത്തി സംഘർഷവും പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങളാണ്. കേരളത്തിന്റെ തീരദേശ മേഖലയിലൂടെ രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘടനകൾ നുഴഞ്ഞു കയറാൻ സാധ്യതയുണ്ട്. കേരളത്തിലെ യുവതികൾ ഉൾപ്പെടെയുള്ളവർ ഐഎസ്, ജബത് നുസ്റ തുടങ്ങിയ സംഘടനകളിൽ ചേർന്നിട്ടുണ്ട്. കണ്ണൂരിലെ കനകമലയിൽനിന്ന് ചില യുവാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതും ഗൗരവമായി കാണേണ്ടതുണ്ടെന്ന് സർക്കുലറിൽ വിശദീകരിക്കുന്നു.
രാജ്യത്തു നിരോധിച്ച പോപ്പുലർ ഫ്രണ്ടിന് കേരളത്തിൽ വേരോട്ടമുണ്ട് എന്നത് പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയാണെന്ന് സർക്കുലറിൽ പറയുന്നു. പിഡിപിയുടെയും വെൽഫെയർ പാർട്ടിയുടെയും ഭീഷണികളും ഗൗരവമായി കാണണം. ഈ സംഘടനകളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണം. മാവോയിസ്റ്റുകളും സുരക്ഷയ്‌ക്ക് ഭീഷണിയാണ്. കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാന ഏജൻസികളും നടത്തിയ തിരിച്ചടിയിൽ നിരവധി മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.മാവോയിസ്റ്റ് മേഖലയിൽനിന്നും വടക്ക് കിഴക്കന്‍ മേഖലയിൽനിന്നും തൊഴിലാളികളായി കേരളത്തിലേക്ക് എത്തിയവരും സുരക്ഷാ ഭീഷണിയാണ്. മാവോയിസ്റ്റ് അനുഭാവമുള്ളവർ അതിഥി തൊഴിലാളികളുടെ കൂട്ടത്തിൽ കടന്നുകയറി കേരളത്തിൽ പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. ഇവരുടെ സാന്നിധ്യം ഈ ജില്ലകളിൽ വർധിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷന് പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി സർക്കുലറിൽ പറയുന്നു. ആത്മഹത്യാ സ്ക്വാഡിനെ ഉപയോഗിച്ച് പ്രധാനമന്ത്രിയെ വധിക്കുമെന്നായിരുന്നു മലയാളത്തിലുള്ള കത്ത്.
സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമ്പോൾ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം.പ്രധാനമന്ത്രിക്കുനേരെ ഉയരാൻ സാധ്യതയുള്ള പ്രതിഷേധങ്ങളുടെയും കരിങ്കൊടി പ്രകടനങ്ങളുടെയും വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കണം. കേരളത്തിൽ സിപിഎമ്മും ആർഎസ്എസുമായി നിലനിൽക്കുന്ന ശത്രുത, വിദ്യാർഥി സംഘടനകൾക്ക് കേന്ദ്ര സർക്കാരിനോടുള്ള പ്രതിഷേധം, കേരളത്തിലുള്ളവർക്ക് ഐഎസുമായുള്ള ബന്ധം ഇതെല്ലാം ഗൗരവത്തോടെ വിശകലനം ചെയ്യണം.
പ്രാദേശിക സാഹചര്യങ്ങളും സുരക്ഷയ്‌ക്കായി കണക്കിലെടുക്കണം. കൊച്ചി, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർമാർക്കായിരിക്കും സുരക്ഷയുടെ ചുമതല.സർക്കുലറിൽ വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: