കോഴിക്കോട്: ചാലപ്പുറം കേസരി ഭവനിലെ ‘മീഡിയാ കോറിഡോറി’ല്‍ ‘മീഡിയാ ട്രീ’യും സ്ഥാപിച്ചതോടെ ആര്‍ട്ടിസ്റ്റ് സുനില്‍ തേഞ്ഞിപ്പലത്തിന്റെ കലാപ്രവര്‍ത്തന ചരിത്രത്തില്‍ പുതിയൊരു അധ്യായംകൂടിയായി. അസാധാരണമായ കല്‍പ്പനാ വൈഭവമാണ് കലാകാരന്മാരെ ശ്രദ്ധേയരാക്കുന്നത്. സങ്കല്‍പ്പിക്കുന്നത് അത്ര സൂക്ഷ്മമായി, കൃത്യമായി ആവിഷ്കരിക്കാനുള്ള കഴിവുകൂടിയുണ്ടെങ്കില്‍ അവര്‍ പ്രതിഭകളായി. അവര്‍ക്ക് വിദഗ്ധ പരിശീലനംകൂടിയായാല് പൂര്‍ണമായി. സുനില്‍ തേഞ്ഞിപ്പലം പക്ഷേ ശിക്ഷണമില്ലാതെ കലാ വിദ്യവശത്താക്കിയ പ്രതിഭയാണ്.
കേസരി ഭവനില്‍ ‘മാഗ്കോം ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടും (മഹാത്മാ ഗാന്ധി കോളെജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍) ‘ജന്മഭൂമി’യും തമ്മിലുള്ള ഇടവഴി ‘മീഡിയ കോറിഡോര്‍’ ആക്കുക എന്ന ആശയം ആവിഷ്കരിച്ചത് സുനിലാണ്. അവിടെ സ്ഥാപിച്ച ‘മീഡിയാ ട്രീ’ ഏറെ കൗതുകക്കാഴ്ചയായിട്ടുണ്ട്. ടെലിവിഷന്‍, ന്യൂ മീഡിയ, അച്ചടി മാധ്യമം തുടങ്ങിയ ശിഖരങ്ങളുമായി, അടിസ്ഥാന പ്രമാണമായ പുസ്തകങ്ങളുടെ അടിത്തറയില്‍ മീഡിയ ട്രീ നില്ക്കുന്നു.
സുനില്‍ (45) തേഞ്ഞിപ്പലം സ്വദേശിയാണ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബാലഗോകുലം ശോഭായാത്രയ്ക്ക് ടാബ്ലോ നിര്‍മിച്ചു തുടങ്ങിയതാണ് കലാപ്രവര്‍ത്തനം. ഇപ്പോള്‍ 33 വര്‍ഷമാകുന്നു. പിന്നിട്ട കാലവഴിയില് ചെയ്തു തീര്‍ത്ത കലാപ്രവര്‍ത്തനങ്ങള്‍ ഏറെ. സിനിമയില്‍ കലാ സൃഷ്ടിയുടെ (ആര്‍ട്ട് ഡയറക് ഷന്) തമ്പുരാനായ സാബു സിറിളിനൊപ്പം ഉള്‍പ്പെടെ 16 വര്‍ഷം ഒട്ടേടെ പ്രവര്‍ത്തനങ്ങള്‍ ചെയ്തു. യുഗപുരുഷന്, കുട്ടിസ്രാങ്ക് എന്നിവയുള്‍പ്പെടെ 90 സിനിമയ്ക്ക് ചെയ്ത ആര്‍ട്ട് വര്‍ക്കുകള്‍ ഏറെ ശ്രദ്ധേയമായി. മേരേ ബാപ്, പഹ്ലേ ആപ് എന്ന ഹിന്ദി ചിത്രത്തിനും കല ചെയ്തു. ‘കുട്ടിസ്രാങ്കി’ലെ ബോട്ട് അവയില്‍ എല്ലാവരുടേയും പ്രശംസ നേടി. ബോട്ടിന്റെ മുന്‍ഭാഗം സിംഹത്തിന്റെ മുഖം പോലെയായിരുന്നു. അങ്ങാടിപ്പുറം തളിക്ഷേത്രത്തിലെ ശില്പ്പങ്ങള്, വണ്ടൂര്‍ വിദ്യാനികേതിനിലെ ശില്പ്പങ്ങള്, സരസ്വതി, ഗണപതി തുടങ്ങിയവ സുനിലിന്റെ മാസ്റ്റര്‍ പീസുകളാണ്. ഒട്ടേറെ ക്ഷേത്രങ്ങളില്‍ മ്യൂറല്‍ പെയിന്റിങ് സൃഷ്ടികള്‍ നടത്തിയിട്ടുണ്ട്.
ആദ്യകാലത്ത് കാര്യമായ ശിക്ഷണമോ പരിശീലനമോ ഇല്ലാതെ കലാ സൃഷ്ടികള്‍ നടത്തിയ സുനില്‍ യൂണിവേഴ്സല്‍ ആര്‍ട്സില്‍ രണ്ടുവര്‍ഷം പഠിച്ചതാണ് സുനിലിലെ കഴിവുകള്‍ കൂടുതല്‍ പുറത്തുകൊണ്ടുവന്നത്. മലപ്പുറത്ത് ചേളാരിയാണ് ജന്മസ്ഥലം. കുട്ടിക്കാലം മുതലേ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്ത്തകന്. കലയിലെ കഴിവ് പുറത്തുകൊണ്ടുവന്നത് ബാലഗോകുലത്തിന്റെ ശോഭായാത്രയ്ക്ക് നിശ്ചല ദൃശ്യം ഒരുക്കിയതാണ്. അതുകൊണ്ട് ഒരിക്കലും മുടക്കംവരാതെ ശ്രീകൃഷ്ണാഷ്ടമിക്ക് സുനില്‍ നാട്ടിലെത്തും. ശോഭായാത്രയ്ക്ക് ഒരുക്കുകൂട്ടും. ഇപ്പോള്‍ മഞ്ചേരി മണ്ഡലത്തിന്റെ സേവാ പ്രമുഖാണ് സുനില്‍.
സുനിലിന്റെ പേരിനൊപ്പം തേഞ്ഞിപ്പലം ചേര്‍ത്തത് ആലുങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.എം. മൊയ്തീന്‍കോയ ഹാജിയാണ്. ഒരു കേരളോത്സവത്തില്‍ സുനിലിന് ചിത്രരചനാ സംസ്ഥാനതല മത്സരത്തില്‍ സമ്മാനം ലഭിച്ചു. സമ്മാനം വിതരണം ചെയ്തപ്പോള്‍ ഹാജിയാണ് വെറും സുനില്പോരാ സുനില്‍ തേഞ്ഞിപ്പാലം എന്ന പേരിലൂടെ നാടിനെ അറിയിക്കണം എന്ന് നിര്‍ദേശിച്ചത്.
സുനില്‍ ഇപ്പോള്‍ പല മീഡയത്തില്‍ ശില്പ്പങ്ങള് നിര്‍മിക്കും. ഫ്രീ ഹാന്‍ഡ് ഡ്രോയിങ് നല്ല വശമാണ്. തോല്‍പ്പാവക്കൂത്തിന്റെ കോലങ്ങള്‍ വരയ്ക്കുന്ന പ്രത്യേക സ്റ്റൈലാണ് വരകള്‍ക്ക് തിരഞ്ഞെടുക്കാറ്. മധുബനി സ്റ്റൈലും സ്വീകരിക്കും. സുനിലിന്റെ ലൈറ്റ് ആന്‍ഡ് ഷെയ്ഡ് സ്റ്റൈലിലുള്ള കോഴിക്കോടിന്റെ ചരിത്ര ചിത്രങ്ങളും കേസരിയിലെ മീഡിയാ കോറിഡോറിലുണ്ട്. കോഴിക്കോടിന്റെ പൊളിറ്റിക്സ്, കോഴിക്കോട്ടെ് വലിയങ്ങാടി, പാളയം, മീഡിയ ഹിസ്റ്ററി എന്നിങ്ങനെ ആറു ചിത്രങ്ങളില്‍ അത്ഭുതമാണ് സുനില്‍ വിരിയിച്ചിരിക്കുന്നത്. ഭാര്യ സുനിത. നൃത്ത അധ്യാപികയാണ്. മക്കള്‍ ശ്രീകശ്യപ്, ശ്രീദേവ് തീര്‍ത്ഥ്, വേദനാഥ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: