ന്യൂദല്‍ഹി: അഭിഭാഷകര്‍ക്ക് പണിമുടക്കാനോ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാനോ കഴിയില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ എല്ലാ ഹൈക്കോടതികള്‍ക്കും നിര്‍ദേശം നല്കി. അഭിഭാഷകരുടെ പ്രശ്നങ്ങള്‍ക്ക് അവിടെ പരിഹാരം തേടാം.
കീഴ്ക്കോടതികളില്‍ കേസുകള്‍ ഫയല്‍ ചെയ്യുന്നതിലോ ലിസ്റ്റ് ചെയ്യുന്നതിലോ മോശം പെരുമാറ്റത്തിലോ ഉള്ള നടപടിക്രമങ്ങളിലെ പരാതികള്‍ പരിഹരിക്കാന്‍ ജില്ലാ കോടതി തലത്തില്‍ പ്രത്യേക പരാതി പരിഹാര സമിതികള്‍ രൂപീകരിക്കണമെന്ന് ജസ്റ്റിസ് എം.ആര്. ഷാ, ജസ്റ്റിസ് അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അഭിഭാഷകര്‍ പണിമുടക്കുകയോ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്യുന്നത് ജുഡീഷ്യല്‍ നടപടികളെ തടസ്സപ്പെടുത്തുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
തങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഉചിതമായ ഫോറം ആവശ്യപ്പെട്ട് ഡെറാഡൂണിലെ ജില്ലാ ബാര്‍ അസോസിയേഷന് സമര്‍പ്പിച്ച അപേക്ഷ തീര്‍പ്പാക്കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഇതിന്റെ പകര്‍പ്പ് എല്ലാ ഹൈക്കോടതികളിലെയും രജിസ്ട്രാര്‍ ജനറലിന് അയച്ച് ഉത്തരവിന് അനുസൃതമായി നടപടിയെടുക്കാന്‍ രജിസ്ട്രിക്ക് നിര്‍ദേശം നല്കി.
അഭിഭാഷകര്‍ക്ക് പരാതികള്‍ സുതാര്യമായി അവതരിപ്പിക്കാന്‍ പറ്റുന്ന ഇടമായി ഫോറം മാറണം. ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ പരാതി പരിഹാര സമിതി രൂപീകരിക്കണം. സമിതിയില്‍ ജുഡീഷ്യല്‍ സര്‍വീസില്‍ നിന്നും ബാറില്‍ നിന്നുമായി രണ്ട് മുതിര്‍ന്ന ജഡ്ജിമാര്‍ ഉണ്ടായിരിക്കണം. ഇവരെ ചീഫ് ജസ്റ്റിസും അഡ്വക്കേറ്റ് ജനറലും ബാര്‍ കൗണ്‍സില്‍ ചെയര്‍മാനും ഹൈക്കോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റും നാമനിര്‍ദേശം ചെയ്യണം, സുപ്രീം കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: