ലഖ്നൗ: മുൻ എംഎൽഎയും ക്രിമിനൽ കേസ് പ്രതിയുമായ മുഖ്താർ അൻസാരിയുടെ ഭാര്യ അഫ്സ അൻസാരിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് യു.പി പോലീസ്. 50,000 രൂപയാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട അതീഖ് അഹ്മദിന്റെ ഭാര്യ ഷായിസ്ത പർവീണിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നടപടിയും.
ദക്ഷിണ് തോലയിൽ ഗുണ്ടാ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് മുഖ്താർ അൻസാരിയുടെ ഭാര്യ അഫ്സ. 2019 ൽ അഫ്സ സദർ കോട്‌വാലി ഏരിയയിലെ കന്റോൺമെന്റ് ലൈനിലും ഉത്തർപ്രദേശിലെ ബാബേഡി ഏരിയയിലും കുർക്ക് ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതിന് കേസെടുത്തതായി പോലീസ് പറഞ്ഞു. ഇതിന് പുറമെ 2016ൽ സർക്കാർ ഫണ്ട് തിരിമറി നടത്തിയതിനും കേസെടുത്തിട്ടുണ്ട്.
ഭൂമി കൈയേറ്റം, കൊലപാതകം, കൊള്ളയടിക്കൽ എന്നിങ്ങനെ 49 ക്രിമിനൽ കേസുകളിൽ പ്രതിയായ മുഖ്താർ അൻസാരി ജയിലിലാണ്. മുഖ്താർ അൻസാരിയുടെ 127 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. മുഖ്താറിന്റെ സഹായികളുടെ വീടുകൾ ഉത്തർ പ്രദേശ് സർക്കാർ ബുൾഡോസർ വെച്ച് തകർത്തിരുന്നു. വീടുകൾ അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ചായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: