അപൂര്‍വമായി മാത്രം നടക്കുന്നവയാണ് സോമയാഗങ്ങള്‍. മലബാര്‍ ഭാഗത്തു പ്രത്യേകിച്ചും. ഒരു നൂറ്റാണ്ടിനിടയ്ക്ക് ആദ്യമായാണ് കണ്ണൂര്‍ ജില്ലയില്‍ ഏപ്രില്‍ മെയ് മാസങ്ങളിലായി (ഏപ്രില്‍ 30 മുതല്‍ മെയ് 5 വരെ) ഒരു സോമയാഗം നടക്കാന്‍ പോകുന്നത്. അതും പ്രസിദ്ധമായ കൈതപ്രം ഗ്രാമത്തില്‍ .
സോമലത ഇടിച്ചു പിഴിഞ്ഞ് അതിന്റെ നീരെടുത്ത് മന്ത്രത്തോടെ അഗ്നിയില്‍ സമര്‍പ്പിക്കുന്നതാണ് സോമയാഗം. സോമരസം സമര്‍പ്പിക്കുന്നത് അഗ്നിയിലാണെങ്കിലും എത്തിച്ചേരുന്നത് ദേവന്മാരിലാണ്. ‘വരുണായ സ്വാഹാ’ എന്ന് ഹോമിക്കും. പിന്നെ ഹോതാവ് പറയും ‘വരുണായ ഇദം’ ഇത് വരുണന്നാണ്; ‘ന മമ’ എനിക്കല്ല. ഇതിന് ഉദ്ദേശത്യാഗമെന്നാണ് പേര്.
അച്ചിങ്ങ (പയര്‍) വള്ളിയുടെ തണ്ടു പോലുള്ളതാണ് സോമത്തണ്ട്. സോമനെന്നാല്‍ ചന്ദ്രന് എന്നര്‍ഥമുണ്ട്. സോമവളളിയില്‍ ചന്ദ്രന്റെ വൃദ്ധിക്കനുസരിച്ച് ഓരോ ദിവസവും ഓരോ ഇല കിളിര്‍ക്കുമത്രേ. കറുത്ത പക്ഷത്തില്‍ ഇലകള്‍ നഷ്ടപ്പെടുകയു ചെയ്യും. ഇതിന്റെ ചവര്‍പ്പുള്ള രസം കുടിച്ചാല്‍ ആനന്ദം (സുമദം) ലഭിക്കുമത്രേ. മത്തു (ദുര്‍മദം) പിടിക്കുകയുമില്ല. ഇതാണ് ദേവന്മാരുടെ ഇഷ്ടഭക്ഷണം.
വേദത്തില്‍ പറഞ്ഞ രീതിയില്‍ മാത്രം നടക്കുന്ന ചടങ്ങാണ് സോമയാഗം. വേദത്തില്‍ രണ്ടുതരം യജ്ഞങ്ങളുണ്ട് ഹവിര്യജ്ഞം, സോമയജ്ഞം. ഒന്നാമത്തേതില്‍ ഹവിസ്സിന്നാണ് പ്രാധാന്യം. പലതരം ഹോമദ്രവ്യങ്ങള്‍ (ഹവിസ്സുകള്‍) അഗ്നിയില്‍ അര്‍പ്പിക്കപ്പെടും.
അഗ്ന്യാധേയം ച അഗ്നിഹോത്രം
ദര്‍ശാദര്‍ശോദിതക്രിയാ/ഃ
തഥൈവ ആഗ്രയണേഷ്ടിശ്ച
ചാതുര്‍മാസ്യാനി ച ക്രമാല്‍
നിരൂഢപശുബന്ധശ്ച
സൗത്രാമണ്യപി സപ്തധാ
അഗ്ന്യാധേയം, അഗ്നിഹോത്രം, ദര്ശപൂര്ണ മാസങ്ങള്‍, ആഗ്രയണേഷ്ടി, ചാതുര്‍മാസ്യങ്ങള്‍, നിരൂഢപശുബന്ധം, സൗത്രാമണി എന്നിങ്ങനെ ഏഴ് ഹവിര്‍ യജ്ഞങ്ങള്‍.
സുത്യയജ്ഞങ്ങളും (സോമയാഗങ്ങള്‍) ഏഴുതരം.
അഗ്നിഷ്ടോമസ്തഥാത്യഗ്നി
ഷ്ടോമ ഉക്ഥ്യശ്ച ഷോഡശീ
വാജപേയോതിരാത്രോപ്തോ
ര്യാമസംസ്ഥാസ്തു സപ്തധാ
അഗ്നിഷ്ടോമം, അത്യഗ്നിഷ്ടോമം, ഉക്ഥ്യം, ഷോഡശീ, വാജപേയം, അതിരാത്രം, അപ്തോര്യാമം എന്നിങ്ങനെ ഏഴു സോമയാഗങ്ങള്‍.
ഇതില്‍ ആദ്യത്തേതായ അഗ്നിഷ്ടോമ സോമയാഗമാണ് ‘സോമയാഗം’ എന്ന പ്രസിദ്ധി നേടിയത്. അതില്‍ ചൊല്ലുന്ന 12 മന്ത്രസ്തുതികളില്‍ 12ാമത്തേത് അവസാനിക്കുന്നത് ‘അഗ്നിഷ്ടോമ’ മെന്നാണ്. അതിനാലാണ് ഇതിന് അഗ്നിഷ്ടോമ സോമയാഗമെന്നു പേരു വന്നത്. ഈ 12 മന്ത്രങ്ങള്‍ എല്ലാ സോമയാഗങ്ങളിലും സോമഹോമത്തിന് ഉപയോഗിക്കും.
അടുത്ത മൂന്നു മന്ത്രങ്ങള്‍ക്ക് (13, 14, 15) ഉക്ഥ്യമെന്നു പേര്. അപ്പോള്‍ ഒന്ന് മുതല്‍ 15 വരെ മന്ത്രങ്ങള്‍ ചൊല്ലുന്ന സോമയാഗം ഉക്ഥ്യ സോമയാഗം.
16ാമത്തേത് ഷോഡശിയാണ്. അതായത് ഒന്നു മുതല്‍ 16 വരെ മന്ത്രങ്ങളായാല്‍ ഷോഡശീ സോമയാഗം.
ഉക്ഥ്യ (13, 14, 15 ) മൊഴിച്ചുള്ള ഷോഡശിയാണ് അത്യഗ്നിഷ്ടോമം. ഷോഡശിയോടൊന്നു കൂട്ടിയാല്‍ വാജപേയം. ഷോഡശിയോട് 13 മന്ത്രങ്ങള്‍ ചേര്‍ത്താല്‍ അതിരാത്രം. അതിനോട് 4 മന്ത്രങ്ങള്‍ കൂടി ചേര്‍ത്താല്‍ അപ്തോര്യാമം.
ഇങ്ങനെ ഹോമത്തിനു ചൊല്ലുന്ന മന്ത്രസംഖ്യയുടെ വ്യത്യാസത്തിലാണ് ഏഴുതരം സോമയാഗങ്ങള്‍. കേരളത്തില്‍ ഇന്ന് ഇതില്‍ ആദ്യം പറഞ്ഞ അഗ്നിഷ്ടോമ സോമയാഗവും ആറാമതു പറഞ്ഞ അതിരാത്ര സോമയാഗവുമാണ് നടക്കുന്നത്.
യാഗം ചെയ്യുന്നവനെ യജമാനന് എന്നാണ് പറയുക. അഗ്ന്യാധാനം വരെയുള്ള ഷോഡശസംസ്കാരങ്ങള്‍ അനുഷ്ഠിച്ച ഗൃഹസ്ഥനായ (ഭാര്യ ജീവിച്ചിരിച്ചുള്ള) ബ്രാഹ്മണനേ, യാഗത്തിനധികാരമുള്ളൂ. തീര്‍ന്നില്ല. അവന് നിത്യ അഗ്നിഹോത്രിയാവണം. കൈതപ്രം സോമയാഗത്തില്‍ ഡോ. (പ്രൊഫ.) കൊമ്പങ്കുളം വിഷ്ണു അഗ്നിഹോത്രിയാണ് യജമാനന്. സംസ്കൃത പണ്ഡിതനും സംസ്കൃതവ്യാകരണത്തില്‍ അവഗാഹവുമുള്ള ശ്രീ വിഷ്ണു ശൃങ്ഗേരി വലിയ സ്വാമികളില്‍ നിന്ന് സ്വര്‍ണ മോതിരം സമ്മാനം വാങ്ങിയ ആളും വാക്യാര്‍ഥ സദസ്സുകളില്‍ നിറ സാന്നിദ്ധ്യവുമാണ്. പത്നി ഡോ. ഉഷാ അഗ്നിഹോത്രിയും കോളേജില്‍ സംസ്കൃതം അധ്യാപികയാണ്.
സാധാരണ എല്ലാവരും ഒരഗ്നിയിലാണ് കര്‍മങ്ങള്‍ ചെയ്യുക. എന്നാല്‍ ഈ ഏകാഗ്നിയെ ത്രേതാഗ്നിയാക്കിയാലേ ശ്രൗതകര്‍മങ്ങള്‍ (ശ്രുതി വേദം. ശ്രൗതം വൈദികം) സാധ്യമാവൂ. ഗാര്‍ഹപത്യ അഗ്നി, ആഹവനീയ അഗ്നി, അന്വാഹാര്യ അഗ്നി (ദക്ഷിണാഗ്നി) ഇങ്ങിനെ ഒരഗ്നിയെ മൂന്നഗ്നിയാക്കുന്ന യജ്ഞമാണ് അഗ്ന്യാധാനം എന്ന ക്രിയ. ഇത് സോമയാഗത്തിനു മുമ്പ് നടക്കും. അത് രണ്ടു ദിവസത്തെ ചടങ്ങാണ്. ഈ മൂന്ന് അഗ്നിയുടേയും കുണ്ഡങ്ങളുടെ ആകൃതി വ്യത്യസ്തമാണ്. ഗാര്‍ഹപത്യം വൃത്താകൃതിയാണ് പൂര്ണചന്ദ്രന് (പടിഞ്ഞാറ്). ആഹവനീയം സമചതുരം (കിഴക്ക്). അന്വാഹാര്യം അര്ധചന്ദ്രന് (തെക്ക്) വടക്കേ പകുതി മുറിഞ്ഞതു പോലെ.
അഗ്ന്യാധാനം ചെയ്തവനെ ആഹിതാഗ്നി (അടിതിരി ) എന്നു വിളിക്കും. ആ അഗ്നി സൂക്ഷിക്കുന്നവന് അഗ്നിഹോത്രി. അതി കഠിനമായ ഒരു ഉത്തരവാദിത്തമാണ് അഗ്നിഹോത്രി ഏറ്റെടുക്കുന്നത്. മൂന്ന് കണ്ഡങ്ങളിലേയും തീ മരണം വരെ കെടാതെ സൂക്ഷിക്കണം. രാവിലെയും വൈകുന്നേരവും അതില്‍ പത്നീസമേതനായി ഹോമം (അഗ്നിഹോത്രം) ചെയ്യണം. കറുത്തവാവിനും (ദര്‍ശ) വെളുത്തവാവിനും (പൂര്‍ണമാസ) ചെറു യാഗം (ഇഷ്ടി) ചെയ്യണം. നമ്മുടെ യജമാനനായ വിഷ്ണു അഗ്നിഹോത്രി കഴിഞ്ഞ വര്‍ഷം (2022) വൈശാഖത്തിലെ അക്ഷയ തൃതീയ ദിവസം (മെയ് 3) അഗ്ന്യാധാനം ചെയ്ത് ആഹിതാഗ്നി (അടിതിരി) യായി. എല്ലാ ദിവസവും അഗ്നിഹോത്രം ചെയ്തു കൊണ്ട് അഗ്നിഹോത്രിയുമായി.
സോമയാഗം ചെയ്തവനെ സോമയാജി (ചോമാതിരി ) എന്നും അതിരാത്രം ചെയ്തവനെ അക്കിത്തിരി എന്നും വിളിക്കും.
യജമാനന് വളരെ പ്രാധാന്യമാണ് സോമയാഗത്തിലുള്ളത്. യാഗശാല ഒരുക്കുന്നത് യജമാനന്റെ കാല്പത്തിയുടെ നീളം ഏകകമാക്കിക്കൊണ്ടാണ്. നല്ല മുഹൂര്‍ത്തം നോക്കി പത്നീ സമേതനായി ഇരുന്ന് ഗണപതി നേദിച്ച ശേഷം ഒരു മുളക്കഷ്ണത്തില്‍ യജമാനന്റെ കാല്പത്തിയുടെ നീളം അളന്നെടുക്കും. അതാണ് ഒരു പദം. രണ്ടു പദം നീളത്തിലാണ് മുറിക്കുക. ഇതിന് പ്രക്രമം എന്നാണ് പേര്. അതായത് രണ്ടു കാല്‍പ്പത്തിയുടെ നീളമാണ് പ്രക്രമം. ഇതിന്റെ അഞ്ചില്‍ നാലു ഭാഗത്തിന് അരത്നി എന്നും അരത്നിയുടെ പകുതിക്ക് പ്രാദേശമെന്നും പേര്. യാഗശാലകളില്‍ പടിഞ്ഞാറെ പുരയുടെ നീളം 16 പ്രക്രമയും വീതി 12 പ്രക്രമയും ആണ്. ഉയരവും 12 പ്രക്രമ തന്നെ. മററു ശാലകളും പ്രക്രമയുടെ അടിസ്ഥാനത്തില്‍ തന്നെ. യജമാനന് നീളമുള്ള കാലടിയാണെങ്കില്‍ യാഗശാലയുടെ വലുപ്പം കൂടും. മറിച്ചും.
പരിപൂര്‍ണ്ണ വ്രതത്തിലാണ് യജമാനര്‍ ഉണ്ടാവുക. ഇതിന് ദീക്ഷ എന്നും പറയും. ഒരു ഇഷ്ടി (ചെറുയാഗം) യോടെയാണ് ദീക്ഷ ആരംഭിക്കുക. ഇതിന് ദീക്ഷണീയ ഇഷ്ടി എന്നു പേര്. ദീക്ഷ എന്നാല്‍ ഇന്ദ്രിയ നിഗ്രഹം. ദീക്ഷിതന്‍ സംസക്കാരമുള്ള വാക്കുകളേ പറയാവൂ. സത്യമേ പറയാവൂ. ദേവതാ നാമങ്ങള്‍ (വിഷ്ണു, നാരായണന്) പറയാം. അദേവതാ നാമങ്ങള്‍ പറയേണ്ടി വന്നാല്‍ വിചക്ഷണ (ഭവദാസ വിചക്ഷണ!)എന്നു ചേര്‍ക്കണം. ചിരിക്കരുത്. അഥവാ ചിരിക്കേണ്ടി വന്നാല്‍ വാ പൊത്തി പല്ലു കാണിക്കാതെ ചിരിച്ചു കൊള്ളണം. ചൊറിയരുത്. അഥവാ ചൊറിയേണ്ടി വന്നാല്‍ മാന്‍കൊമ്പു കൊണ്ടേ ചൊറിയാവൂ. ചോര വരരുത്. ഉദയാസ്തമയങ്ങളില്‍ പുറത്തു പോവരുത്.
സനിഗ്രഹണമെന്നൊരു ചടങ്ങുണ്ട്. സനി എന്നാല്‍ അപേക്ഷ, ദാനം എന്നൊക്കെയാണ് അര്‍ഥം. യാഗത്തിനു വേണ്ട ധനം ശേഖരിക്കാന്‍ യജമാനന് മൂന്നു പേരെ പുറത്തേക്കയയ്ക്കും. അവര്‍ ധനം ശേഖരിച്ചു വന്ന് യജമാനന് സമര്‍പ്പിക്കും. യജമാനന് അത് ഏറ്റുവാങ്ങും. യാഗം നടത്തുവാനുള്ള ബാധ്യതയും അവസരവും സമൂഹത്തിനുള്ളതാണെന്ന സന്ദേശം ഇതിലൂടെ വായിച്ചെടുക്കാം.
വ്രത ദോഹവും വ്രതപാനവും ഒരു ചടങ്ങാണ്. വ്രതമെന്നാല്‍ വ്രത മനുഷ്ഠിക്കുന്ന യജമാനന്നും പത്നിക്കും ഭക്ഷിക്കാനുള്ള പാല്. ദോഹമെന്നാല്‍ കറക്കല്‍. പാല് തിളപ്പിച്ച ശേഷം അവര്‍ കുടിക്കുന്നതാണ് വ്രതപാനം.
ദീക്ഷിതനായ (വ്രതമനുഷ്ഠിക്കുന്ന) യജമാനന് 6 ദിവസവും ധാന്യ ഭക്ഷണമില്ല.
ഉച്ചയ്ക്കും രാത്രിയിലുമാണ് വ്രതപാനം. (മധ്യന്ദിനേ മധ്യരാത്രേ വാ വ്രതം ഭവതി )
ദ്യുലോകത്ത് സോമ കാക്കുന്ന ഏഴു ഗന്ധര്വന്മാരുണ്ട്. സ്വാനന്, ഭാജന്‍, അഘാരി, ബംഭാരി, ഹസ്തന്‍, സുഹസ്തന്, കൃശാനു. ഇവരുടെ പ്രതിനിധിയായി ഇവിടെ സോമ കൊണ്ടുവരുന്നവനെ കൗഥ്സന്‍ എന്നു വിളിക്കും. യജമാനനു വേണ്ടി അധ്വര്യുവാണ് സോമക്രയം (സോമവാങ്ങല്‍) നടത്തുന്നത്.
അധ്വര്യു: ശുദ്ധാസ്തേ സോമാഃ ? (നിന്റെ സോമം ശുദ്ധം തന്നെയല്ലേ?)
കൗഥ്സന്‍: ശുദ്ധം (ശുദ്ധം തന്നെ)
ഇത് മൂജവാന്‍ പര്‍വതത്തില്‍ നിന്നു കൊണ്ടുവന്നതല്ലേ ?
അതെ.
വില്ക്കാന് തയ്യാറാണോ?
അതേ.
പിന്നെ അത് നാലു വസ്തുക്കള്‍ കൊടുത്തു വാങ്ങുന്നു (ചതുര്ഭിഃ ക്രീണാതി). ഗവാ (പശുക്കുട്ടി), ചന്ദ്രേണ (സ്വര്‍ണ്ണം), വസ്ത്രേണ, ഛാഗയാ (ആട് ).
പിന്നെ സോമക്കെട്ട് തലയിലേറ്റി ഒരു കാളവണ്ടിയിലാക്കി ശാലയില്‍ കൊണ്ടുവന്ന് ഒരു പീഠത്തിലേറ്റി വെച്ച് സല്ക്കരിക്കുന്നു. ഒരു രാജാവിനു കൊടുക്കുന്ന ബഹുമാനം സോമത്തിന് കൊടുക്കും. അത് ഒരു ഇഷ്ടി തന്നെയാണ്. ആതിഥ്യേഷ്ടി.
17 ‘ഋത്വിക്കു’ കളാണ് യാഗ കര്‍മത്തില്‍ മുഴുകുന്നത്. ഇവര്‍ നാലു ഗണങ്ങളാണ്.
1. അധ്വര്യു ഗണം. ഇവര്‍ യജുര്‍വേദികളാണ്. അധ്വര്യു, പ്രതിപ്രസ്ഥാതന്‍, നേഷ്ടന്‍, ഉന്നേതന്‍. ഏറ്റവും പ്രധാനി അധ്വര്യു തന്നെ. അധ്വര്യുവിന്റെ സഹായികളാണ് മറ്റു മൂന്നുപേര്‍. ഇവര്‍ക്കുളള ദക്ഷിണയും ഇതേ പ്രാധാന്യത്തിലാണ്.
2. ബ്രഹ്മഗണം. ഇവര്‍ ത്രിവേദികളാകണമെന്നാണ് സങ്കല്പം. ബ്രഹ്മന്‍, ബ്രാഹ്മണാച്ഛംസി, ആഗ്നീധ്രന്, പോതന്‍.
3. ഹോതൃഗണം. ഇവര്‍ ഋഗ്വേദികളാണ്. ഹോതന്, മൈത്രാവരുണന്, അച്ഛാവാകന്, ഗ്രാവസ്തോതന്‍.
4. ഉദ്ഗാതൃഗണം. ഇവര്‍ സാമവേദികള്‍. ഉദ്ഗാതന്, പ്രസ്തോതന്‍, പ്രതിഹാരി, സുബ്രഹ്മണ്യന്
ഇവരാണ് പ്രധാന ഋത്വിക്കുകള്‍. ഇവര്‍ തമ്മില്‍ വളരെ ഐക്യത്തില്‍ കാര്യങ്ങള്‍ നടത്തണം. മുമ്പു നടന്ന വഴക്ക് ഇവിടെ തടസ്സം വരുത്തരുത്. ഇതിന് അവര്‍ ഔപചാരികമായി തന്നെ ഒരു പ്രതിജ്ഞ എടുക്കും. ‘താനൂനപ്തൃഗ്രഹണം’ എന്നാണ് ഈ ചടങ്ങിനു പേര്. യജ്ഞശേഷം പാത്രത്തില്‍ ശേഖരിച്ച നെയ്യ് തൊട്ട് ‘യാഗം കഴിയുന്നതു വരെ ഞങ്ങള്‍ തമ്മില്‍ കലഹിക്കില്ല, ഞങ്ങള്‍ സഖ്യത്തിലായിരിക്കും’ എന്നാണ് പ്രതിജ്ഞ. ഇവരെ കൂടാതെ സഹായികളായി പിന്നെയും ആളുകള്‍ വേണം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: