ലണ്ടന്‍: സ്റ്റംഫോഡ് ബ്രിഡ്ജിലും ചെല്‍സിക്ക് രക്ഷയുണ്ടായില്ല. യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറിലും ചെല്‍സിയെ 2-0ന് കീഴടക്കി ആകെ 4-0 ജയത്തോടെ റയല്‍ മാഡ്രിഡ് സെമിയില്‍. ഇറ്റാലിയന്‍ പോരാട്ടത്തില്‍ നെപ്പോളിയോട് 1-1ന് സമനില വഴങ്ങിയെങ്കിലും ആദ്യ പാദത്തിലെ ജയത്തിന്റെ കരുത്തില്‍ എസി മിലാനും (2-1) അവസാന നാലിലൊന്നായി.
റോഡ്രിഗൊയുടെ ഇരട്ട ഗോളുകളാണ് സ്റ്റംഫോഡ് ബ്രിഡ്ജില്‍ റയലിന് ജയം സമ്മാനിച്ചത്. മാഡ്രിഡിലെ 2-0ത്തിന്റെ കമ്മി നികത്താന്‍ സ്വന്തം മൈതാനത്ത് കച്ചകെട്ടിയ ചെല്‍സി തുടക്കത്തില്‍ റയലിനെ ശ്വാസംമുട്ടിച്ചു. ആദ്യ പകുതിയില്‍ ഗോളെന്നുറച്ച അവസരങ്ങള്‍ നീലപ്പട നഷ്ടപ്പെടുത്തി. ആക്രമണ ശൈലിയിലാണ് താത്കാലിക പരിശീലകന് ഫ്രാങ്ക് ലംപാര്‍ഡ് ചെല്‍സിയെ വിന്യസിച്ചത്. ഗോളെന്നുറപ്പിച്ച അവസരം എന്‍കോള കാന്റെ നഷ്ടപ്പെടുത്തിയത് അവിശ്വസനീയതോടെയാണ് ആരാധകര്‍ കണ്ടത്. റയല്‍ വല കാത്ത തിബൗട്ട് കുര്ട്ടിയോസിന്റെ രക്ഷപ്പെടുത്തലുകളും മാഡ്രിഡ് ടീമിന് തുണയായി.
രണ്ടാംപകുതിയില്‍ റയല്‍ കളം മാറ്റിച്ചവിട്ടി. ആക്രമണത്തിനൊടുവില്‍ 58-ാം മിനിറ്റില്‍ റോഡ്രിഗൊ ലക്ഷ്യം കണ്ടു. വിനീഷ്യസ് ജൂനിയര്‍ നല്കിയ പന്ത് ക്ലോസ് റേഞ്ചില്‍ നിന്ന് റോഡ്രിഗൊ തൊടുത്തത് ചെല്‍സി വലയില്‍ ഭദ്രം. ഒരു ഗോളിന് പിന്നിലായതോടെ റഹിം സ്റ്റെര്‍ലിങ്, ജൊവൊ ഫെലിക്സ്, മൈഖെയ്ലൊ മുദ്രിക് എന്നിവരെ ഇറക്കി ആക്രമണം ശക്തിപ്പെടുത്തി. എന്നാല്‍, 80-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി റോഡ്രിഗൊ ചെല്‍സിയുടെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. ഫെഡറികൊ വെല്‍വെര്‍ദെയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.
പതിനാറാം തവണയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തുന്നത്. കഴിഞ്ഞ സീസണിലും നോക്കൗട്ടില്‍ റയലിനു മുന്നില്‍ ചെല്‍സി കീഴടങ്ങിയിരുന്നു. ലംപാര്‍ഡ് പരിശീലക ചുമതലയേറ്റ ശേഷമുള്ള നാലാം മത്സരത്തിലും ചെല്‍സി തോല്‍വി വഴങ്ങി. മാഞ്ചസ്റ്റര്‍ സിറ്റി-ബയേണ്‍ മ്യൂണിക്ക് മത്സരവിജയികള്‍ സെമിയില്‍ റയലിന് എതിരാളികള്‍.
16 വര്‍ഷത്തിന് ശേഷം മിലാന്
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്താനുള്ള എസി മിലാന്റെ 16 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം. ഇറ്റാലിയന്‍ ക്വാര്‍ട്ടറില്‍ സീരി എയില്‍ കിരീടത്തിലേക്ക് കുതിക്കുന്ന നെപ്പോളിയെ അവരുടെ തട്ടകത്തില്‍ തളച്ചാണ് മിലാന് മുന്നേറിയത്. ആദ്യ പാദത്തില്‍ സ്വന്തം മൈതാനത്തെ 1-0 ജയത്തിന്റെ മികവില്‍ ആകെ 2-1 ജയത്തോടെ മിലാന് സെമി ഉറപ്പിച്ചു.
ഒരു ഗോള്‍ ലീഡ് പ്രതിരോധിക്കാനുറച്ചാണ് മിലാന് പന്തുതട്ടിയത്. അതിനിടെ, 22-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി മിലാന് നഷ്ടം. റാഫേല്‍ ലിയാവൊയെ മരിയൊ റൂയി ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റി ഒലിവര്‍ ഗിറൗഡിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഗിറൗഡിന്റെ ഷോട്ട് നെപ്പോളി ഗോ
ള്‍കീപ്പര്‍ അലെക്സ് മെറെറ്റ് തടഞ്ഞിട്ടു. എന്നാല്‍, ആദ്യ പകുതി അവസാനിക്കാന്‍ രണ്ട് മിനിറ്റ് ശേഷിക്കെ ജിറൗഡ് പ്രായശ്ചിത്തം ചെയ്തു. ലിയാവൊ നല്കിയ പന്ത് ക്ലോസ് റേഞ്ചില്‍ നിന്ന് ജിറൗഡ് വലയിലെത്തിച്ചു.
മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശക്തമായി പൊരുതിയ നെപ്പോളിക്ക് 82-ാം മിനിറ്റില്‍ അതിന് അവസരം ലഭിച്ചു. ബോക്സില്‍ ഫികൊയെ ടൊമോറിയുടെ കൈയില്‍ പന്ത് തട്ടിയതിന് ലഭിച്ച പെനല്‍റ്റി ക്വിച ഖവാരറ്റ്സ്ഖെയ്ലയ്ക്ക് ഗോളാക്കാനായില്ല. മിലാന് ഗോളി മൈക് മെയ്ഗ്നന് പന്ത് തട്ടിയകറ്റി. ഇഞ്ചുറി ടൈമില്‍ വിക്ടര്‍ ഒസിംഹെന്നിലൂടെ നെപ്പോളി സമനില പിടിച്ചെങ്കിലും അപ്പോഴേക്കും വൈകിയിരുന്നു. ഗോള്‍ വന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ലോങ് വിസില്‍. ഇന്റര്‍ മിലാന്-ബെനഫിക്ക മത്സരവിജയികളാണ് സെമിയില്‍ മിലാന്റെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: